Friday, May 23, 2008

നെല്‍വയല്‍

പശ്ചിമേ മുഖമുള്ള പൂമുഖ തിണ്ണേല്‍ വൃഥാ

നിശ്ചിന്തം രമിക്കവേ ഓര്‍മ്മകളുയരുന്നു

നിശ്ചയ ദാര്‍ഡ്യത്തോടെ നെല്‍കൃഷി വളരുന്ന -

താശ്ചര്യത്തോടെ വീക്ഷിക്കുന്നതു മനോഹരം .

കണ്ണെത്താത്തത്ര വിസ്ത്രിതം നേരെ കടം-

കണ്ണെത്താത്തത്ര ദൈര്‍ഘ്യവും ഇരുവശം

കണ്ണഞ്ചിക്കും പച്ച പരവതാനിക്കിടെ രമ്യം

മണ്ണിന്റെ വരമ്പുകള്‍ നിര്‍മ്മിച്ച കരകളും

ഞാറുകള്‍ പറിച്ചവ മുടിയായ് കെട്ടി തല -

കൂറോടെ മുറിച്ചൊരുപോലെ സ്വരൂപിച്ചു

ആറിഞ്ചുയരത്തില്‍ ആറിഞ്ചകലത്തില്‍

ചേറിലോട്ടൂന്നി നടുന്നതും ബഹു രസം

ചായതന്‍ നിറമുള്ള ചേറിലെ ജലം മെല്ലെ

ആദിത്യ കിരണത്താല്‍ തെളിയാന്‍ തുടങ്ങവേ

എങ്ങുന്നോ എവിടുന്നോ കൊച്ചു മീനുകളെത്തി

പൊങ്ങിയും മുങ്ങിയും നീന്തുന്ന ക്രീഡകള്‍

വരമ്പിന്നടിയിലെ പോടുകള്‍ തുരന്നതാ

വരുന്നു മന്ദം മന്ദം ഞണ്ടുകള്‍ അങ്ങും ഇങ്ങും

വരമ്പിന്‍ മാളങ്ങളില്‍ വസിക്കും തവളകള്‍

വരമ്പിന്‍ മുകളിലും ജലത്തിലും ചാടും

മൂക്കിന്‍ പാലംപോലെ ചിന്നമാം വരമ്പത്തു

നോക്കാതെ നടന്നൂടാ നീര്‍ക്കോലികള്‍ കാണും

നീര്‍ക്കോലികള്‍ക്കിടെ മാക്രിതന്‍ മാടങ്ങളെ

നോക്കി ഇഴയും വിരളമാം സര്‍പ്പങ്ങളും

തത്തമ്മ പച്ചയാകും ഞാറുകള്‍ മെല്ലെ മെല്ലെ

മൊത്തത്തില്‍ ശക്തിയായി പൊങ്ങിക്കൊണ്ടുയരവെ

കാത്തിരുന്നൊരാ നെല്ലിന്‍ കതിരുകള്‍ കണികാണ്‍കെ

ചിത്തത്തില്‍ ആനന്ദത്തിന്‍ നര്‍ത്തനമാടീടുന്നു

മന്ദമന്ദമായ് വന്നു മാരുതന്‍ തലോടാവേ

സുന്ദരി നെല്ക്കതിര്‍ മന്ദം നൃത്തങ്ങളാടീടുന്നു

പൂനിലാവുള്ള നല്ല രാത്രിയാണെന്നാകിലോ

പാലാഴിതന്റെ തിരമാലയാണെന്നേ തോന്നു

നെല്ക്കതിര്‍ നല്ലപോലെ മൂത്തങ്ങു പഴുക്കവേ

നെല്മണി പേറി പേറി വലയും കുലകളായ്

നെല്ക്കതിര്‍ തണ്ടു നന്നായ് പഴുത്തു നിറം മാറി

വയ്ക്കോലായ് തീരാന്‍ നല്ല ആര്‍ത്തിയാണെന്നെ തോന്നു

നല്ലൊരു കാറ്റു വന്നു താങ്ങുവാന്‍ കഴിയാതെ

നല്ലൊരു ഭാഗം തൈകള്‍ കുഴഞ്ഞു വീഴുന്നതാ

നല്ല കൂരിരുട്ടത്തും കൂട്ടമായ് ടോര്‍ച്ചുംപേറി

സല്ലപിക്കാന്‍ എത്തും മിന്നാമിനുങ്ങുകള്‍

നട്ടും നനച്ചും വളര്‍ത്തിയ കൈകളാല്‍

വെട്ടി അരിഞ്ഞു ചുരുട്ടാക്കി കെട്ടിനാന്‍

ഒട്ടുമേ ദാക്ഷിണ്യമില്ലാതെ നെല്ലിനെ

പെട്ടെന്ന് തണ്ടില്‍നിന്നൊറ്റ പെടുത്തിനാന്‍

മൊട്ടയാം നെല്‍വയല്‍ പ്രാര്‍ത്തിച്ചു ദൈവമേ

മൊട്ട വെയിലോന്നു മാറ്റി തരേണമേ

ഒട്ടേറെ വര്‍ഷം ചൊരിയാന്‍ കനിയണെ

പെട്ടെന്ന് പുഷ്പിണി ആക്കി തരേണമേ

No comments: