Thursday, November 15, 2012

സിഡ്നിയില്‍ ഒരു ശ്രാദ്ധം


ശ്രാദ്ധം. വര്‍ഷത്തിലൊരിക്കല്‍ നാം ചെയ്യേണ്ടുന്ന അമൂല്യമായ ഒരു വിധി അഥവാ ചടങ്ങ്. കൊല്ലത്തിലൊരിക്കല്‍ നമ്മുടെ പിതൃക്കളെ സ്മരിക്കാനും
ആദരിക്കാനും ലഭിക്കുന്ന ഒരു അവസരം. അതു നിസ്സാരമാക്കാനൊക്കുമോ?
ഇല്ല്യല്ലോ. അതുകൊണ്ടു തന്നെ നാം അതിനെ വേണ്ടപോലെ ചെയ്യുന്നു.
പിതൃക്കളുടെ ആത്മാവിനു ശാന്തി കിട്ടുന്നു എന്നു വിശ്വസിക്കുന്നു, അങ്ങിനെ നമുക്കും ശാന്തിയും സമാധാനവും കൈവരുന്നു. അടുത്ത ഒരു വര്‍ഷം വരെ സമാധാനം. അതാണല്ലോ നമ്മുടെ ഒരു രീതി.  ഞാനും അതില്‍ നിന്നു വ്യത്യസ്ഥമല്ല.  എന്താണെന്നോ പറയാം. കേട്ടോളു.

എന്‍റെ അമ്മ വിട പറഞ്ഞിട്ടു ഇപ്പൊ പത്തു വര്‍ഷമാവുന്നു. അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത് നര്‍മ്മദാ നദീ തീരത്തായിരുന്നു. അന്നു പിണ്ഡ ചോറുരുളകള്‍ നദിയില്‍ ഒഴിക്കി മത്സ്യങ്ങള്‍ക്കു നല്‍കുകയായിരുന്നു. നാട്ടിലെ പോലെ കാക്കകള്‍ക്കു നല്‍കുന്ന രീതിയായിരുന്നില്ല അന്നു ഉണ്ടായത്. പവിത്ര നദിയായ നര്‍മ്മദയിലെ മീനുകള്‍ക്കായിരുന്നു ആ ഭാഗ്യം അധവാ അവകാശം.

അമ്മ മരിച്ചിട്ട് ഇപ്പോള്‍ പത്തു വര്‍ഷമാകുന്നു.  കഴിഞ്ഞ ഒമ്പതു ശ്രദ്ധവും വളരെ നല്ല രീതിയില്‍ തന്നെ നടത്തി പോന്നു. അതില്‍ എട്ടു വര്‍ഷവും അത് നര്‍മ്മദാ തീരത്തു തന്നെ ആയിരുന്നു. മുമ്പു പറഞ്ഞപോലെ. പിന്നെ ഒരു വര്‍ഷം കരിമ്പുഴ കുന്തി പുഴയിലും. അങ്ങിനെ പുഴ മീനുകള്‍ക്ക് ആയിരുന്നു ബലിച്ചോറിനു ഭാഗ്യവും അവകാശവും. സത്യത്തില്‍ അതു കാക്കക്കു കൊടുക്കുക എന്നതാണ് നമ്മുടെ രീതി.  മറുനാടന്‍ മലയാളീ എന്ന കാഴ്ചപ്പാടില്‍ സൗകര്യം സന്തോഷം. അത്ര തന്നെ. 

ഇത്തവണ ഞാന്‍ സിഡ്നിയിലായിരുന്നു. 2012 നവംബര്‍ ആറിനു ശ്രാദ്ധം. ഇവിടെ നദി ഒരു പാടു ദൂരെയായതിനാല്‍ കാക്കക്കു തന്നെ കൊടുക്കാം. അമ്മക്കു തൃപ്തി കുറവൊന്നും വേണ്ടല്ലൊ. ഇവിടുത്തെ പരിസര നിരീക്ഷണത്തില്‍ കാക്കകള്‍ ധാരാളം ഉണ്ടെന്നു മനസ്സിലായി.കാണാറുമുണ്ട്. പക്ഷെ അതിലും ഉണ്ടൊരു പ്രത്യേകത. സാധാരണ കാക്ക ഒരു മുഴുവന്‍ കറപ്പു പക്ഷിയാണല്ലോ. ഇന്ത്യയില്‍ നാം അങ്ങിനെയല്ലേ കാണാറ്. കാക്ക കറുമ്പന്‍ കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി എന്നീ പ്രയോഗങ്ങളും സുപരിചിതമാണല്ലോ. പക്ഷെ ഇവിടുത്തെ കാക്കകള്‍ ദ്വിവര്‍ണ്ണമുള്ള പക്ഷികളാണ്. കറുപ്പിനോടൊപ്പം ദേഹത്തു വെളുത്ത പാണ്ടും ചൂട്ടും ഒക്കെ കാണാം.

ഇവിടെ കാക്കകള്‍ ഉണ്ടെന്നെതായാലും ഉറപ്പായി. പക്ഷെ അവ വേണ്ടപ്പോള്‍ കാണുമോ, വരുമോ, ബലിച്ചോറുണ്ണുമോ, എന്നൊന്നും  അറിയില്ല.  ഏതായാലും കാക്കകള്‍ ചുറ്റി കറങ്ങുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കുക തന്നെ.  ചിലപ്പോള്‍ ഞങ്ങളുടെ വീടിന്‍റെ പരിസരങ്ങളില്‍ തന്നെ കാണാറുണ്ട്. അതും കാലത്തു തന്നെ.  ഈ കാക്കകള്‍ വേണ്ട ദിവിസം വരുമോ എന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ ഞങ്ങള്‍ നടക്കാന്‍ പോകുന്ന പല സ്ഥലങ്ങളിലും നിരീക്ഷണം തുടര്‍ന്നു. അങ്ങിനെ കാക്കകളുടെ ഒരു സമ്മേളന സ്ഥലം മനസ്സിലാക്കി. അവിടെ എന്നും രാവിലെ ധാരാളം കാക്കകള്‍ പറക്കുന്നതും ഇരകള്‍ കൊത്തുന്നതും കാണാം.  സമാധാനമായി. വീട്ടില്‍ വന്നില്ലെങ്കില്‍ അവിടെ, അത്രതന്നെ.

അങ്ങിനെ നവംബര്‍ ആറാം തിയ്യതിയായി.  കാലത്തു തന്നെ കുളിച്ചു ശുദ്ധമായി കവ്യം ഉണ്ടാക്കി. അതിനെ ഉരുളയാക്കി അതില്‍ വെള്ളം

                - 2 -

തളിച്ചു കറുത്ത എള്ളും പൂവും ഇട്ടു അമ്മക്കു സമര്‍പ്പിക്കുന്നതായി സങ്കല്‍പ്പിച്ചു പഞ്ചാക്ഷരം ജപിച്ച് ഒരു ഒരുള വീട്ടിന്‍റെ പരിസരത്തു തന്നെ വെച്ചു.  കൈ കൊട്ടി കാക്കയെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍
ഒരു കാക്ക കുഞ്ഞു വന്ന്‌ ഒന്നു ചുറ്റി കറങ്ങി തിരിച്ചു പോയി. തനിക്കു ബലിച്ചോര്‍ കൊത്താന്‍ പ്രായമായിട്ടില്ലാ എന്നു കരുതിയാണോ മടങ്ങിയത്. അതോ അര്‍ഹതയുള്ള കാക്ക ആദ്യം വന്നു ഭുജിക്കട്ടെ പിന്നെ നോക്കാം എന്നു കരുതിയാണോ എന്തോ, കൊച്ചു കാക്ക സ്ഥലം വിട്ടു. അത്ര തന്നെ.

വീട്ടു വളപ്പില്‍ കാക്ക കൊത്തിയില്ലെങ്കിലോ എന്നു കരുതി, വേറെയും മൂന്ന് ഉരുളകള്‍ ഉണ്ടാക്കിയിരുന്നു. മുന്‍പു പറഞ്ഞപോലെ കറുത്ത എള്ളും, പൂവും വെള്ളവും ഒക്കെയിട്ടു മുറപോലെ.  അവ എടുത്ത്‌ കാക്കകളുടെ സമ്മേളന സ്ഥലത്തേക്കു തന്നെ പോകാന്‍ തീരുമാനിച്ചു. അല്‍പ്പം ദൂരമുണ്ട്‌. ഉരുളകളുമായി നടക്കുമ്പോള്‍ തലക്കു മേലെ ഒരു കാക്ക പറന്നു ഒരു വീടിന്‍റെ മുകളിലിരിക്കുന്നതു കണ്ടു. ഒരു പക്ഷെ എന്‍റെ കയ്യിലെ ചോറുരുളയുടെ അവകാശിയാണോ എന്തോ.  ഏതായാലും മൂന്നില്‍ നിന്നു ഒരു ഉരുള അതിനു കൊടുക്കാം എന്നു കരുതി താഴെ പുല്‍ത്തകിടിയില്‍ വെച്ചു. തിന്നുന്ന മട്ടൊന്നും കണ്ടില്ല. നിമിഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവിടം വിട്ടു. പതിവു സമ്മേളന സ്ഥലത്തേക്ക്. അവിടെ കാക്കകള്‍ മൂന്നു നാലെണ്ണം മണ്ണില്‍ കൊത്തി കൊത്തി നടക്കുന്നു.. കൊള്ളാം. ഇവയില്‍ ഏതെങ്കിലും ഭുജിക്കാതിരിക്കില്ല. ശുഭാപതി വിശ്വാസത്തോടെ ബാക്കിയുള്ള രണ്ടുരുള ഭവ്യതയോടെ അമ്മയെ ഓര്‍ത്ത്‌
താഴെ പുല്‍ത്തകിടിയില്‍ കണ്ണെത്തും ദൂരെ തന്നെ വെച്ച് മാറി നിന്നു..
അധികം താമസിയാതെ അടുത്തുണ്ടായിരുന്ന ഒരു കാക്ക അടുത്തിരുന്ന് ഒന്ന് വീക്ഷിച്ചു. നാലു ഭാഗവും നോക്കി, ഞാന്‍ വിചാരിച്ചു സംഗതി ഏറ്റു എന്ന്. പക്ഷെ പ്രതീക്ഷക്ക് വിപരീതമായി അത് അതിന്‍റെ പാട്ടിനു പറന്നു പോയി. ഉടനെ തന്നെ അടുത്തുള്ളവരില്‍ മറ്റേതെങ്കിലും വരും എന്നു കരുതി നോക്കി നിന്നു, ഗുണമൊന്നും കാണാനില്ല. അഞ്ചു പത്തു നിമിഷം അങ്ങും ഇങ്ങും മാറി നിന്നു നോക്കി. രക്ഷയില്ല, കൊത്തുന്നെങ്കില്‍ കൊത്തട്ടെ എന്നു കരുതി ഞങ്ങള്‍ അവിടം വിട്ടു.

പോകും വഴി മനസ്സില്‍ പല ചിന്തകളും ഉയര്‍ന്നു.  എന്താണ്‌ ഇങ്ങിനെ? ഒമ്പതു വര്‍ഷമായി ഞങ്ങള്‍ക്കു തരാതെ ഇപ്പൊ എന്താ എന്നാണോ കാക്കയുടെ വിചാരം. അതോ അവകാശി കാക്ക വരട്ടെ എന്നു കരുതിയാണോ? എന്തോ? അറിയില്ല,  കറുപ്പില്‍ വെള്ള   നിറമുള്ള കാക്കകള്‍ക്ക് വെളുത്ത ഉരുളയില്‍ കറുത്ത എള്ള് ഇട്ടതു കണ്ടു പിടിക്കാഞ്ഞാണോ? തന്നെ കളിയാക്കുകയാണെന്ന് തോന്നിയിട്ടാണോ, എന്തോ. പൊതുവേ കാക്കകള്‍ മാംസ ഭുക്കാണല്ലോ. ഇവിടെ അവര്‍ക്കു കൂടുതലും കിട്ടുന്നതും അതിന്‍റെ അവശിഷ്ടങ്ങളാവുമല്ലോ, അപ്പൊ പിന്നെ ചോറിഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ പഴിക്കാനാമോ? ബര്‍ഗറിന്‍റെയോ, പിസ്സയുടെയോ, മട്ടന്‍റെയോ, ചിക്കന്‍ ബിരിയാണിയുടെയോ മറ്റും അവശിഷ്ടമൊന്നുമല്ലല്ലോ, കണ്ടതും ഭക്ഷിക്കാന്‍. സൌകര്യാര്‍ത്ഥം കഴിക്കാം എന്നാണോ? എന്തെങ്കിലുമാവട്ടെ. ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി.  

പിറ്റേന്ന് കാലത്തു അതു വഴി നടക്കാന്‍ ഇറങ്ങിയപ്പോള്‍ സംഭവ വികാസങ്ങള്‍ വല്ലതും ഉണ്ടോ എന്നു ശ്രദ്ധിക്കതിരുന്നില്ല. ആദ്യം വഴിക്കു വെച്ച ഒറ്റ ഉരുള അവിടെ തന്നെയുണ്ട്. എന്തു ചെയ്യാം. പോട്ടെ. തുടര്‍ന്നു നടന്നു. ശ്രദ്ധിച്ചു. സമ്മേളന സ്ഥലത്തെ രണ്ടു ഉരുളയും കാണാനില്ല.
                                                                -3-

ഓര്‍ത്തു. തീര്‍ച്ചയായും അവ കാക്ക ഭക്ഷിച്ചത് തന്നെ. എത്ര നേരം കണ്ടില്ലെന്നു നടിക്കും. ആത്മാര്‍ത്ഥതയോടെ തന്നതല്ലേ. നിരസിക്കാനാമോ?
അതു കാക്ക ഭക്ഷിച്ഛതുതന്നെ. മനസ്സില്‍ ഒന്നു കൂടി ഉറപ്പിച്ചു. അപ്പോള്‍ എനിക്കു സമാധാനമായി. ഒരു പക്ഷെ അമ്മക്കും.  ശുഭാപ്തി വിശ്വാസം രക്ഷിക്കട്ടെ.



Sunday, August 19, 2012

കര്‍ക്കിടകം കര്‍ക്കശം

കര്‍ക്കിടം വരുന്നേരം സംക്രാന്തി ദിനം തന്നെ
വര്‍ക്കത്തായ്  വൃത്തിയാക്കി ചേട്ടകള്‍ കളയുന്നു
അര്‍ക്കനുദിച്ചങ്ങു കര്‍ക്കിടാരംഭം പൂണ്ടാല്‍
ഓര്‍ക്കുന്നു തരുണികള്‍ ദശപുഷ്പങ്ങള്‍ ചൂടാന്‍

പത്തുനാള്‍ അനുദിനം ഭക്ഷണ ക്രമത്തോടെ
പത്തില കറികളും ഭുജിപ്പൂ ജാഗ്രതയോടെ
മൊത്തത്തില്‍ ചിട്ടയായി  ആ ദരിച്ചീടുന്നേരം
ചിത്തത്തില്‍ ഭവ്യതയങ്ങൂറാതിരിക്കുമോ

രാമായണ മാസം നാമവും നല്‍കീ പിന്നെ
പാരായണം ചെയ്‌വൂ   നിത്യവും രാമായണം
ശ്രീരാമ നാമം ചൊല്ലി നാലമ്പലങ്ങള്‍ ചുറ്റി
വരുന്നൂ ഭക്തര്‍ ചിലര്‍ ചാരിതാര്‍ത്ഥ്യത്തോടെ

ഔഷധ കഞ്ഞിയും സൌഖ്യ ചികിത്സയുമാകാം
ഉഷാറാക്കാം ദേഹം ആരോഗ്യം ആര്‍ജിച്ചീടാം
ദോഷമില്ലതിനൊന്നും, കര്‍ക്കിടം അത്യുത്തമം
ദോഷചിന്തകളില്ലാ വേണ്ടാ മറ്റൊരു മാസം

ഔഷധ കഞ്ഞിയിപ്പോള്‍ കര്‍ക്കിട കഞ്ഞിയായി
ദോഷമില്ലാതെന്നും സേവിക്കാം എന്നാകിലും
 വര്‍ഷിക്കും പേമാരിയെ സ്വാഗതം ചെയ്യുന്നതും
ഔഷധം സേവിക്കുവാന്‍ അത്യുത്തമമത്രേ

ഗജവീരന്മാര്‍ക്കിപ്പോള്‍ വിശ്രമം നല്‍കുന്നേരം
ഊര്‍ജ്ജത്തെ നല്‍കും വണ്ണം ഔഷധമേകീടുന്നു
ആര്‍ജവത്തോടെ കാണും കര്‍ക്കിട മാസത്തിലെ
ഉജ്ജ്വലമാക്കീടുന്നീ പ്രക്രിയ മനോഹരം

ഓര്‍ക്കുന്നു പിതൃക്കളെ തര്‍പ്പണം ചെയ്തീടുന്നു
കര്‍ക്കിട മാസത്തിലെ കറുത്ത വാവതു വന്നാല്‍
ഓര്‍ക്കുന്നില്ലതു നേരം,  വേണ്ടാ  കര്‍ക്കിടമാസം
ഓര്‍ക്കുവാന്‍  പി തൃക്കളെ, നല്ല പ്രക്രിയയല്ലേ

കള്ള കര്‍ക്കിടകം എന്നോതുന്നു എന്നാകിലും
ഉള്ളത്തിലില്ലാ ഭയം നിറ പുത്തിരി ചെയ്യാന്‍
കൊള്ളത്തില്ലീ മാസം നല്ല കാര്യങ്ങള്‍ക്കെന്നു
പൊള്ളയായൊരു ചിന്തയല്ലെന്നു ചൊല്ലീടാമോ

വാദ്യക്കാര്‍ ചിലരവര്‍ വിശ്രമത്തോടൊപ്പം തന്നെ
ഹൃദ്യമായരോഗ്യത്തിന്‍  ചികിത്സകള്‍ തേടുന്നില്ലേ
വാദ്യക്കാര്‍ ചിലരവര്‍ സാതകം ചെയ്തീടുന്നു
 വാദ്യ  വിദ്യയെ തേടി ശിഷ്യന്മരെത്തീടുന്നു

പഞ്ഞമുള്ലോര്‍ക്കെന്നും പഞ്ഞമാണെന്നാങ്കിലും
പഞ്ഞമെന്നോതുന്നത്രെ കര്‍ക്കിട മാസത്തിനെ
പഞ്ഞമാം കഞ്ഞിക്കെങ്കില്‍ കര്‍ക്കിട ഭേദമുണ്ടോ
പഞ്ഞമായ് താണ്ടുന്നവര്‍ ദ്വാദശ മാസങ്ങളും

കര്‍ക്കിട മാസത്തിനെ കര്‍ക്കശമാക്കുന്നെന്തേ
ഓര്‍ക്കുമ്പോള്‍ ആശ്ചര്യവും ദുഃഖവും തോന്നുന്നില്ലേ
ആര്‍ക്കുമില്ലിഷ്ടം തെല്ലും ശുഭ കാര്യങ്ങള്‍ ചെയ്യാന്‍
കര്‍ക്കിട ശേഷമാകാം എന്നൊരു ചൊല്ലു മാത്രം

നന്മകളേകീടുന്ന  കര്‍ക്കിടക മാസത്തിന്നു
ജന്മദോഷം കൊണ്ടാവാം നാമ ദോഷവും വന്നു
കന്മഷ പൂര്‍വ്വം ജനം ക്ഷമിച്ചോണ്ടിരിക്കവേ
നന്മയേറും ചിങ്ങ മാസത്തിന്‍  പുലരിയായ്‌

പുതു വര്‍ഷപുലരിയില്‍ ആഹ്ലാദമുയരുന്നു
പുതിയ സംരഭങ്ങള്‍ നാമ്പിട്ടു തുടങ്ങുന്നു
പുതിയ പ്രത്രീക്ഷകള്‍ സാഫല്യമേകീടുന്നു
പുതിതായ്‌ പല പല മോഹങ്ങളൂറീ ടുന്നു

പൊന്നോണവും തുടര്‍ന്നായില്യവും വന്നു
പിന്നീടു നവരാത്രി തുടര്‍ന്നു ദീപാവലി
വന്നു മണ്ഡലകാലം വഴിയെ തിരുവാതിര
പിന്നീടു സംക്രാന്തിയും  ശിവരാത്രിയും  വിഷു

ഉത്സാഹത്തോടെ വരും വിശേഷ ദിനങ്ങളും
ഉത്സവങ്ങളും പിന്നെ ആഘോഷങ്ങളുമെല്ലാം
മത്സര രഹിതരായ്‌ ജനം  നീട്ടുന്നു വിശേഷങ്ങള്‍
വാത്സല്യത്തോടെ വീണ്ടും കര്‍ക്കിടം വരുന്നേരം