Tuesday, April 8, 2008

ഓണം

ഓണം വന്നോണം വന്നോണം വന്നേ
കാണം വിറ്റുണ്ണാനോരോണം വന്നേ
കാണവുമില്ല പണവുമില്ല
ഓണത്തിന്നില്ലൊരു മോടിയിപ്പോള്‍

അത്തം പത്തോണത്തിന്‍ പൂക്കളത്തി-
ന്നെത്തുന്നിടത്തോന്നും പൂക്കളില്ല
പത്തുനാള്‍ വാങ്ങുവാന്‍ കാശ് വേണ്ടേ
എത്തുന്നപോലെ പൂവിട്ടു പോരാം

വേണ്ടച്ഛാ, വാഷബിള്‍ പൂക്കള്‍ വാങ്ങാം
കണ്ടാലഴകും കളറും ഏറെ
ഉണ്ടാക്കാം വെവ്വേറെ പൂക്കളങ്ങള്‍
വേണ്ടല്ലോ കാശെല്ലാവര്‍ഷമപ്പോള്‍

തൃക്കാക്കരപ്പനും മണ്ണ് വേണ്ട
ഒക്കെ മരത്തിന്റെ ലഭ്യമല്ലെ
ഓര്‍ക്കാപുറത്തൊന്നു വര്‍ഷിച്ചാലും
വര്‍ക്കത്തിന്നില്ലാ കുഴപ്പമൊട്ടും

ഓണത്തിന്നോരോരോ കോടി വേണ്ടെ
കാണികള്‍ അല്ലെങ്ങില്‍ എന്ത് ചൊല്ലും
ആണുങ്ങള്‍ക്കൊരോരോ മുണ്ടില്‍ നിര്‍ത്താം
പെണ്ണുങ്ങള്‍ക്കാണേലോ സാരി ബ്ലൌസ്‌

വേണ്ടച്ഛാ സാരിയും ബ്ലൌസും ഒക്കെ
രണ്ടു പെണ്മക്കളും ചേര്‍ന്നു ചൊല്ലി
ഉണ്ടെങ്കില്‍ ഓരോരോ ഡ്രെസ്സ് വാങ്ങൂ
ഫണ്ടില്ലാ എങ്കിലോ ടോപ്പില്‍ നിര്‍ത്താം .

ആണ്മക്കള്‍ കൂടെയങ്ങേറ്റുചൊല്ലി
ആയ്കോട്ടേ ഓരോരോ പാന്റും ഷര്‍ട്ടും
ആവില്ല ഞങ്ങള്‍ക്കു മുണ്ടുടുക്കാന്‍
ബെര്‍മുഡയാണേലും ഖേദമില്ല

വേണം ഒരു സാരീ ഭാര്യ ചൊല്ലി
ഓണമായ് മാത്രം ലഭിപ്പതെല്ലേ
കാണമില്ലെങ്ങിലും ഓണമായാല്‍
നാണം കെടുത്താത്ത സദ്യ വേണ്ടെ .

ഓണമായ് ക്ഷേത്രത്തില്‍ കാഴ്ച്ചയെത്തും
ഓണവിഭവങ്ങള്‍തന്‍ സദ്യ കാണും
ഓണമായ് ഇത്തിരി ഭക്തിയാവാം
ഓണമായ് ക്ഷേത്രത്തില്‍ സദ്യ കൂടാം

ഷാപ്പിലും ഓണമായ് സ്റ്റോക്ക് കൂടും
ഷാപ്പില്‍ വിരുന്നുകാര്‍ ഏറെ എത്തും
കുപ്പി തുറന്നു നുരഞ്ഞു പൊന്തും
അപ്പോഴേ മാവേലി കണ്ണ് പോത്തും .

ഓണത്തെ പോന്നോണമാക്കും ചിലര്‍
ഓണമായ് പൊന്നുകള്‍ വില്‍ക്കും ചിലര്‍
മാവേലി വന്നങ്ങു നോക്കുന്നേരം
മാനുഷരില്ലാരും ഒന്നുപോലെ .

ഓണമായ് ടിവി തുറന്നു വെച്ചാല്‍
ഓണപ്പരിപാടി തള്ളി മാറ്റി
മാവേലിമന്നന്റെ പേരു ചേര്‍ത്തു
വില്‍പന കൂട്ടും പരസ്യമേറെ

ആദരിക്കേണ്ട മഹാന്റെ പേരില്‍
മാവേലി കൊമ്പത്തും പാരടിയും
നര്‍മ്മഭാവത്തിന്റെ നാമധേയാല്‍
കോമാളിയാക്കുന്നതെന്തു ന്യായം

കാല ഭ്രമണത്തിന്‍ മാറ്റം കാണ്‍കെ
മാവേലി മന്നന്റെ കണ്ണ് തള്ളും
നോവും ഹൃദയത്തില്‍ ഓര്‍ത്തുപോകും
വാമനാ പാദം ശിരസ്സില്‍ വെക്കു









































No comments: