Friday, April 4, 2008

വിഷു

വിഷു . എത്ര മനോഹരമായ ഒരു പദം. ഓടക്കുഴലില്‍ നിന്നു ഉയരുന്ന സുന്ദരമായ ശബ്ദം പോലെ. ഒരു കൊല്ലം കാത്തിരുന്നതിനുശേഷം കൈ വരുന്ന ശുഭദിനം. എന്നാണ് ഈ സുദിനം . മേടമാസം ഒന്നാം തീയതി . ഈ ദിനം അറിയാതെ ഇങ്ങെത്തില്ല. ഒരാള്‍ സമയോചിതമായി വിളിച്ചറിയിക്കുന്നു . ഒന്നോര്‍ത്തുനോക്ക് ആരാ. കര്‍ണശ്രവണ മായ ആ ശബ്ദം ആരുടേയാ. വിഷുപക്ഷിയുടെതല്ലേ. ഇക്കാലത്തുമാത്രം കേള്‍ക്കാവുന്ന മധുരമാര്‍ന്ന ശബ്ദം . ആഘോഷിക്കാന്‍ ഒരുങ്ങിക്കോളൂ എന്ന മുന്നറിയിപ്പുപോലെ. ഇതു മാത്രമോ , ചുറ്റും നോക്കു . കണിക്കൊന്നയല്ലെ പൂത്തുനില്ക്കുന്നത് . കാലോചിതമായി പൂക്കുന്ന ഒരേ ഒരു വൃക്ഷം . അതിശയം തോന്നുന്നുണ്ടോ വേണ്ട . ഇതു ശ്രീകൃഷ്ണന്‍ കനിഞ്ഞരുളിയ ഒരു പൂജാ പുഷ്പമല്ലേ . അരഞ്ഞാണ്കിങ്ങിണി പോലെ കീഴോട്ടു തൂങ്ങി നില്‍ക്കുന്ന ആ പുഷ്പം എന്തൊരു ഭംഗി അല്ലെ. നമ്മള്‍ ആ പുഷ്പത്തെ സംഭോധന ചെയ്യുന്നത് തന്നെ കണികൊന്ന എന്നല്ലേ . എത്ര ഭക്തി ഭാവത്തോടെയാണ് നാം അതിനെ കാണുന്നത് . പ്രകൃതി ഒരുങ്ങിയാല്‍ പിന്നെ നാം എന്തിന് വൈകണം . വിഷു ആഘോഷിക്ക തന്നെ . പുതു വര്‍ഷ പിറവിയായി ആഘോഷിക്കുന്ന ഈ ദിനം വരാന്‍ പോകുന്ന ഒരു വര്‍ഷത്തെ നന്മയുടെ തുടക്കം കുറിക്കാനും കൂടിയല്ലേ . അപ്പോള്‍ ഭംഗിയില്‍ തന്നെ ആഘോഷിക്കാം അല്ലെ .

വിഷുവിന്നു പ്രധാനമായും ഒരു നല്ല കണി ഒരുക്ക്ണം . കണിയുടെ പ്രാധാന്യം അറിയാമല്ലോ . നമുക്കെന്തെങ്കിലും അപ്രിയമായോ അനിഷ്ടമായോ സംഭവിച്ചാല്‍ ആദ്യം ചോദിക്കുന്ന ഒരു ചോദ്യം എന്താ . ഇന്നു ആരെയാ കണി കണ്ടത് ?. നമ്മുടെ മറ്റു ആര്‍ക്കെങ്ങിലും എന്തെങ്കിലും വിഷമം നേരിട്ടാലും ഇതേ ചോദ്യം ആവത്തിക്കുന്നു. താനിന്നാരേയാ കണി കണ്ടത് ?. അപ്പോള്‍ പ്രാധാന്യം അറിയാമല്ലോ . നല്ല തുടക്കം ശുഭ പ്രതീക്ഷ നല്കുന്നു എന്ന് സാരം . പണ്ടു കാലത്തെ ആചാരം പോലെ തന്നെ ആവട്ടെ .
കണി നന്നായി തന്നെ ഒരുക്കണം . കണി മോശമായാല്‍ കെണിയാകും. ഒരു വര്‍ഷത്തെ ഫലമാ . എല്ലാം വേണം . ശ്രീകൃഷ്ണ ഭഗവാന്റെ മൂര്‍ത്തിയോ അല്ലെങ്കില്‍ ഫോട്ടോ , ഭദ്രദീപം , അഷ്ടമംഗല്യം , അരി ,കോടി , നാളികേരം , സ്വര്‍ണം, പൈസ , കണ്ണാടി, പഴം, മാമ്പഴം തുടങ്ങിയ പഴ വര്‍ഗങ്ങള്‍ , വെള്ളരിക്ക, കോഴക്ക , ചക്ക തുടങ്ങി പലവിധ പച്ചക്കറി വര്‍ഗങ്ങള്‍ മുതലായവ അവശ്യം വേണം . പിന്നെയോ കണി കൊന്ന തുടങ്ങിയ പൂജാ പുഷ്പങ്ങളും . വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഒരുക്കുന്നു, പക്ഷെ മേല്‍പറഞ്ഞവ പ്രാധാന്യം നേടുന്നു എന്നര്‍ത്ഥം. അപ്പോള്‍ കണിയുടെ പ്രാധാന്യം മനസ്സിലായോ . മനുഷ്യന്റെ നിത്യ ജീവിതത്തിന്‌ വേണ്ട എല്ലാം, രണ്ടു നേരവും പ്രാര്‍ത്ഥിക്കാന്‍ ദൈവം, കൊളുത്താന്‍ ദീപം, അരി , പച്ചക്കറി, പഴവര്‍ഗങ്ങള്‍ , ധനം , വസ്ത്രം , വിഘ്നം തീര്‍ക്കാന്‍ ഉടക്കുന്ന നാളികേരം, ഐശ്വര്യം നല്കുന്ന അഷ്ടമംഗല്യം എല്ലാം എല്ലാം അതിലുണ്ട് .

എല്ലാം തലേ ദിവസം തന്നെ ഒരുക്കുന്നു . വിഷു ദിവസം കാലത്ത് നേരെ ചെന്നു കാണാന്‍ പുറ്റുമോ. ഇല്ല്യല്ലോ . വീട്ടില്‍ തലമുതിര്‍ന്ന ഒരാള്‍ ആദ്യം എഴുന്നേറ്റു മറ്റുള്ളവരെ രാജകീയവും ദൈവീകവും ആയ രീതിയില്‍ തന്നെ കണി കാണിക്കുന്ന കര്‍മം നടത്തുന്നു. മറ്റുള്ളവരെ ഓരോരുത്തരെയായി കാരണവര്‍ വിളിച്ചു ഉണര്‍ത്തുന്നു . ഉണര്‍ന്നാലും കണ്ണതുറക്കുവാന്‍ അനുവാദമില്ല. അടച്ച കണ്ണുമായി പിടിച്ചു കൊണ്ടുപോയി കണിക്കുമുമ്പില്‍ ഇരുത്തുന്നു. സാവധാനത്തില്‍ കണ്ണ് തുറക്കാന്‍ പറയുന്നു .

കണ്ണ് തുറക്കുമ്പോള്‍ നയന മനോഹരമായ ഒരു കണി പ്രകാശ ജ്വലിതമായ ഭദ്രദീപത്തിനു മുന്‍പില്‍ . ദൈവമേ എത്ര മനോഹരം . വരും നാളുകള്‍ മനോഹരമായി തീരണേ. എന്താണ് ഇതിന്റെ ആത്മീയ വശം. ഇരുളില്‍ നിന്നു പ്രകാശ പൂരിതമായ സ്ഥലത്തേക്കുള്ള ഒരു ആനയിക്കല്‍. അജ്ഞാനത്തിന്റെ ഇരുളില്‍ നിന്നു ജ്ഞാനത്തിന്റെ പ്രകാശത്തിലെക്കുള്ള ഒരെതിരേല്‍പ്പല്ലേ. ഒന്നോര്‍ത്തുനോക്കു. പിന്നേയോ. ഭഗവല്‍ ദര്‍ശനത്തോടുകൂടിയുള്ള കണ്‍ കുളിരേകും ധന്യമായ ഒരു കാഴ്ച . വിഷു കണി . വര്‍ഷം മുഴുവനും ധന്യമാകാന്‍ മറ്റെന്തു വേണം . അകമഴിഞ്ഞ ഒരു പ്രാര്‍ത്ഥന കൂടിയായാല്‍ എല്ലാം ഓക്കേ. കണിയിലുള്ള എല്ലാം സമൃദ്ധമായാല്‍ ആ വര്‍ഷം പിന്നെ എന്തിനാ വേവലാതി . എല്ലാം ശുഭാപ്തി പ്രതീക്ഷക്കു വഴി ഒരുക്കുന്നു . പിന്നീട് ദുഷ്കര്‍മങ്ങള്‍ക്കും അറുതി വരുത്താനും, പ്രകൃതിയിലെ കീടങ്ങളെ നശിപ്പിക്കാനും, ദുഷ് വാര്‍ത്തകള്‍ കേട്ടു കൊട്ടിയടച്ച ചെവി തുറപ്പിക്കാനും എന്ന പോലെ പടക്കം പൊട്ടിക്കുന്നു . ജീവിതത്തിന്നു പ്രകാശം പകരാന്‍ പൂത്തിരി കമ്പിത്തിരി എന്നിവയും കത്തിക്കുന്നു . ഹാ ഹാ ഹാ .

തീര്‍ന്നില്ല . വയസ്സിനു മൂത്തവര്‍ മറ്റുള്ളവര്‍ക്ക്‌ കൈനീട്ടം നല്കുന്നു . പണ്ടൊക്കെ ഇതൊരു ടോക്കണ്‍ മണിയായിരുന്നു . ഇപ്പോള്‍ അതിലും വ്യത്യാസം വന്നു . സന്തോഷം. ഈ വരും വര്‍ഷം കൈ നിറയട്ടെ എന്ന് സാരം . കൈ നിറയാന്‍ നീ തന്നെ അദ്ധ്വാനിക്കണം , എനിക്ക് അനുഗ്രഹിക്കാനെ കഴിയു എന്നര്‍ത്ഥം .

അടുത്തതായി സ്നാനാം . പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു ഒരു ക്ഷേത്ര ദര്‍ശനം. നിറഞ്ഞ സന്തോഷത്തോടുള്ള ആ പുണ്യ ദര്‍ശനം ഒരു പ്രത്യേക സുഖമല്ലേ. സുഹൃത്തുക്കളേ കാണം . വിഷു ആശംസിക്കാം. അന്യോന്യം ആശയങ്ങള്‍ പങ്കുവെക്കാം. ബദ്ധം പുതുക്കാം . പലരുടേയും ആശംസകള്‍ കൊണ്ടു പുതു വര്‍ഷം ധന്യമാകട്ടെ . തുടര്‍ന്നു പുതു വര്‍ഷത്തിലെ ആദ്യത്തെ വിഭവ സമൃദ്ധമായ സദ്യ . എന്താ വിഷു കേമം ആയില്ലേ . എങ്കില്‍ വര്‍ഷം മുഴുവന്‍ കെങ്കേമം തന്നെ . ഇനി നമുക്കു കാത്തിരിക്കാം അടുത്ത വിഷു പക്ഷിനാദം കേള്‍കുന്നതുവരെ. കണികൊന്ന പൂക്കുന്നതുവരെ . നീണ്ട ഒരു വര്‍ഷം.

No comments: