Thursday, June 5, 2008

ദൈവമേ പാഹിമാം

ദാരിദ്ര രേഖക്ക് താഴെയുള്ള ഒരു ക്ഷേത്രം . അവിടെ ശംഖുനാദമോ, കൊട്ടോ , പാട്ടോ, ശീവേലിയോ , വലിയ ഗോപുരമോ , ഭണ്ഡാരം കവിഞ്ഞൊഴുകുന്ന ധനമോ ഇല്ല . അത്യാവശം ഓരോ വിളക്കും , മാലയും, പേരിനു നൈവേദ്യവും മാത്രം . നാമമാത്രം പൂജയും , വിരളം ഭക്തജനങ്ങളും . അവിടെ ഉത്സവങ്ങളില്ല, താലപ്പോലിയില്ല. പക്ഷെ ദൈവം ശക്തനും , ചൈതന്യവാനും ആണ് . ചുറ്റുപാടും ഉള്ളവര്‍ക്ക്‌ കാരുണ്യവാനും. അതുപോലെ തന്നെ അവിടെ ദര്‍ശിക്കുന്ന ആര്‍ക്കും. അവിചാരിതമായി നമ്മള്‍ അവിടെ എത്തുന്നു . മൂര്‍ത്തി ഏതാണെന്നുപോലും അറിയില്ല . ആ ദൈവത്തെ നാം എങ്ങിനെ പ്രാര്‍ത്ഥിക്കും. നമുക്കു നോക്കാം .

ശംഖധ്വനി നിത്യം കേള്‍ക്കാതുണരുന്ന

ദുഃഖമില്ലാത്ത ദൈവമേ പാഹിമാം

ശംഖാഭിഷേകം കേവലമെന്‍കിലും

സൌഖ്യമായ് വാഴും ദൈവമേ പാഹിമാം

നിത്യവും ഏക മാല്യമണിയുന്ന

സത്യമൂര്‍ത്തിയാം ദൈവമേ പാഹിമാം

നാമമാത്രമായ് ദീപം ലഭിക്കുന്ന

കോമളനേത്രനാം ദൈവമേ പാഹിമാം

പേരിനിത്തിരി നൈവേദ്യമെങ്കിലും

പോരായ്മ കാട്ടാത്ത ദൈവമേ പാഹിമാം

പൂജക്ക് സോപാന സംഗീതമില്ലേലും

തേജസ്സരുളുന്ന ദൈവമേ പാഹിമാം

ശ്രീകോവില്‍ വിട്ടു ശീവേലി ഇല്ലേലും

ശ്രീത്വം പുലര്‍ത്തുന്ന ദൈവമേ പാഹിമാം

ഭക്തദര്‍ശനം തുച്ഛമാണെങ്കിലും

മുക്തിനല്കുന്ന ദൈവമേ പാഹിമാം

ശക്തനല്ലഞാന്‍ ഉദ്ധരിച്ചീടുവാന്‍

മുക്തിയേകണേ ദൈവമേ പാഹിമാം

സര്‍വ്വവും നല്ല രീതിയില്‍ വീക്ഷിക്കും

സര്‍വ്വ ശക്തനാം ദൈവമേ പാഹിമാം