Wednesday, May 14, 2008

ചെണ്ട

എല്ലാ പൊതുവാള്‍ സമാജം അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ നവ വല്‍സരാസംസകള്‍. ഞാന്‍ ചെണ്ട . നവീന രീതിക്കനുസരിച്ച് എന്റെ പേര്‍ രണ്ടക്ഷരത്തില്‍ തന്നെ ഒതുങ്ങുന്നു നിങ്ങള്‍ക്കേവര്‍ക്കും മാരാര്‍ സമുദായത്തിലേവര്‍ക്കും സുപരിചിതവും അനിവാര്യവും ആയ ചെണ്ട . ഇപ്പോള്‍ മറ്റു സമുദായക്കാരും എന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ എന്നെ പൂര്‍ണമായും ഒഴിവാക്കില്ല എന്ന് കരുതുന്നു . ക്ഷേത്ര വാദ്യങ്ങളില്‍ എനിക്കുള്ള പ്രാധാന്യം അത്രയ്ക്ക് സ്തുത്യര്‍ഹമല്ലേ . അതുകൊണ്ട് തന്നെ എന്നെ പേറിയും സഹിച്ചും ഉപജീവിത മാര്‍ഗം തേടുകയും സമ്പാദിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പുതുവര്‍ഷ ആശംസകള്‍.

കര്‍ക്കിടക സുഖ ചികില്‍സയും അവശ്യം സാധകവും കഴിഞ്ഞു ക്ഷേത്രോല്സവങ്ങളുടെ പരംപരയും കാത്തിരിക്കുമ്പോള്‍ എന്റെ ശാരീരിക കെമിസ്ട്രിയെ കുറിച്ചു നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ . എന്റെ ഓരോരോ അവയവങ്ങള്‍ക്കും അവരുടേതായ എന്തെല്ലാമോ പറയാനുണ്ട് . അത് കേള്‍ക്കണ്ടേ.

ഞാന്‍ കുറ്റി . ചെണ്ട കുറ്റി. ചെണ്ടയുടെ സൈസും ഘനവും സവിശേഷതയും നിശ്ചയിക്കുന്നതില്‍ എന്റെ പങ്കു വളരെ വലുതാണ് . പൈപ്പുപോലിരിക്കുന്ന എന്റെ രണ്ടഗ്രവും വൃത്താകാരവും ഉള്ളു പൊള്ളയും ആണ് . വായു സഞ്ചാരം യഥേഷ്ടം . നഗ്നമായിരിക്കുമ്പോള്‍ എന്നെ ആരും ഒന്നു നോക്കും. പക്ഷെ എന്നെ അധികം നേരം അങ്ങിനെ ഇരിക്കാന്‍ അനുവദിക്കാറില്ല . അപ്പോഴേക്കും രണ്ടു തലക്കിലും ഓരോരോ വട്ടം വെച്ചു കെട്ടും. വായു സഞ്ചാരം തീരെ നില്ക്കും . എന്നാലും ഞാന്‍ രണ്ടു വശത്തിനും നാദം നല്കും. എത്ര മുറുക്കി കെട്ടുന്നുവോ അത്ര നല്ല ശബ്ദം നല്കും. വല്ലാതെ പരിധി കടന്നാല്‍ ശബ്ദം അടയും. എന്നാലും പരാതിയില്ലാതെ നാദം നല്കും , അതെന്റെ ധര്‍മവും കര്‍മവും ആണല്ലോ. ചെണ്ട വലിക്കുമ്പോള്‍ വട്ടം തൊട്ടു തലയില്‍ വെച്ചു വന്ദിക്കുന്നത് കാണാം . ചവിട്ടു എനിക്കും കയറിനും . വന്ദനം വട്ടത്തിനും . ഇതില്‍ ഒരു അപാകതയില്ലേ ? വല്ലപ്പോഴും കയറിന്നിടയിലൂടെ കയ്യിട്ടു ഒന്നു തുടച്ചാല്‍ എന്റെ നിറം മങ്ങാതിരിക്കില്ലേ ? എന്താണാവോ അതിനിത്ര മടി .

ചെണ്ടയുടെ അവയവങ്ങളില്‍ വണ്ണത്തിനു കുറ്റി കേമനെങ്ങില്‍, നീളത്തിനു ഞാനാണ്‌ ശ്രേഷ്ടന്‍ . ഞാന്‍ കയര്‍. ഞാനില്ലയാതെ ഒന്നിനും പറ്റില്ല . കുറ്റിയുടെ മുഖം മൂടിയായ രണ്ടു വട്ടങ്ങളെയും ബന്ധിച്ചു നിര്‍ത്തുന്ന ചുമതല എന്റേതല്ലേ . ഒരു വരണ മാല്യം പോലെ . ഒരിക്കല്‍ ബന്ധിച്ചാല്‍ പിന്നെ വേര്‍പെടുന്ന പ്രശ്നമില്ല. ഇപ്പോള്‍ പണ്ടത്തെ പോലെയല്ല . എന്റെ രണ്ടറ്റത്തും ഇരട്ട പെറ്റ രണ്ടു വട്ടകണ്ണി ഇട്ടാണ് കെട്ടല്‍ . ഈ കണ്ണികള്‍ സ്നേഹിച്ചടുത്തെത്തുമ്പോള്‍ വീണ്ടും അകറ്റുക . കഷ്ടമല്ലേ . പിന്നെയോ കമ്പി ഇട്ടല്ലേ ഇപ്പോഴത്തെ വലി . വലിച്ചു വലിച്ചു എന്റെ നീളവും കൂടും. കാരണം ഞാനിപ്പോള്‍ പ്ലാസ്റ്റിക് കയറാ . ബലംകൊണ്ടു പൊട്ടാനും മേലാ. എന്തിനാ എന്റെ മേല്‍ ഓരോരോ കുടുക്ക് . ഇടിക്കിടെ മേല്പോട്ടും കീഴ്പോട്ടും ഉള്ള ആ വലി . തികച്ചും പരുക്കന്‍ തന്നെ . ഞാന്‍ എല്ലാം സഹിക്കും കേട്ടോ . ഒരു പരിധി വരെ . എനിക്ക് ഒരപേക്ഷകൂടി ഉണ്ടുകെട്ടോ , ആറു മാസത്തില്‍ ഒരിക്കലെങ്കിലും ഒന്നു കുളിപ്പിച്ചാല്‍ കൊള്ളാം . ഞാന്‍ സുന്ദരിയയാല്‍ ചെണ്ടക്ക് ഭംഗികൂടും.

അടുത്തതായി ഞങ്ങള്‍ രണ്ടു വട്ടങ്ങളുടെ കാര്യമൊന്നു നോക്കാം . വലംതല - എടംതല . സാധാരണയായി ചെണ്ട എടുത്തു കിടത്തി തൂക്കിയിട്ടാല്‍ വലതു കൈ ഭാഗത്തേക്ക് വരുന്നതു വലംതല . ഇടത്തു ഭാഗത്തേക്ക്‌ എടംതല . പക്ഷെ ഞങ്ങള്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ട്‌ . വലംതലയുടെ നിറം മിക്കതും കറുപ്പോ, ഇളം ചുകപ്പോ,തവിട്ടു നിറമോ , മിശ്റിതമോ ആയിരിക്കും . നടുക്കു അടികൊണ്ടു അടികൊണ്ടു ഒരു വെളുത്ത വൃത്താകാരം കാണാം. ഒരു ചന്ദന പൊട്ടു തൊട്ടപോലെ . അതിഗാംഭിര്യമുള്ള ശബ്ദം. പക്ഷെ എടംതല അങ്ങിനെയല്ല . ഗോതമ്പിന്റെയോ അതിനോട് സാമ്യമുള്ളതോ സാമാന്യം വെളുത്തതോ ആയ വര്‍ണം. മണി മണി പോലത്തെ ധ്വനി . ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇവളെയാണ്. ഞങ്ങളെ കണ്ടാല്‍ അമേരിക്കന്‍ സ്ത്രീയെ ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ വേളി ചെയ്തപോലെ തോന്നും . അതുകൊണ്ടുതന്നെ എടംതലക്ക് അഹംകാരവും കൂടും . അതെങ്ങനാ മേളമായാലും തായംപകയായാലും അവര്‍ക്കല്ലേ മുന്‍നിര . ജനങ്ങള്‍ വീക്ഷിക്കുന്നതും അവരെയല്ലേ . വലംതലക്കാര്‍ക്ക് എപ്പോഴും പിന്‍പന്തി. ഇലത്താളത്തിന്റെ ചെവി തുളക്കുന്ന ശബ്ദത്തിനിടയില്‍ . ഞങ്ങളുടെ മനസ്സില്‍ എപ്പോഴും പല ചോദ്യങ്ങളും ഉയര്‍ന്നു വരാറുണ്ട് . എല്ലാറ്റിനും , തയംപകയോ മേളമോ എന്തായാലും , തുടക്കം കുറിക്കുന്നത് ഞങ്ങളല്ലേ. താളവട്ടത്തില്‍ പിടിച്ചു നിര്‍ത്തുന്നത് ഞങ്ങളല്ലേ . ഹരം മൂക്കുമ്പോള്‍ അമരം ഞങ്ങളല്ലേ. പിന്നെ എന്തിനാണ് എടംതലക്ക് സൌന്ദര്യത്തിന്റെയും ശബ്ദ മാധുര്യത്തിന്റെയും ആഹന്ത . ഞങ്ങളില്ലത്ത മേളത്തേയോ തായംപകയെയോ ഒന്നോര്‍ത്തു നോക്കു വിവരം മനസ്സിലാകും .


അതുപോലെതന്നെ ഞങ്ങള്‍ വലംതലക്കാര്‍ക്ക് മനസ്സിലാവാത്ത ചില സംഗതികള്‍ ഉണ്ട് . തണുപ്പുകാലത്തോ മഴക്കാലത്തോ ചെണ്ട വെയിലത്തു വെക്കുമ്പോള്‍ എപ്പോഴും എടംതലക്കാണ് സുര്യപ്രകാശം. എന്താ ഞങ്ങള്‍ക്ക് ചൂടു പറ്റില്ലേ ? കയറു വലിക്കുമ്പോള്‍ ഞങ്ങളുടെ മുഖം നിലത്തെക്കോ പായയിലെക്കോ അമര്‍ത്തി വെച്ചു അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്നു , തിരിച്ചായാലെന്താ ചെണ്ട മൂക്കില്ലേ ? ശബ്ദത്തിന്റെ മൂപ്പറിയാന്‍ എടംതലയില്‍ മാത്രം കൊട്ടി നോക്കുന്നു . എന്താ വലിച്ചാല്‍ രണ്ടു ഭാഗവും മൂക്കില്ലേ ? എടംതലക്ക് ശബ്ദം കൂട്ടാന്‍ എന്തിനാ കുടുക്ക് വലിച്ചു ഞങ്ങളുടെ കഴുത്തില്‍ നിര്‍ത്തുന്നത് ? വലംതലക്ക് ശബ്ദം കൂട്ടാനും ഇതുതന്നെ സ്ഥിതി .

തോള്‍കച്ച കേട്ടുംപോഴും ആ കെട്ടിന്റെ മുഴ വലംതലക്ക് മുന്നില്‍ . തിരിച്ചയാല്‍ ചെണ്ട തൂങ്ങില്ലേ ? എടംതലക്ക് മനോഹരമായ കോലുപയോഗിക്കുംപോള്‍ ഞങ്ങള്‍ക്ക് ഘനം കൂടിയതായാലും മതി അല്ലെ ? എടംതലക്കും പരാതി ഇല്ലാതില്ല . വലംതലയെ തോണ്ണൂറു ശതമാനവും വലത്തേ കൈ കൊണ്ടു മാത്രം പേറുമ്പോള്‍ എന്നെ എന്തിനാ നൂറു ശതമാനവും രണ്ടു കൈകള്‍ ഉപയോഗിച്ചു വേദനിപ്പിക്കുന്നത് ? എന്തൊക്കെ വിരോധാഭാസംങ്ങളാ? ജീവിതമല്ലേ സഹിച്ചല്ലേ പറ്റു. ഞങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്ന കുറ്റിക്കും കയറിനും നമസ്കാരം .

ഇനി തോള്‍കച്ച , എന്റെ സഹായമില്ലാതെ വലംതലയിലോ എടംതലയിലോ ഒരു അഭ്യാസവും നടക്കില്ല . ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ല. ഞാന്‍ പൊട്ടിവീണ് ആരുടെയും കാല്‍ വേദനിച്ചതായ ചരിത്രമില്ല . എത്ര പേരുടെ വിയര്‍പ്പാണ് ഞാന്‍ മാറി മാറി രുചിച്ചിട്ടുള്ളത് എന്നറിയാമോ . എനിക്ക് ഇടക്കിടെ കുളിക്കണമെന്നുണ്ട്. പക്ഷെ കുളിപ്പിക്കേണ്ടേ? ഇപ്പോള്‍ സ്പ്രേ ആയാലും മതി എന്ന് തോന്നാറുണ്ട് . നല്ല വരകളുള്ള തുണി കഴുകി വൃത്തിയാക്കി തോല്കച്ചയാക്കി ഇട്ടാല്‍ എന്ത് മനോഹരമായിരിക്കും . ആ കെട്ടിന്റെ വക്കൊന്നു ഞൊറിഞ്ഞുകൂടി ഇട്ടാല്‍ ഉഗ്രനായി . നന്നെ ഘനം കുറഞ്ഞതാക്കല്ലേ എന്നുകൂടി അപേക്ഷിക്കട്ടെ.

ഞാനാണ്‌ കോല്‍ . ഒരു ചെണ്ടയില്‍ രണ്ടോ മൂന്നോ കോല്‍ ആവാം . വാദ്യ കലാകാരന്‍മാര്‍ തന്‍റെ നൈപുണ്യം കാണിക്കുന്ന മറ്റൊരു ഉപകരണമാണ് കോല്‍ . നല്ല തല വളഞ്ഞ മനോഹരമായ സാമാന്യം ഘനം കുറഞ്ഞ കോല്‍. ഇപ്പോള്‍ എന്നെ വെളുത്തതും, ഇളം റോസ് നിറത്തിലും , ചന്ദന നിറത്തിലും ഒക്കെ കാണം . ഞാന്‍ അവരുടെ കയ്യില്‍ കിടന്നു മറിയുന്നത് കണ്ടിട്ടുണ്ടോ , എന്താ രസം . എടംതലയോടാണ് എനിക്ക് സ്നേഹം കൂടുതല്‍ എന്ന് കിംവദന്തിയും ഉണ്ട് . എന്റെ പൊട്ടിയ ഭാഗത്ത് തോലോ ടേപ്പോ ഒട്ടിച്ചു വലംതലക്കും ഉപയോഗിക്കും . അതും കിംവദന്തിക്ക് വഴി നല്കുന്നു . കോച്ചാട കോലുപയോഗിച്ചു വലംതലയില്‍ പേറുന്നതില്‍ എനിക്കും പ്രതിഷേധമുണ്ട് കെട്ടോ . നല്ല പ്രാക്ററിസില്ലത്തവര്‍ രണ്ടു കൊലുംകൊണ്ട് കൊട്ടാന്‍ ശ്രമിച്ചു ഞങ്ങളെ തമ്മില്‍ അടിപ്പിക്കാറുണ്ട് , അത് വേണോ ?

ചെണ്ട . എടംതല ചെണ്ട, വലംതല ചെണ്ട, കുട്ടിചെണ്ട അങ്ങിനെ പലതും. ഞാന്‍ വലംതല ചെണ്ട എപ്പോഴും വിചാരിക്കും , എന്റെ വമാഭാഗത്തെ ആര്‍ക്കും വേണ്ടാത്തതെന്താ. എങ്കിലും പാണിക്കും, ശീവേലിക്കും, സന്ധ്യവേലക്കും , എഴുന്നള്ളത്തിനും ഒക്കെ ഞാനാണു മുമ്പില്‍ . അതാണ് സമാധാനം . എടംതലയും ചിന്തിക്കാറുണ്ട്. ഇപ്പൊ പണ്ടത്തെ പോലെയല്ല . ആശാന്മാര്‍ വലംതലക്ക് അധികം കൊട്ടറില്ല. തനിക്കതില്‍ പരിഭവം ഇല്ലാതില്ല . അവരിപ്പോള്‍ എന്നെ എങ്ങോട്ടും ചുമക്കാറില്ല. അരങ്ങത്ത് പ്രാഗല്‍ഭ്യം കാണിക്കാന്‍ മാത്രം എന്നെ ഉപയോഗിക്കുന്നു . സ്ഥലത്തെത്തിക്കാനും കൊണ്ടുപോകാനും വരെ സിംകിടിമാരാ . ബസ്സിലെ കിളിപോലെ . മുമ്പത്തെ പോലെ എന്നെ വലിച്ചു മൂപ്പിക്കാനൊന്നും അവര്‍ വരില്ല. ഒക്കെ കിളി . ഇപ്പൊ മുമ്പത്തെ പോലെ ബസ്സില്‍ മിക്കതും പോകേണ്ടി വരാറില്ല . കാറിലും മോട്ടോര്‍ സയ്ക്കിളിലും ആണ് കൂടുതലും . ഭാഗ്യം . മാത്രമോ - ഞങ്ങളില്‍ ചിലര്‍ക്കു ഇപ്പോള്‍ ചാക്കുവിരി അല്ല കെട്ടോ . റക്സിന്റെ ചൈനുള്ള കവറാ. മഴയെ പേടിക്കേണ്ട . ഉള്ളില്‍ ചെണ്ടയാണെന്ന് അറിയുക പോലുമില്ല . എന്തായാലും വിവിധ ക്ഷേത്ര സന്നിധിയില്‍ ചെന്നു വിലസാന്‍ പറ്റുന്നുണ്ടല്ലോ. അത് മതി . ദൈവമേ നന്ദി .

ഞങ്ങള്‍ ചെണ്ടകളുടെ മനസ്സിലും ഒരു മോഹം പുകയുന്നു . ഒരു പുരസ്കാരവും കിട്ടുന്നില്ലല്ലോ എന്ന് . ഞങ്ങളെ ഉപയോഗിക്കുന്ന പലരേയും പൊന്നാട അണിയിക്കുന്നു . പലര്‍ക്കും മെഡലും ലോക്കറ്റും കിട്ടുന്നു . നോട്ടുമാല അണിയിക്കുന്നു . പിന്നെ എന്താ ഞങ്ങളെ ആരും ഗൌനിക്കാത്തത്. ഞങ്ങളിലും ചെറിയ വാദ്യോപകരണമായ ഇടക്കക്ക്പോലും പൊടിപ്പും ഭംഗിയും ഉണ്ട് . ഞങ്ങളുടെ ആശാന്മാര്‍ക്ക് പുരസ്കാരങ്ങളുണ്ട്. എന്തിനേറെ ക്ഷേത്രങ്ങളിലെ ശ്രേഷ്ഠമായ ആനക്ക് വരെ കഴുത്തില്‍ ചങ്ങലയുണ്ട് . ഞങ്ങള്‍ ചെണ്ടകള്‍ക്കും ഒരു മത്സരം ആയിക്കുടെ ? ആകാര ഭംഗി മത്സരം , വലംതല ധ്വനി മത്സരം, എടംതല ശ്രുതി മത്സരം, ഏറ്റവും കൂടുതല്‍ പരിപാടിയില്‍ പങ്കെടുത്ത ചെണ്ട, ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാങ്ങികൊടുത്ത ചെണ്ട അങ്ങിനെ പലതും . ഞങ്ങള്‍ ചെണ്ടകള്‍ പല സ്ഥലത്തും കൂട്ടംകൂട്ടമായ് ഒരുമിക്കാറുമുണ്ട്. മല്സരത്തിനുവേണ്ട വേദി ഒരുക്കുകയെ വേണ്ടു . പുരസ്കാരത്തിനര്‍ഹനായാല്‍ അതി മനോഹരമായ ഒരു തോല്കച്ചയോ , അതിടുന്ന വട്ട കയറില്‍ നയനാനന്ദകരമായ അഞ്ചാറ് പോടിപ്പോ , പുരസ്കാര ലിഖിതത്തോടുകൂടിയ ഒരു പൊന്നാട ചുറ്റിയോ ഞങ്ങളെ ആദരിച്ചൂടെ ? ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ . നവവല്സരത്തില്‍ എന്തെങ്കിലും നടക്കുമോ എന്നറിയില്ല . ഏതായാലും ഒരിക്കല്‍ കൂടി പുതുവല്‍സരാശംസകള്‍. സ്നേഹപൂര്‍വ്വം ചെണ്ട .


No comments: