Sunday, July 24, 2011

വാഴ - ഒരു വിലാപം

വാഴയാണെന്റെ നാമം വര്‍ഗ്ഗപ്പേരായീ ഇപ്പോള്‍
വാഴകള്‍ പലതരം നിലകൊണ്ടതുമൂലം
പഴങ്ങള്‍ നല്‍കാനെന്നും ജീവിക്കുന്നു ഞങ്ങള്‍
പഴമെന്നതുകേട്ടാല്‍ വാഴപ്പഴമാണെന്നും

ഇനങ്ങള്‍ പലതരം കദളി, നേന്ത്രന്‍, പൂവന്‍
പിന്നൊരു ഞാലിപൂവന്‍ പൊണ്ണനും റോബസ്റ്റനും
അനേകം പേരില്‍ ഞങ്ങള്‍ വിവിധ ദേശങ്ങളില്‍
മനസ്സിലിടം തേടി നിര്‍വിഘ്നം മരുവുന്നു

പൊക്കത്തിലാവാം ഞങ്ങള്‍ വണ്ണത്തിലുമാവാം
നോക്കാനാളില്ലെങ്കില്‍ കൃശഗാത്രരുമാകാം
നോക്കാനാളും പിന്നെ ജലവും വളവും നല്‍കേ
പൊക്ക വണ്ണങ്ങള്‍ക്കൊപ്പം മാധുര്യമേറും പഴം

നെല്‍കൃഷി വയ്യെന്നായാല്‍ ഞങ്ങള്‍ക്കു സ്ഥാനം നല്‍കി
നെല്‍വയല്‍ കീറിയതില്‍ സ്ഥാപിച്ചു ശുശ്രൂഷിക്കേ
ഉത്സാഹത്തോടെ ഞങ്ങള്‍ വളര്‍ന്നു ഫലം നല്‍കാന്‍
മല്‍സരം കാട്ടുന്നതു സ്വാഭാവ്യമെന്നേ തോന്നൂ

പഴങ്ങളാകുംവരെ ശക്തിയില്‍ നില്‍ക്കുന്നേരം
വാഴതന്‍മൂടുവെട്ടി കായയും വെട്ടി മാറ്റി
കേഴുന്ന കായക്കല്‍പ്പം ധൂമ്രവും നല്‍കി വേഗം
പഴമായ്‌ തീര്‍ക്കുന്നതും ക്രൂര പ്രക്രിയയല്ലേ?

മാത്രമോ, കായവെട്ടും മുമ്പെന്റെ കൂമ്പു പോലും
എത്രയോ മുമ്പെ വെട്ടി തോരനായ്‌ രുചിക്കുന്നു
എത്ര നാളായി നിങ്ങള്‍ മാനിക്കുള്ളില്‍ കാണും
സൂത്രത്തിനുള്ളില്‍ നക്കി തേനതും കുടിക്കുന്നു

ഇല്ലല്ലോ ക്ഷമ തീരെ പഴമായ്‌ തീരും വരെ
വല്ലാതെ ദ്രോഹിക്കുന്നു കായയെ കഷ്ണം വെട്ടി
നല്ല കാളനും പിന്നെ തോരനും പുഴുക്കുമായ്‌
നല്ലോണം രുചിച്ചെങ്കില്‍ അഭിനന്ദിക്ക വേണ്ടേ?

കൂട്ടത്തില്‍ ചിലരെന്‍ കായ ചര്‍മ്മവര്‍ജനം ചെയ്തു
മൊട്ടയായ്‌ തീര്‍ത്തു പിന്നെ കഷ്ണം കഷ്ണമായ്‌ വെട്ടി
വെട്ടിത്തിളക്കുന്ന എണ്ണയിലിട്ടതും പോരാ
കൂട്ടത്തില്‍ ഉപ്പുനീരും തളിക്കാനെന്തു മൂലം

വര്‍ക്കത്തുള്ളവര്‍ ചിലര്‍ വറുത്ത കഷ്ണങ്ങളെ
ശര്‍ക്കര പാനീയത്തില്‍,ചുക്കിന്‍ പൊടിയും ചേര്‍ത്തു
മുക്കിയ ശേഷം നന്നായ്‌ പുരട്ടി മന്ദം മന്ദം
നോക്കി രസിച്ചതും സാന്ത്വനമേകാനാണോ?

വെട്ടിയ വാഴയ്ക്കുണ്ടു സന്താപമേറേ ചൊല്ലാന്‍
വിട്ടില്ല ചിലരെന്നെ, വെട്ടിയെന്‍ കൈകള്‍ മൊത്തം
കൂട്ടത്തോടെ എന്‍റെ വെണ്മയാം പോളകള്‍ നീക്കി
നട്ടെല്ലാം പിണ്ടിപോലും തോരനായ്‌ രുചിച്ചില്ലേ?

ഇലകള്‍ പോലും ചെറു തുണ്ടമായ്‌ മുറിച്ചതില്‍
ചേലോടെ അടക്കൂട്ടും പരത്തി പൊതിഞ്ഞതും
കലുഷം മാറ്റാനാണോ ആവിയില്‍ വേവിച്ചെന്‍റെ
ഇലത്തുണ്ടുകള്‍ കളഞ്ഞടകള്‍ ഭുജിച്ചതും?

കാലങ്ങു മണ്ണില്‍ കുത്തി നിവര്‍ന്നു നില്‍ക്കുന്നേരം
കാലേണ പൊങ്ങും എന്‍റെ കുഞ്ഞുങ്ങള്‍ ഓരോന്നായി
പലരും കുഞ്ഞുങ്ങളെ സ്ഥാന ഭ്രംശവും ചെയ്യും
ചില കുഞ്ഞുങ്ങളെ വേണ്ടാ, ചവിട്ടി താത്തും കഷ്ടം

കായകള്‍ മൂക്കുന്നേരം ശിരസ്സൊടിച്ചതില്‍ നിന്നും
കായക്കുലകള്‍ വെട്ടി സ്തൂപമായ്‌ നിര്‍ത്തീടാമോ?
ഉയര വൈവിദ്ധ്യത്തില്‍ കുഞ്ഞുങ്ങള്‍ ചുറ്റും നില്‍ക്കേ
ദയ ദാക്ഷിണ്യത്തോടെ നോക്കുന്നവരെന്നെ.

പൊക്കത്തില്‍ പോകുന്നേരം കായതന്‍ ഘനം മൂലം
ഒക്കില്ല താങ്ങാനെങ്കില്‍ സമയാല്‍ താങ്ങും വേണ്ടേ
ഓര്‍ക്കില്ലതു ചിലര്‍, ആവാം എന്നൊരു കൂട്ടര്‍
ഓര്‍ക്കാതെ കാറ്റും വന്നാല്‍ ഭൂമിയെ ശരണം മമ

ചന്തമാം കുലയായ്‌ നില്‍ക്കേ, മൂടോടെ വെട്ടീയെന്നെ
പന്തലിന്‍ തൂണില്‍ കെട്ടി, ഇളനീര്‍ കുലയോടൊപ്പം.
പന്തലു നീക്കുന്നേരം വര്‍ജിപ്പൂ ,കായ ശേഷം
എന്തോന്നു ചൊല്ലീടേണ്ടൂ ക്രൂരതക്കതിരുണ്ടോ?

വേദന ഗൌനിക്കാതെ നാക്കില വെട്ടീയതില്‍
സ്വാദിഷ്ട വിഭവങ്ങള്‍ വിളമ്പി ഭുജിക്കവേ
സദ്യതന്‍ മഹിമയെ ഓര്‍ക്കുമ്പോള്‍ ഓര്‍ക്കാത്തെന്തേ
ആദ്യത്തെ 'യൂസ് ആന്‍റ് ത്രോ' ഇലയില്‍ നിന്നാണത്രേ?

കേഴുന്നിതെന്തു ജനം അശ്രദ്ധമൂലം സ്വല്പം
വാഴതന്‍ കറ തന്റെ വസ്ത്രങ്ങളില്‍ കണ്ടാല്‍
പഴത്തൊലി അശ്രദ്ധമായ്‌ ഇടുന്നങ്ങും ഇങ്ങും
വീഴാനിട വന്നാല്‍ വാഴയെ പഴിക്കാമോ?

ചിന്തിച്ചു നോക്കുന്നേരം വാഴതന്‍ മനതാരില്‍
സന്തോഷപ്രദം നല്ല കാര്യങ്ങള്‍ ഉയരുന്നു
ചന്തമായ്‌ തൂക്കുന്നെന്റെ പഴങ്ങള്‍ കാണുന്നേരം
സന്തോഷത്തോടെ വാങ്ങി ഭുജിപ്പു നിസ്സംശയം

കണ്ണീരോടേ വാഴും പ്രമേഹ രോഗിക്കിപ്പോള്‍
ഉണ്ണിപിണ്ടിതന്‍ നീരും ആശ്വാസമേകുന്നില്ലേ
ഉണ്ണാനിലയിപ്പോള്‍ നിലത്തു വെക്കുന്നില്ലാ
മണ്ണും പൊടിയും തട്ടി മേശമേല്‍ ഇട്ടീടുന്നു

പഴങ്ങള്‍ കദളിയും പൂവനും മറ്റും നിത്യേ
വീഴ്ച കൂടാതെ ജനം ദേവനു സമര്‍പ്പിപ്പു
പഴത്തേ പോലെ തന്നെ നാക്കിലക്കുണ്ടൂ ഭ്രമം
കാഴ്ചക്കും,ക്രിയകള്‍ക്കും, പൂജക്കും മനോഹരം

വാടിയ വാഴക്കയ്യും പോളയും ചീന്തി നന്നായ്‌
മോടിയില്‍ നാരുണ്ടാക്കി മാലകള്‍ കെട്ടീടുന്നു
മടി കൂടാതെ മാല ദേവനില്‍ ചാര്‍ത്തുന്നേരം
മോടിതന്‍ പങ്കുണ്ടല്ലോ വാഴയാം എനിക്കെന്നും

ഇലയാണെന്നാകിലും പഴമാണെന്നാകിലും
ഫലമൂലാദികള്‍ക്കൊപ്പം മാല, പൂക്കള്‍ക്കിടെ
മൂല്യത്തോടിടം കിട്ടും പൂജദ്രവ്യങ്ങള്‍ക്കൊപ്പം
പലരീതിയില്‍ ഞങ്ങള്‍ സംപൂജ്യരാണെന്നോര്‍ക്കു





























Sunday, July 10, 2011

മാവു നട്ടു

മോഹിച്ചു ഞാനൊരു മാവു നട്ടു
സ്നേഹിച്ചു ഞാനതില്‍ നീരൊഴിച്ചു.

ആശിച്ചു ഞാനതു നോക്കി നിന്നു
മോശമില്ലാത്ത വളര്‍ച്ച കാണാന്‍

കാലഭ്രമണത്തില്‍ വേനല്‍, വര്‍ഷം
കാലേണ ശൈത്യവും മാറി വന്നു

മൂവാണ്ടന്‍ പൂക്കുവാന്‍ നീണ്ട വര്‍ഷം
മൂന്നു താണ്ടേണ്ടേ എന്നോര്‍ത്തു പോയി

കണ്ടോണ്ടിരിക്കവേ നീണ്ടു പോയി
ഉണ്ടായി ചില്ലകള്‍ അങ്ങുമിങ്ങും

ശ്രദ്ധിച്ചു നിത്യം പരിചരിക്കേ
വര്‍ദ്ധിച്ചു വണ്ണവും പത്രങ്ങളും

മാമ്പഴ കാലത്തിനാറു മാസം
മുമ്പുവന്നെത്തി മൂവാണ്ടു വര്‍ഷം

ചിന്തിച്ച പോലെയാ മാവ് പൂത്തു
ചന്തത്തില്‍ ചില്ല നിറഞ്ഞു നിന്നു

പെട്ടെന്നു കാര്‍മേഘം മൂടി നിന്നു
മൊട്ടുകള്‍ മൊത്തം കരിഞ്ഞു വീണു

ആഴ്ച്ചകള്‍ രണ്ടു കഴിഞ്ഞ ശേഷം
കാഴ്ച്ചക്കു ചില്ലറ പൂ പൊടിച്ചു

കണ്ണിനാനന്ദമാം കൊച്ചു കൊച്ചു
കണ്ണി മാങ്ങകള്‍ നന്നായ്‌ തൂങ്ങി നിന്നു

പെട്ടെന്നു കാറ്റും മഴയും വന്നു
ഞെട്ടറ്റു വീണതില്‍ പാതി ഭാഗം

കണ്ടോണ്ടു നിന്നപ്പോള്‍ നെഞ്ചു നീറി
കൊണ്ടൊന്നു ഞാനതു ഉപ്പിലിട്ടു

ശേഷിച്ച നാലഞ്ചു മാങ്ങ മാത്രം
ശേഷിച്ച ജീവനെ കൊണ്ടു നിന്നു

മാസങ്ങള്‍ രണ്ടോളമായത്തോടെ
മാങ്ങകള്‍ക്കാകൃതി വണ്ണമായി

വിശ്വാസത്തോടതു നോക്കി നിന്നു
ആശിച്ചു മമ്പഴം പൂണ്ടു തിന്നാന്‍

വീട്ടിലൊരുദിനം സദ്യ വന്നു
കൂട്ടത്തില്‍ മാങ്ങക്കറിയും വന്നു

ആശങ്കയോടെ ഞാന്‍ മാവില്‍ നോക്കി
മോശം, അതിലൊരു മാങ്ങ പോയി

ശേഷിച്ച നാലെണ്ണം തൊട്ടുരുമ്മി
പോഷിച്ചു തൂങ്ങീതും നോക്കി നിന്നു

കോടി മാവിന്‍റെ ആദ്യത്തെ മാമ്പഴം
മോടിയില്‍ ദേവനു നേദ്യമാക്കം

പാറാവു കാരനെ പോലെയെന്നും
കൂറോടെ ശ്രദ്ധിച്ചു നോക്കി നിന്നു

കാക്കയൊരുദിനം വന്നിരുന്നു
കൊത്തി കൊത്തിയൊന്നു താഴെയിട്ടു

പാതി ഭാഗത്തിലെ കാമ്പു മൊത്തം
കൊതിയോടെ തിന്നതും നഷ്ടമാക്കി

ബാക്കിയാം മൂവാണ്ടന്‍ മൂന്നു മാത്രം
നോക്കി രക്ഷിക്കുവാന്‍ മാര്‍ഗം തേടേ

പിറ്റേന്നു കാലത്തു ഞെട്ടിയറ്റു
മറ്റൊരു മാങ്ങയും വീണു താഴെ

കാക്കതന്‍ കൊത്തിന്റെ ശക്തിയാണോ
വക്കത്തെ മാങ്ങതന്‍ ഞെട്ടി പൊട്ടാന്‍

കയ്യിലെടുത്തോന്നു നോക്കി നന്നായ്‌
അയ്യേ ചതഞ്ഞതും നാശമായി

രണ്ടുണ്ടു മൂവാണ്ടന്‍ മാങ്ങയിപ്പോള്‍
വേണ്ടപോല്‍ എന്തേലും ചെയ്തിടേണ്ടേ

ഞെട്ടോടെ പൊട്ടിച്ചു പൊതിഞ്ഞു മെല്ലെ
കൊട്ടയില്‍ വൈക്കോലില്‍ പുഴ്ത്തി വെച്ചു

രണ്ടു ദിന ശേഷം നോക്കിയപ്പോള്‍
കണ്ടു നിറം മഞ്ഞ മാമ്പഴങ്ങള്‍

ഒന്നതില്‍ ദേവനു നേദ്യ മാക്കി
വന്നതും മറ്റേതു പൂണ്ടു വെച്ചു.

എല്ലാരും മാധുര്യമോടെ തിന്നു
നല്ലതെന്നോതി പ്രതികരിച്ചു

കാലേണ വൃക്ഷം വളര്‍ന്നു നന്നായ്
ചില്ലകള്‍ കൂടി പടര്‍ന്നു നിന്നു

പിന്നത്തെ വര്‍ഷത്തിലാകമൊത്തം
നന്നായി പൂത്തു ഫലം നിറഞ്ഞു

മാങ്ങകള്‍ അങ്ങിങ്ങു തൂങ്ങി നില്‍ക്കേ
മനതാരില്‍ ആനന്ദം നൃത്തമാടി