Tuesday, April 29, 2008

മഞ്ഞുള്ള നാട്ടിലെ റോസാ ചെടികള്‍

മഞ്ഞിന്‍ കെടുതികള്‍ മാറി മെല്ലെ

കുഞ്ഞു പനിനീര്‍ ചെടികള്‍ മൊത്തം

കുഞ്ഞീ തളിരില പൊട്ടി വന്നു

മഞ്ഞിനെ തോല്‍പ്പിച്ച തൃപ്തിയോടെ

കൊച്ചു തളിരിപ്പോള്‍ ചോപ്പ് നിറം

പച്ചയായ് തീരാന്‍ കൊതിച്ചു നില്‍പ്പു

ഇച്ഛയാണങ്ങിനെ നോക്കി നില്ക്കാന്‍

കൊച്ചു കുഞ്ഞുങ്ങളെ എന്നപോലെ

മന്ദമായ് മാരുതന്‍ വീശിയപ്പോള്‍

മന്ദമായ് ചില്ലകള്‍ ചാഞ്ഞുലഞ്ഞു

സുന്ദരമായൊരു നൃത്തം പോലെ

വൃന്ദാവനത്തില്‍ കുരുത്തപോലെ

പാറി പറൊന്നൊരു കൊച്ചു പക്ഷി

കേറിയിരുന്നൊരു കൊച്ചു കൊമ്പില്‍

ഏറിയ ഭാരം കൊണ്ടായിരിക്കാം

ഏറെ കീഴോട്ടത് ചാഞ്ഞുലഞ്ഞു

ഇല്ലെനിക്കൊട്ടേറെ ശക്തിയിപ്പോള്‍

ചില്ലകള്‍ പച്ചയിലകള്‍ പൂക്കള്‍

നല്ലപോല്‍ വന്നു നിറഞ്ഞ ശേഷം

എല്ലാവരേയും ഞാന്‍ ആദരിക്കാം

ഉണ്ടായോരിത്തിരി ചില്ല മെല്ലെ

കണ്ടാലഴകുള്ള പുഷ്പമേറെ

തെണ്ടി രുചിച്ചു രസിച്ചു പാറും

വണ്ടുകള്‍ ചുംബിച്ചു തേന്‍ കുടിക്കും

ആരെന്റടുത്തു വന്നെത്തിയാലും

സൌരഭ്യം കൊണ്ടു മയക്കി നിര്‍ത്തും

ആരെങ്കിലും ചിലര്‍ നുള്ളിയെന്നെ

കോരിയെടുത്തങ്ങു നിശ്വസിക്കും

സന്തോഷ വേളക്ക് മാറ്റ് കൂട്ടാന്‍

ചന്തത്തില്‍ ബൊക്കെ ചമഞ്ഞെടുക്കും

സന്താപമാണേലും ചിന്ത വേണ്ട

ചന്തമായ് റീത്തു ചമഞ്ഞെടുക്കാം

ദേവന്റെ കണ്ഠത്തില്‍ മാല്യമാകാം

ദേവന്റെ പാദത്തില്‍ പൂജാപുഷ്പം

വീണ്ടുംഞാന്‍ മഞ്ഞില്‍ അകപ്പെടുമ്പോള്‍

ചാവാതെ രക്ഷിച്ചനുഗ്രഹിക്കു

No comments: