Wednesday, August 10, 2011

എനിക്കൊരു വയസ്സായി


ജനിച്ചു വീഴും കുഞ്ഞിന്‍ രോദനം ശ്രവിക്കവേ

മനസ്സില്‍ ആനന്ദത്തിന്‍ തിരകളുയരുന്നു

ജനിച്ച കുഞ്ഞിന്‍ മുഖം ആദ്യമായ്‌ ദര്‍ശിക്കവേ

ആനന്ദം പൂണ്ടിട്ടമ്മ വേദന മറക്കുന്നു


ആദ്യമായമ്മിഞ്ഞപ്പാല്‍ താനേ ചുരത്തവേ

ആദ്യമായ്‌ കുഞ്ഞാ സ്വാദു നൊട്ടി നുണക്കവേ

ഹൃദയത്തില്‍ ഊറുന്നതു രക്തബന്ധത്തിന്‍ ചിഹ്നം

ഹൃദ്യമായ്‌ തീരുന്നതു മാതൃബന്ധത്തിന്‍ സ്നേഹം


അച്ഛന്‍റെ ദേഹത്തൊട്ടി ശാന്തമായ് ശയിക്കവേ

അച്ഛന്‍റെ ചൂടാല്‍ കുഞ്ഞു മയങ്ങാന്‍ തുടങ്ങവേ

ഇച്ഛയില്ലേലും അച്ഛന്‍ എണീക്കാന്‍ മുതിരവേ

ഉച്ചരോദനത്തോടെ കൊച്ചു കൈകാല്‍ കുടയവേ


തഞ്ചത്തില്‍ നെഞ്ചത്തോടടുപ്പിച്ചു കുഞ്ഞിന്‍റെ

മൊഞ്ചുള്ള താടിയില്‍ മന്ദം ഇക്കിളി കൂട്ടീടവേ

ചെഞ്ചുണ്ടിലൂറും നറും പുഞ്ചിരി ദര്‍ശിക്കവേ

കൊഞ്ചി കളിപ്പിക്കുന്നിത ച്ഛനമ്മമാര്‍ നോക്കു


കൈകാലിട്ടടിച്ചങ്ങു രസിച്ചു മതിക്കവേ

ആകസ്മികമായാ കുഞ്ഞു നിദ്രയിലാണ്ടീടവേ

നോക്കി ഇരിക്കവേ പുഞ്ചിരി തൂകുന്നിതാ

ഓര്‍ക്കയാവം ചില കേളികള്‍ സുസ്വപ്നമായ്‌


ഇമ്മിണി നാളായില്ലേ അമ്മിഞ്ഞപ്പാലും വെള്ളോം

അമ്മക്കറിയില്ലേ ജന്മ നാളായല്ലോ നാളെ

ഉമ്മ വെക്കുംന്നേരം അച്ഛനോടോതി ' ഉം. ഉം'

അമ്മയോടോതൂ വേറെ വല്ലതും വായില്‍ തേക്കാന്‍


ഇരുപത്തെട്ടിങ്ങെത്തി നൂതന വസ്ത്രങ്ങളും

ചാരുതയേറും കൊച്ചാഭരണത്തിന്‍ സെറ്റും

കുരുന്നു നയനങ്ങളില്‍ പുരിക ദ്വയങ്ങളില്‍

കരുതലോടെ നന്നായ്‌ അഞ്ജനമെഴുതിച്ചു


കയ്യിലെടുത്തച്ഛന്‍ കര്‍ണത്തിലോതീ നാമം

കയ്യുകള്‍ മാറി മാറി എല്ലോരുമോതീ നാമം

വയമ്പിന്‍ കൂട്ടാണത്രേ അരച്ചു തേച്ചു നാവില്‍

അയ്യേയെന്നോതാന്‍ തോന്നി നൊട്ടി നുണയ്ക്കവേ


സ്നേഹത്തോടെ പഴം ഉടച്ചു വായില്‍ തേയ്ക്കെ

മോഹിച്ചുകാണും കുഞ്ഞു നിത്യ ലബ്ധിക്കായ്, പക്ഷെ

മോഹിച്ചതോ മിച്ചം കിട്ടീതോ ബേബി ഫുഡും

ദാഹിക്കും നേരം നല്‍കി കുപ്പിയില്‍ പാലും വെള്ളോം


നാളേറെയായില്ലേ ഞാന്‍ മലര്‍ന്നു കിടക്കുന്നു

കേളിക്കിടെ കുഞ്ഞു ശ്രദ്ധിച്ചു ഇടോം വലോം

നാളെ നാളെ എന്നു ചിന്തിച്ചിട്ടൊരുദിനം

കേളിക്കിടെ മെല്ലെ ചെരിഞ്ഞു കിടന്നുപോയ്‌


അമ്മതന്‍ അഭാവത്തില്‍ വലത്തേ ഭാഗത്തോട്ടും

അമ്മതന്‍ മയക്കത്തില്‍ ഇടത്തേ ഭാഗത്തോട്ടും

ചുമ്മാതെ ചെരിയവേ വൃത്തത്തില്‍ കറങ്ങവേ

ഇമ്മിണി വേഗം ആരോ കിടത്തി യഥാ സ്ഥലെ


ഇടക്കു മലര്‍ന്നും പിന്നെ ചെരിഞ്ഞും കിടക്കവേ

ഇടത്തെ കയ്യൂന്നി മെല്ലെ ശിരസ്സു പൊക്കീടവേ

പൊടുന്നനെ കുഞ്ഞു കവിഴ്ന്നു കരഞ്ഞുപോയ്‌

എടുക്കാന്‍ പറ്റുന്നീലാ വലത്തെ കയ്യൊന്നിപ്പോള്‍


താടിയും മൂക്കും കുത്തി കുഞ്ഞിന്‍ രോദനം കേള്‍ക്കെ

ഓടിയെത്തുന്നുണ്ടമ്മ സാന്ത്വനമേകീടുവാന്‍

ചൂടോടമ്മിഞ്ഞപ്പാല്‍ കിട്ടുമെന്നോര്‍ത്തിട്ടാവാം

താടി വേദന വിട്ടു പുഞ്ചിരി തൂകീടുന്നു


ഒത്തിരി ശ്രമിച്ചപ്പോള്‍ കവിഴാം അനായാസേ

കുത്താം കയ്യും നന്നായ്‌ ശിരസ്സും പൊക്കാം വേണേല്‍

എത്താത്ത ദൂരത്തെന്തേ കളിപ്പാവകള്‍ വെച്ചേ

എത്തി വലിഞ്ഞെടുക്കാനോ നീന്തിക്കൊണ്ടടുക്കാനോ


പണ്ടത്തേതിലും വേഗം കവിഴാന്‍ പറ്റുന്നിപ്പോള്‍

കണ്ടങ്ങു ശയിക്കാതെ മുന്നോട്ടു നീങ്ങിക്കൂടെ

കണ്ടിരിക്കും ജനം മിണ്ടുന്നതും കേള്‍ക്കേ

ഉണ്ടായി വാശി, കുഞ്ഞു മുന്നോട്ടു കുതിച്ചുടന്‍


പലവട്ടം ശ്രമിച്ചപ്പോള്‍ ചിലവട്ടം കരഞ്ഞപ്പോള്‍

ചേലോടെ നീന്താറായി ബലമായ്‌ കയ്യും കുത്തി

തലയും പൊക്കി മന്ദം കാല്‍മുട്ടില്‍ നില്ക്കാന്‍ നോക്കെ

ഫലമുണ്ടായില്ല വീണ്ടും തറയില്‍ പതിച്ചുപോയ്‌


മാസങ്ങള്‍ താണ്ടീടവേ ശ്രമിച്ചോണ്ടിരിക്കവേ

സസുഖം നീന്തി, കൂടെ കാല്‍മുട്ടും കുത്തീടുന്നു

സ്വസ്ഥമായല്പം സ്വല്പം മുന്നോട്ടു നീങ്ങീടുന്നു

സസന്തോഷം പൂണ്ടങ്ങിരിക്കാന്‍ തുടങ്ങുന്നു


മൂത്രത്തിലിരുന്നാ കുഞ്ഞു കയ്യടിച്ചാനന്ദിക്കേ

അത്ര വേണ്ടെന്നാവാം മാതാവങ്ങടുത്തെത്തി

തത്ര വേഗത്തില്‍ കൊച്ചു ഡൈപ്പറുമീടീപ്പിച്ചു

മൂത്രത്തിന്നല്‍പ്പം ദൂരെ സ്ഥാനഭ്രംശവും ചെയ്തു


ചോറൂണിന്‍ സന്നാഹങ്ങള്‍ തകൃതിയായ്‌ നടക്കുന്നു

ആറാം ജന്മ നക്ഷത്രം ചാരത്തായെന്നു സാരം

ചോറോടൊപ്പം സദ്യ വിഭവങ്ങള്‍ രുചിപ്പിക്കെ

കൂറോടെ ചോറാണെന്നും ലഭ്യമെന്നോര്‍ത്താ പാവം


ഭക്ഷണ രീതിക്കുടന്‍ മാറ്റങ്ങള്‍ പറ്റാഞ്ഞാവാം

തല്‍ക്ഷണം ചോറും മറ്റും കിട്ടീലനുദിനം

ഭക്ഷണം മാറ്റാനാവാം രോദനം കൂട്ടീ പക്ഷേ

തല്‍ക്ഷണം ശബ്ദം കേട്ടു, രോദനം നിര്‍ത്തിക്കൂടെ


ദൂരേന്നു കയ്യും കൊട്ടി ചിരിച്ചു വിളിക്കവേ

ഇരുന്നു കളിക്കും കുഞ്ഞു മുട്ടിലിഴഞ്ഞെത്തി

വരുന്നതും നോക്കി അച്ഛനമ്മമാര്‍ നിന്നു

കോരിയെടുത്തമ്മ കവിളില്‍ മുത്തം നല്‍കി


മുട്ടുകള്‍ കുത്തി വേഗം നടക്കുന്നിപ്പോള്‍ പക്ഷേ

കിട്ടുന്നില്ലൊന്നും വേറെ, കളിപ്പാവകള്‍ മാത്രം

കുട്ടിയെ നിരീക്ഷിക്കാന്‍ ജാഗ്രത കൂടുന്നിപ്പോള്‍

കിട്ടിയാല്‍ വക്കേതേലും പിടിച്ചു നില്ക്കാറായി


ചന്തിയും കുത്തി കുഞ്ഞു താഴത്തേക്കിരിക്കവേ

എന്തെന്നറിയാതെ ഉച്ചത്തില്‍ കരഞ്ഞുപോയ്‌

എന്തെന്നറിഞ്ഞില്ലാ ഗൌനിച്ചില്ലാരും തന്നെ

സാന്ത്വനമേകാഞ്ഞാവം സങ്കടം തേങ്ങല്‍ കൂടി


ശ്രമിച്ചോണ്ടിരുന്നപ്പോള്‍ വീണോണ്ടിരുന്നപ്പോള്‍

ആമോദത്തോടെ നില്‍ക്കാം കൊച്ചു പിച്ചടി വെക്കാം

ചുമ്മാതെ നടക്കുമ്പോള്‍ ചൊല്ലുന്നു 'മമ്മ മമ്മ'

ഇമ്മിണി നാളായപ്പോള്‍ മൊഴിയുന്ന 'ച്ചാ ച്ചാ ച്ചാ'


ഒത്തിരി ശ്രമിച്ചപ്പോള്‍ വീണപ്പോള്‍ കരഞ്ഞപ്പോള്‍

ഇത്തിരി വേഗത്തോടെ നടക്കാന്‍ ധൃതിയായി

ഒത്തിരി മേലെയുള്ള പാവകള്‍ സാമഗ്രികള്‍

എത്താതെ വന്നാലുടന്‍ ചാട്ടവും കരച്ചിലും


ഭക്ഷണം പല വിധം കാണുന്നേരം കുഞ്ഞു

തല്‍ക്ഷണം കിട്ടീലെങ്കില്‍ വാശിയും ബഹളവും

വീക്ഷണം കണ്ടാലതിന്‍ സങ്കടം കണ്ടിട്ടാവം

തല്‍ക്ഷണം പാലുനല്‍കേ വേണ്ടായെന്നൊരു വാശി


ദന്തദ്വയങ്ങള്‍ കാണാം നൊണ്ണിന്‍ ദ്വയങ്ങള്‍ മദ്ധ്യേ

ചന്തമുണ്ടതു കാണാന്‍ ചിരിച്ചോണ്ടടുക്കുമ്പോള്‍

എന്തേലും കിട്ടീലെങ്കില്‍ അരിശം തീര്‍ക്കാനായി

നൊന്തുന്ന കടി തന്നും കാര്യ സാധ്യത നേടും


അമ്മമ്മതന്‍ കൈവിരല്‍ ഗ്രഹിച്ചു നടക്കവേ

ആമോദാല്‍ ഹസ്തദ്വയം വിട്ടു കുണുങ്ങിനാന്‍

അമ്മക്കും അച്ഛമ്മക്കും മുത്തശ്ശന്മാര്‍ക്കും പിന്നെ

സാമോദം പിതാവിന്നും ക്രീഡക്കു കൂടിക്കൂടെ?


ഉന്മേഷത്തോടെ പല മാസങ്ങള്‍ നീങ്ങീടവേ

ജന്മ വാര്‍ഷികദിനം മുന്നിലിങ്ങെത്തീടവേ

ഉന്മേഷത്തോടെ നന്നായ്‌ നീങ്ങുന്നു സന്നാഹങ്ങള്‍

ജന്മ വാര്‍ഷികദിനം ഘോഷപൂരിതമാക്കാന്‍


ഒത്തിരി കളിപ്പാട്ടം നൂതന വസ്ത്രങ്ങളും

ഒത്തിരി ബലൂണുകള്‍ സദ്യതന്‍ വട്ടങ്ങളും

ഇത്തിരി ജനക്കൂട്ടം അഭിനന്ദിക്കാന്‍ ഗിഫ്ടും

വൃത്തമാം കെയ്ക്കിന്‍ മദ്ധ്യേ കാന്‍ഡില്‍ ദീപവുമെല്ലാം


അമ്മയച്ഛന്മാര്‍ പിന്നെ നില്‍ക്കുന്നു മുത്തശ്ശന്മാര്‍

അമ്മമ്മ അച്ഛമ്മയും ആബാല വൃന്ദങ്ങളും

അമ്മതന്‍ മൊഴി കേട്ടു, കുഞ്ഞേ നീയൂതൂ ദീപം

മുറിക്കേ കെയ്ക്കും കേട്ടു 'ഹാപ്പി ബര്‍ത്ത്‌ഡേ ടു യൂ'


പിറ്റേന്നു പുലര്‍കാലേ ഉണര്‍ന്നെണീട്ടാ കുഞ്ഞു

ചുറ്റുമേ കിടക്കുന്ന പാവകള്‍ തട്ടാന്‍ നോക്കേ

ഒറ്റക്കു കളിച്ചോ നീ, നിനക്കൊരു വയസ്സായി

പെറ്റമ്മ എന്നോടോതി 'എനിക്കൊരു വയസ്സായി'

Sunday, July 24, 2011

വാഴ - ഒരു വിലാപം

വാഴയാണെന്റെ നാമം വര്‍ഗ്ഗപ്പേരായീ ഇപ്പോള്‍
വാഴകള്‍ പലതരം നിലകൊണ്ടതുമൂലം
പഴങ്ങള്‍ നല്‍കാനെന്നും ജീവിക്കുന്നു ഞങ്ങള്‍
പഴമെന്നതുകേട്ടാല്‍ വാഴപ്പഴമാണെന്നും

ഇനങ്ങള്‍ പലതരം കദളി, നേന്ത്രന്‍, പൂവന്‍
പിന്നൊരു ഞാലിപൂവന്‍ പൊണ്ണനും റോബസ്റ്റനും
അനേകം പേരില്‍ ഞങ്ങള്‍ വിവിധ ദേശങ്ങളില്‍
മനസ്സിലിടം തേടി നിര്‍വിഘ്നം മരുവുന്നു

പൊക്കത്തിലാവാം ഞങ്ങള്‍ വണ്ണത്തിലുമാവാം
നോക്കാനാളില്ലെങ്കില്‍ കൃശഗാത്രരുമാകാം
നോക്കാനാളും പിന്നെ ജലവും വളവും നല്‍കേ
പൊക്ക വണ്ണങ്ങള്‍ക്കൊപ്പം മാധുര്യമേറും പഴം

നെല്‍കൃഷി വയ്യെന്നായാല്‍ ഞങ്ങള്‍ക്കു സ്ഥാനം നല്‍കി
നെല്‍വയല്‍ കീറിയതില്‍ സ്ഥാപിച്ചു ശുശ്രൂഷിക്കേ
ഉത്സാഹത്തോടെ ഞങ്ങള്‍ വളര്‍ന്നു ഫലം നല്‍കാന്‍
മല്‍സരം കാട്ടുന്നതു സ്വാഭാവ്യമെന്നേ തോന്നൂ

പഴങ്ങളാകുംവരെ ശക്തിയില്‍ നില്‍ക്കുന്നേരം
വാഴതന്‍മൂടുവെട്ടി കായയും വെട്ടി മാറ്റി
കേഴുന്ന കായക്കല്‍പ്പം ധൂമ്രവും നല്‍കി വേഗം
പഴമായ്‌ തീര്‍ക്കുന്നതും ക്രൂര പ്രക്രിയയല്ലേ?

മാത്രമോ, കായവെട്ടും മുമ്പെന്റെ കൂമ്പു പോലും
എത്രയോ മുമ്പെ വെട്ടി തോരനായ്‌ രുചിക്കുന്നു
എത്ര നാളായി നിങ്ങള്‍ മാനിക്കുള്ളില്‍ കാണും
സൂത്രത്തിനുള്ളില്‍ നക്കി തേനതും കുടിക്കുന്നു

ഇല്ലല്ലോ ക്ഷമ തീരെ പഴമായ്‌ തീരും വരെ
വല്ലാതെ ദ്രോഹിക്കുന്നു കായയെ കഷ്ണം വെട്ടി
നല്ല കാളനും പിന്നെ തോരനും പുഴുക്കുമായ്‌
നല്ലോണം രുചിച്ചെങ്കില്‍ അഭിനന്ദിക്ക വേണ്ടേ?

കൂട്ടത്തില്‍ ചിലരെന്‍ കായ ചര്‍മ്മവര്‍ജനം ചെയ്തു
മൊട്ടയായ്‌ തീര്‍ത്തു പിന്നെ കഷ്ണം കഷ്ണമായ്‌ വെട്ടി
വെട്ടിത്തിളക്കുന്ന എണ്ണയിലിട്ടതും പോരാ
കൂട്ടത്തില്‍ ഉപ്പുനീരും തളിക്കാനെന്തു മൂലം

വര്‍ക്കത്തുള്ളവര്‍ ചിലര്‍ വറുത്ത കഷ്ണങ്ങളെ
ശര്‍ക്കര പാനീയത്തില്‍,ചുക്കിന്‍ പൊടിയും ചേര്‍ത്തു
മുക്കിയ ശേഷം നന്നായ്‌ പുരട്ടി മന്ദം മന്ദം
നോക്കി രസിച്ചതും സാന്ത്വനമേകാനാണോ?

വെട്ടിയ വാഴയ്ക്കുണ്ടു സന്താപമേറേ ചൊല്ലാന്‍
വിട്ടില്ല ചിലരെന്നെ, വെട്ടിയെന്‍ കൈകള്‍ മൊത്തം
കൂട്ടത്തോടെ എന്‍റെ വെണ്മയാം പോളകള്‍ നീക്കി
നട്ടെല്ലാം പിണ്ടിപോലും തോരനായ്‌ രുചിച്ചില്ലേ?

ഇലകള്‍ പോലും ചെറു തുണ്ടമായ്‌ മുറിച്ചതില്‍
ചേലോടെ അടക്കൂട്ടും പരത്തി പൊതിഞ്ഞതും
കലുഷം മാറ്റാനാണോ ആവിയില്‍ വേവിച്ചെന്‍റെ
ഇലത്തുണ്ടുകള്‍ കളഞ്ഞടകള്‍ ഭുജിച്ചതും?

കാലങ്ങു മണ്ണില്‍ കുത്തി നിവര്‍ന്നു നില്‍ക്കുന്നേരം
കാലേണ പൊങ്ങും എന്‍റെ കുഞ്ഞുങ്ങള്‍ ഓരോന്നായി
പലരും കുഞ്ഞുങ്ങളെ സ്ഥാന ഭ്രംശവും ചെയ്യും
ചില കുഞ്ഞുങ്ങളെ വേണ്ടാ, ചവിട്ടി താത്തും കഷ്ടം

കായകള്‍ മൂക്കുന്നേരം ശിരസ്സൊടിച്ചതില്‍ നിന്നും
കായക്കുലകള്‍ വെട്ടി സ്തൂപമായ്‌ നിര്‍ത്തീടാമോ?
ഉയര വൈവിദ്ധ്യത്തില്‍ കുഞ്ഞുങ്ങള്‍ ചുറ്റും നില്‍ക്കേ
ദയ ദാക്ഷിണ്യത്തോടെ നോക്കുന്നവരെന്നെ.

പൊക്കത്തില്‍ പോകുന്നേരം കായതന്‍ ഘനം മൂലം
ഒക്കില്ല താങ്ങാനെങ്കില്‍ സമയാല്‍ താങ്ങും വേണ്ടേ
ഓര്‍ക്കില്ലതു ചിലര്‍, ആവാം എന്നൊരു കൂട്ടര്‍
ഓര്‍ക്കാതെ കാറ്റും വന്നാല്‍ ഭൂമിയെ ശരണം മമ

ചന്തമാം കുലയായ്‌ നില്‍ക്കേ, മൂടോടെ വെട്ടീയെന്നെ
പന്തലിന്‍ തൂണില്‍ കെട്ടി, ഇളനീര്‍ കുലയോടൊപ്പം.
പന്തലു നീക്കുന്നേരം വര്‍ജിപ്പൂ ,കായ ശേഷം
എന്തോന്നു ചൊല്ലീടേണ്ടൂ ക്രൂരതക്കതിരുണ്ടോ?

വേദന ഗൌനിക്കാതെ നാക്കില വെട്ടീയതില്‍
സ്വാദിഷ്ട വിഭവങ്ങള്‍ വിളമ്പി ഭുജിക്കവേ
സദ്യതന്‍ മഹിമയെ ഓര്‍ക്കുമ്പോള്‍ ഓര്‍ക്കാത്തെന്തേ
ആദ്യത്തെ 'യൂസ് ആന്‍റ് ത്രോ' ഇലയില്‍ നിന്നാണത്രേ?

കേഴുന്നിതെന്തു ജനം അശ്രദ്ധമൂലം സ്വല്പം
വാഴതന്‍ കറ തന്റെ വസ്ത്രങ്ങളില്‍ കണ്ടാല്‍
പഴത്തൊലി അശ്രദ്ധമായ്‌ ഇടുന്നങ്ങും ഇങ്ങും
വീഴാനിട വന്നാല്‍ വാഴയെ പഴിക്കാമോ?

ചിന്തിച്ചു നോക്കുന്നേരം വാഴതന്‍ മനതാരില്‍
സന്തോഷപ്രദം നല്ല കാര്യങ്ങള്‍ ഉയരുന്നു
ചന്തമായ്‌ തൂക്കുന്നെന്റെ പഴങ്ങള്‍ കാണുന്നേരം
സന്തോഷത്തോടെ വാങ്ങി ഭുജിപ്പു നിസ്സംശയം

കണ്ണീരോടേ വാഴും പ്രമേഹ രോഗിക്കിപ്പോള്‍
ഉണ്ണിപിണ്ടിതന്‍ നീരും ആശ്വാസമേകുന്നില്ലേ
ഉണ്ണാനിലയിപ്പോള്‍ നിലത്തു വെക്കുന്നില്ലാ
മണ്ണും പൊടിയും തട്ടി മേശമേല്‍ ഇട്ടീടുന്നു

പഴങ്ങള്‍ കദളിയും പൂവനും മറ്റും നിത്യേ
വീഴ്ച കൂടാതെ ജനം ദേവനു സമര്‍പ്പിപ്പു
പഴത്തേ പോലെ തന്നെ നാക്കിലക്കുണ്ടൂ ഭ്രമം
കാഴ്ചക്കും,ക്രിയകള്‍ക്കും, പൂജക്കും മനോഹരം

വാടിയ വാഴക്കയ്യും പോളയും ചീന്തി നന്നായ്‌
മോടിയില്‍ നാരുണ്ടാക്കി മാലകള്‍ കെട്ടീടുന്നു
മടി കൂടാതെ മാല ദേവനില്‍ ചാര്‍ത്തുന്നേരം
മോടിതന്‍ പങ്കുണ്ടല്ലോ വാഴയാം എനിക്കെന്നും

ഇലയാണെന്നാകിലും പഴമാണെന്നാകിലും
ഫലമൂലാദികള്‍ക്കൊപ്പം മാല, പൂക്കള്‍ക്കിടെ
മൂല്യത്തോടിടം കിട്ടും പൂജദ്രവ്യങ്ങള്‍ക്കൊപ്പം
പലരീതിയില്‍ ഞങ്ങള്‍ സംപൂജ്യരാണെന്നോര്‍ക്കു





























Sunday, July 10, 2011

മാവു നട്ടു

മോഹിച്ചു ഞാനൊരു മാവു നട്ടു
സ്നേഹിച്ചു ഞാനതില്‍ നീരൊഴിച്ചു.

ആശിച്ചു ഞാനതു നോക്കി നിന്നു
മോശമില്ലാത്ത വളര്‍ച്ച കാണാന്‍

കാലഭ്രമണത്തില്‍ വേനല്‍, വര്‍ഷം
കാലേണ ശൈത്യവും മാറി വന്നു

മൂവാണ്ടന്‍ പൂക്കുവാന്‍ നീണ്ട വര്‍ഷം
മൂന്നു താണ്ടേണ്ടേ എന്നോര്‍ത്തു പോയി

കണ്ടോണ്ടിരിക്കവേ നീണ്ടു പോയി
ഉണ്ടായി ചില്ലകള്‍ അങ്ങുമിങ്ങും

ശ്രദ്ധിച്ചു നിത്യം പരിചരിക്കേ
വര്‍ദ്ധിച്ചു വണ്ണവും പത്രങ്ങളും

മാമ്പഴ കാലത്തിനാറു മാസം
മുമ്പുവന്നെത്തി മൂവാണ്ടു വര്‍ഷം

ചിന്തിച്ച പോലെയാ മാവ് പൂത്തു
ചന്തത്തില്‍ ചില്ല നിറഞ്ഞു നിന്നു

പെട്ടെന്നു കാര്‍മേഘം മൂടി നിന്നു
മൊട്ടുകള്‍ മൊത്തം കരിഞ്ഞു വീണു

ആഴ്ച്ചകള്‍ രണ്ടു കഴിഞ്ഞ ശേഷം
കാഴ്ച്ചക്കു ചില്ലറ പൂ പൊടിച്ചു

കണ്ണിനാനന്ദമാം കൊച്ചു കൊച്ചു
കണ്ണി മാങ്ങകള്‍ നന്നായ്‌ തൂങ്ങി നിന്നു

പെട്ടെന്നു കാറ്റും മഴയും വന്നു
ഞെട്ടറ്റു വീണതില്‍ പാതി ഭാഗം

കണ്ടോണ്ടു നിന്നപ്പോള്‍ നെഞ്ചു നീറി
കൊണ്ടൊന്നു ഞാനതു ഉപ്പിലിട്ടു

ശേഷിച്ച നാലഞ്ചു മാങ്ങ മാത്രം
ശേഷിച്ച ജീവനെ കൊണ്ടു നിന്നു

മാസങ്ങള്‍ രണ്ടോളമായത്തോടെ
മാങ്ങകള്‍ക്കാകൃതി വണ്ണമായി

വിശ്വാസത്തോടതു നോക്കി നിന്നു
ആശിച്ചു മമ്പഴം പൂണ്ടു തിന്നാന്‍

വീട്ടിലൊരുദിനം സദ്യ വന്നു
കൂട്ടത്തില്‍ മാങ്ങക്കറിയും വന്നു

ആശങ്കയോടെ ഞാന്‍ മാവില്‍ നോക്കി
മോശം, അതിലൊരു മാങ്ങ പോയി

ശേഷിച്ച നാലെണ്ണം തൊട്ടുരുമ്മി
പോഷിച്ചു തൂങ്ങീതും നോക്കി നിന്നു

കോടി മാവിന്‍റെ ആദ്യത്തെ മാമ്പഴം
മോടിയില്‍ ദേവനു നേദ്യമാക്കം

പാറാവു കാരനെ പോലെയെന്നും
കൂറോടെ ശ്രദ്ധിച്ചു നോക്കി നിന്നു

കാക്കയൊരുദിനം വന്നിരുന്നു
കൊത്തി കൊത്തിയൊന്നു താഴെയിട്ടു

പാതി ഭാഗത്തിലെ കാമ്പു മൊത്തം
കൊതിയോടെ തിന്നതും നഷ്ടമാക്കി

ബാക്കിയാം മൂവാണ്ടന്‍ മൂന്നു മാത്രം
നോക്കി രക്ഷിക്കുവാന്‍ മാര്‍ഗം തേടേ

പിറ്റേന്നു കാലത്തു ഞെട്ടിയറ്റു
മറ്റൊരു മാങ്ങയും വീണു താഴെ

കാക്കതന്‍ കൊത്തിന്റെ ശക്തിയാണോ
വക്കത്തെ മാങ്ങതന്‍ ഞെട്ടി പൊട്ടാന്‍

കയ്യിലെടുത്തോന്നു നോക്കി നന്നായ്‌
അയ്യേ ചതഞ്ഞതും നാശമായി

രണ്ടുണ്ടു മൂവാണ്ടന്‍ മാങ്ങയിപ്പോള്‍
വേണ്ടപോല്‍ എന്തേലും ചെയ്തിടേണ്ടേ

ഞെട്ടോടെ പൊട്ടിച്ചു പൊതിഞ്ഞു മെല്ലെ
കൊട്ടയില്‍ വൈക്കോലില്‍ പുഴ്ത്തി വെച്ചു

രണ്ടു ദിന ശേഷം നോക്കിയപ്പോള്‍
കണ്ടു നിറം മഞ്ഞ മാമ്പഴങ്ങള്‍

ഒന്നതില്‍ ദേവനു നേദ്യ മാക്കി
വന്നതും മറ്റേതു പൂണ്ടു വെച്ചു.

എല്ലാരും മാധുര്യമോടെ തിന്നു
നല്ലതെന്നോതി പ്രതികരിച്ചു

കാലേണ വൃക്ഷം വളര്‍ന്നു നന്നായ്
ചില്ലകള്‍ കൂടി പടര്‍ന്നു നിന്നു

പിന്നത്തെ വര്‍ഷത്തിലാകമൊത്തം
നന്നായി പൂത്തു ഫലം നിറഞ്ഞു

മാങ്ങകള്‍ അങ്ങിങ്ങു തൂങ്ങി നില്‍ക്കേ
മനതാരില്‍ ആനന്ദം നൃത്തമാടി




























Wednesday, June 29, 2011

ശ്വാവ്‌ - സ്വദേശി വിദേശി വീക്ഷണം


കുക്കുടം കൂവിയപ്പോള്‍ കാക്കകള്‍ കരഞ്ഞപ്പോള്‍
അര്‍ക്കനുദിച്ചപ്പോള്‍ പ്രഭാതം വിടര്‍ന്നപ്പോള്‍
തര്‍ക്കമില്ലാതെയഹം ഗമിച്ചു പതിവുപോല്‍
പാര്‍ക്കിലേക്കുള്ള നടപ്പാതതന്‍ ചാരത്തൂടെ

മുന്നിലൊരു വൃദ്ധന്‍ മല്ലിട്ടു ഗമിക്കുന്നു
പിന്നിലെ ശ്വാവിന്‍ ഗളചങ്ങല വലിക്കുന്നു
ഒന്നിച്ചു നീങ്ങാനൊട്ടും വഴങ്ങുന്നീലാ ശ്വാനന്‍
പിന്നോക്കവും ഇരു ഭാഗവും തത്തീടുന്നു

കണ്ടാലാരോഗ്യവും ശൌര്യവുമുണ്ടെന്നാലും
പാണ്ടനും മുറിവാലനുമാണാ മൃഗം
കണ്ടാലവനൊരു പാശ്ചാത്യപ്പിറവിതാന്‍
തൊണ്ടപൊട്ടീടും വണ്ണം മല്ലിട്ടു കുരക്കുന്നു

തല്‍ക്ഷണമെവിടുന്നോ പ്രത്യക്ഷപ്പെട്ടു പിന്നില്‍
വീക്ഷണത്തോടെ ചില സ്വദേശിപ്പിറവികള്‍
ലക്ഷണക്കേടാണല്ലോ ഓര്‍ത്തവര്‍ മനതാരില്‍
വീക്ഷിച്ചകമ്പടിയെന്നോണം കൂടി പിന്നില്‍

നോക്കെടാ പാശ്ചാത്ത്യനെ വികലാംഗരല്ലാ ഞങ്ങള്‍
തക്കത്തില്‍ വളഞ്ഞൊരു വാലിനെ ദര്‍ശിച്ചാലും
എക്കാലം ശ്രമിച്ചിട്ടും ജയിച്ചില്ലൊരുത്തനും
പൊക്കത്തില്‍ നിവര്‍ത്താനും നേരെ നിര്‍ത്താനും മറ്റും

അരിശത്താല്‍ മുറിവാലന്‍ മുരണ്ടും മൂളിക്കൊണ്ടും
ഗൌരവത്തോടെ തെണ്ടിപ്പട്ടികളോടോതിയവന്‍
നേരിട്ടു വീക്ഷിക്കുവിന്‍ ഉണ്ടെനിക്കെജമാനന്‍
നേരത്താഹാരവും സ്നാനവുംനല്‍കീടുവാന്‍

കഴുത്തില്‍ ചെറിയൊരു ചങ്ങലയുണ്ടെന്നാലും
വാഴാനെനിക്കൊരു കൊച്ചു പാര്‍പ്പിടമുണ്ട്
മുഴുവന്‍ ദിനമെന്നെ ബന്ധിക്കില്ലൊരിക്കലും
കഴുത്തിന്‍ ചങ്ങലയൂരും രാത്രിയിലെന്നുമെന്നും

ഇറച്ചിയും പാലും മറ്റും സുഭിക്ഷമാണെനിക്കെന്നും
പാറാവാണെങ്കിലും ഖേദമില്ലൊരിക്കലും
വീറോടെ കുരച്ചു ഞാന്‍ റോന്തുചുറ്റിയാല്‍ പിന്നെ
കേറില്ലൊരുത്തനും എന്‍ നാഥ ഭവനത്തില്‍

പേനില്ലെന്‍ ശരീരത്തില്‍ മറ്റു പ്രാണികളില്ലാ
ഗൌനിക്കാന്‍ ആളുള്ളപ്പോള്‍ പേടിക്കേണ്ടാ വൃഥാ
മേനിതന്നാരോഗ്യത്തിന്‍ വ്യാകുലം വേണ്ടാ തീരേ
എനിക്കവര്‍ ഇന്‍ജെക്ഷനും മരുന്നും നല്‍കീടുന്നു

തെണ്ടി പട്ടികള്‍ ഒട്ടും തോറ്റില്ലവന്‍ മുമ്പില്‍
തൊണ്ട പൊട്ടീടും വണ്ണം തിരിച്ചവരോതി
മണ്ടനാണെടാ നീയാകാരാഗൃഹത്തിലെന്നും
കൊണ്ടാലറിയണം ജീവിത ദൌര്‍ബല്യങ്ങള്‍

കുടുംബ ജീവിതമുണ്ടോ ഇഷ്ടഭാജനമുണ്ടോ
കടപ്പാടില്ലാതൊന്നു തെണ്ടുവാന്‍ കഴിയുമോ
വീടില്ലെങ്കിലും ഞങ്ങള്‍ തെണ്ടുന്നു സ്വതന്ത്രമായ്‌
ഇഷ്ട ഭോജനമാവാം ഇഷ്ട ഭാജനമാവാം

ആരെവേണേലും ഞങ്ങള്‍ക്കാക്കാം യജമാനന്‍
ആരുടെ നേര്‍ക്കും ഞങ്ങള്‍ വാലാട്ടി സ്നേഹം കാട്ടും
ആരുടെ ഗൃഹത്തിലും ഭദ്ര നിദ്രയുമാവാം
ആരോടും ചോദിക്കാതെ രാപ്പകല്‍ ഉറങ്ങീടാം

ഞങ്ങള്‍തന്‍ സൌകര്യത്തില്‍ അസൂയ തോന്നുന്നെങ്കില്‍
ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹം തോന്നുന്നെങ്കില്‍
പൊങ്ങച്ചം വിട്ടു വേഗം ചങ്ങല പൊട്ടിച്ചോ നീ
ഞങ്ങളുണ്ടല്ലോ നിന്നെ സ്വാഗതം ചെയ്തീടുവാന്‍



















Friday, June 24, 2011

ക്ഷേത്ര കലാകാരന്‍ പ്രായവും മോഹവും




അമ്പലവാസിയായ്‌ ജന്മം താണ്ടിക്കൊണ്ടിരിക്കവേ
ഇമ്പമാം സ്മരണകള്‍ താലോലിച്ചുണരുന്നു

സപ്തതി ആഘോഷിച്ചു നിര്‍വൃതിപൂണ്ടു പക്ഷെ
കേവലം മോഹങ്ങള്‍തന്‍ ചുരുളുകളഴിയുന്നു

പ്രഭാതം വിടരും മുമ്പേ ശംഖൊലി മുഴങ്ങവേ
പ്രഭാവത്തോടെ ശംഖിന്‍ ഓംകാരമൂതാന്‍ മോഹം

കുളിരേകും പ്രഭാതത്തില്‍ ഭൂതകാലത്തെപോലെ
കുളത്തില്‍ കുളിക്കാനും നീന്താനുമതിമോഹം

വിറക്കും കരങ്ങള്‍ പക്ഷെ ഇടക്കയില്‍ ശ്രുതിമീട്ടി
നിറഞ്ഞ ഭക്ത്യാ കൊട്ടി പാടുവാനൊരു മോഹം

ഉത്സവം വരുന്നേരം പ്രമാണിയായി തന്നെ
ഉത്സാഹത്തോടെ പാണ്ടി പഞ്ചാരി കൊട്ടാന്‍ മോഹം

കസേര ഹസ്തങ്ങളില്‍ കൈവിരല്‍ താളം മീട്ടെ
രസമായ്‌ കേളിയേറും കേളി കൊട്ടുവാന്‍ മോഹം

പഞ്ചവാദ്യത്തിന്‍ നാദം കര്‍ണത്തില്‍ പതിക്കവേ
മൊഞ്ചേറും ടീമിന്‍ മദ്ധ്യേ താനാവാനൊരു മോഹം

വാതവും നീരും പൂണ്ട കാല്‍ മുട്ടില്‍ ചെണ്ട താങ്ങി
മതിയാവോളം കൊട്ടി പൊന്നാട വാങ്ങാന്‍ മോഹം

സരസ്വതി വിലാസങ്ങള്‍ തിമല ചെണ്ടയില്‍ കേള്‍ക്കെ
സരസമായതിന്മീതെ ഒന്ന് കൈവെക്കാന്‍ മോഹം

നടക്കാന്‍ വയ്യെന്നാലും വാദ്യക്കാര്‍ക്കിടെ മെല്ലെ
കോടിയും തോളിലിട്ടു വിലസാനൊരു മോഹം

ഉണ്ടല്പം പ്രമേഹവും മരുന്നുകള്‍ എന്നാകിലും
ഉണ്ടെണീക്കും മുന്‍പേ പായസമു ണ്ണാന്‍ മോഹം

വെറുതെയിരിക്കുമ്പോള്‍ മയങ്ങാന്‍ തോന്നും പക്ഷെ
ഉറക്ക ഗുളികകള്‍ വര്‍ജിച്ചുറങ്ങാനൊരു മോഹം

വെപ്പു പല്ലാണെങ്കിലും കൂട്ടുകാരോടൊപ്പം നന്നായ്‌
ഉപ്പേരി കടിക്കാനും സ്വാദറിയാനും മോഹം

പ്രഷറുണ്ടെന്നാകിലും സാമാന്യം അമ്ലം ചേര്‍ത്തു
ദോഷങ്ങള്‍ മറന്നല്പം കറികള്‍ കൂട്ടാന്‍ മോഹം

മക്കളെല്ലാം തന്നെ സന്ദര്‍ശിച്ചന്വേഷിക്കേ
മക്കളില്‍ ചിലര്‍ കൂടെ വേണമെന്നൊരു മോഹം

കാഴ്ച്ച കുറവെന്നാലും ദ്വൈമാസ നിര്‍മാല്യത്തെ
വീഴ്ച്ച കൂടാതെ നന്നായ്‌ വായിക്കാനൊരു മോഹം

വാര്‍ദ്ധക്യ സഹജമാം അപ്രിയ ചാപല്യങ്ങള്‍
വര്‍ദ്ധിക്കും മുന്‍പേ ജന്മസായൂജ്യം തേടാന്‍ മോഹം













Tuesday, August 19, 2008

അച്ഛന്‍ - ഒരു സ്മരണാഞ്ജലി

ആറടിയോളം പൊക്കം മുട്ടോളമെത്തും കൈകള്‍

നിറമാണേലും മെച്ചം പാദങ്ങള്‍ക്കടിയോ ദൈര്‍ഘ്യം

വീറോടെ കാര്യങ്ങളെ നേരിടാന്‍ മനോധൈര്യം

നിറയും വാത്സല്യത്തിന്‍ നാഥനായിരുന്നച്ഛന്‍

സ്വഭവനത്തെ വിറ്റു ത്യാഗഭാവനയോടെ

സ്വപത്നിതന്‍ വാസേ നാഥനായ് വാഴുന്നേരം

സ്വാര്‍ത്ഥത തീണ്ടീടാതെ നാളുകള്‍ താണ്ടീടുവാന്‍

സ്വാഭിമാനത്തോടെ നേരിട്ടാന്‍ ദാരിദ്രത്തെ

ക്ഷേത്രജോലിതന്‍ നാമേ മാസപ്പടിയായ് ലഭ്യം

എത്ര തുച്ഛമാം നെല്ലും ചില്ലറ വല്ലപ്പോഴും

രാത്രിയും പകലുമായ് ചെണ്ടയും പേറി കേറി

എത്രയോ ക്ഷേത്രങ്ങളില്‍ സമ്പാദ്യം തേടി തേടി

അഷ്ടിക്കു കേഴുന്നേരം കഷ്ടിച്ചാണെന്നാകിലും

കഷ്ടപെട്ടതു നല്കും അച്ഛനെ ഓര്‍ക്കുന്നു ഞാന്‍

ഇഷ്ടമാണച്ഛന്നെന്നും ദാനവും ധര്‍മങ്ങളും

കഷ്ടമെങ്കിലും ഓരോ സുദിനങ്ങളാഘോഷിക്കാന്‍

വിഷു വന്നെത്തുന്നേരം എങ്ങിനെ എവിടുന്നോ

വിഷു കൈനീട്ടം നല്കാന്‍ ചില്ലറ ഒരുക്കുന്നു

വിഷമങ്ങളറിയിക്കാതെ വിഷുക്കണി ഒരുക്കുന്നു

വിഷുച്ചക്രവും പിന്നെ മെത്താപ്പും പടക്കവും

പണമില്ലെന്നാകിലും വായ്പയാണെന്നാകിലും

ഓണമായെല്ലാവര്‍ക്കും ഓണക്കോടികള്‍ വാങ്ങും

ഓണമായാത്യാവശ്യം സദ്യകളൊരുക്കുന്നു

കണ്ണഞ്ചിക്കും നല്ല നേന്ത്ര കുലയും കാണും

ചാണകം മെഴുകിത്തേച്ച മുറ്റത്തു വിദഗ്ദ്ധമായ്

അണിയാനച്ഛന്നുള്ള നൈപുണ്യം പ്രകീര്‍ത്തിതം

ഓണമായ് മനോഹര തൃക്കാകരപ്പന്‍ പിന്നെ

ഓണത്തപ്പനെ നന്നായ് നിര്‍മിക്കുന്നതും കാണാം

പണിയുണ്ടെന്നാകിലും പണിക്കാരുണ്ടാവില്ലാ

പണമുണ്ടാക്കാനുള്ള പണിയാണല്ലോ പണി

വേണമെന്നുത്സാഹിച്ചാല്‍ മടികൂടാതെ അച്ഛന്‍

പണികളൊരോന്നായി സ്വയമേ ചെയ്തീടുന്നു

തെങ്ങിന്‍ മുകളില്‍ കേറി തേങ്ങകള്‍ അടര്‍ത്തീടും

തെങ്ങിന്‍ പട്ടകള്‍ വെട്ടി തടുക്കായ് മടയുന്നു

തെങ്ങിന്‍ ചുവട്ടില്‍ നല്ല തടങ്ങള്‍ തീര്‍ത്തിട്ടതില്‍

തിങ്ങും പൊന്തകളിട്ടു മണ്ണിട്ട്‌ മൂടീടുന്നു

പുളിവൃക്ഷത്തില്‍ കേറി ചില്ലകള്‍ കുലുക്കുന്നു

പുളികള്‍ വീഴ്ത്തി അവ പെറുക്കി കൂട്ടീടുന്നു

പുളിതന്‍കൊമ്പും പിന്നെ പടുവൃക്ഷവുംവെട്ടി

ഉള്ളതു മുഴുവന്‍ നല്ല വിറകായ് കീറീടുന്നു

വീട്ടു വളപ്പില്‍ കാണും പൊന്തകളെല്ലാം തന്നെ

വെട്ടി തെളിച്ചു നന്നായ് കിളച്ചു മറിച്ചതില്‍

നട്ടുവളര്‍ത്തും ചില കായ്ക്കറിയതിന്നിടെ

ഒട്ടേറെ ചേമ്പ് ചേന വാഴകള്‍ പലതരം

ഓലപ്പുരതന്‍ മേച്ചില്‍ ഭാരമായ് തീര്‍ന്നീടാവേ

കാലേണ അതുമൊരു ഓടിട്ട വീടായ് മാറ്റി

പല പ്രാവശ്യം പലര്‍ നിഷ്ഫലം ശ്രമിച്ചേലും,

ഫലിച്ചെന്നച്ഛന്‍ ശ്രമം കിണറു കുഴിച്ചേലും

മനം നൊന്തിട്ടച്ഛന്‍ പ്രാര്‍ത്തിച്ചു കാണും നിത്യം

മോനോരുദ്യോഗം കിട്ടാന്‍ സഹായഹസ്തം നീട്ടാന്‍

എനിക്കൊരു ജോലി കിട്ടി, മറുനാട്ടിലാണെന്നാലും

ഞാനെന്‍ കടമയില്‍ നിര്‍വൃതി പൂണ്ടു , പക്ഷെ

അദ്ധ്വാനവും പിന്നെ തുടര്‍ന്ന കഷ്ടപ്പാടും

വാര്‍ദ്ധക്യ കാലത്തച്ഛന്‍ രോഗ പീഡിതനായി

ശ്രദ്ധിക്കാനാളില്ലാതെ വയ്യെന്ന തോന്നല്‍ മൂലം

അര്‍ദ്ധ സമ്മതത്തോടെ വന്നെന്‍ കൂടെയച്ഛന്‍

മറുനാട്ടില്‍ അച്ഛനെന്നും സുഖമായിരിക്കാനും

ഏറിയ രോഗങ്ങളെ അവശ്യം ചികില്‍സിക്കാനും

കൂറോടെ ശ്രമിച്ചേലും വിട്ടുമാറീലാ ചില

മാറാവ്യാധിയെപോലെ ശ്വാസം മുട്ടലും മറ്റും

ഓര്‍ക്കാപ്പുറത്തുള്ള വീഴ്ചയില്‍ എല്ലും പൊട്ടി

നോക്കുവാനാളും വേണം നടക്കാന്‍ വയ്യാതായി

എല്ലിനെ യോജിപ്പിക്കാന്‍ നടക്കാറാക്കി തീര്‍ക്കാന്‍

ഇല്ല മറ്റൊരു മാര്‍ഗം ഒപ്പറേഷനതും ചെയ്തു

അല്ലലുണ്ടായി ലേശം വേദന മരുന്നുകള്‍

മല്ലിട്ടു വ്യായാമവും കാലൂന്നി നില്‍ക്കാറായി

ഓര്‍ക്കുന്നു ദൈവത്തെ ഞാന്‍ നടക്കാറാക്കി തന്നു

വാക്കറും ശേഷം ഒറ്റ വടിയും കുത്തി കുത്തി

ദശവര്‍ഷത്തിലേറെ വസിച്ചെന്‍ കൂടെത്തന്നെ

മോശമില്ലാതെ തന്നെ ശ്രദ്ധിച്ചു പിതാവിനെ

വാര്‍ദ്ധക്യത്തോടൊപ്പം രോഗ പീഡയും മുലം

വര്‍ധിച്ചു വന്നൂ ക്ഷീണം ദിനങ്ങള്‍ മുന്നീടവേ

പെട്ടെന്നോരുദിനം വയ്യാതായി ശ്വാസം

കിട്ടാതെ വന്നന്നേരം ആസ്പത്രി ശരണം തേടി

ഡോക്ടറോടൊപ്പം ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കവേ

കഷ്ടത വിട്ടിട്ടച്ഛന്‍ പരലോകത്തെ പൂണ്ടു

അന്ത്യമായാസ്പത്രിതന്‍ ആമ്പുലന്‍സതില്‍ കേറി

പോകുന്ന നേരത്തച്ഛന്‍ എന്നോണ്ടിങ്ങനെ ചൊല്ലി

തിരിച്ചു വരുമോ ഞാനെന്നറിയില്ലാ, എന്നാലും നീ

നോക്കിക്കോ അമ്മ, ഭാര്യ, കുട്ട്യോളെയെല്ലാം നന്നായ്‌

അന്നു ഞാനറിഞ്ഞീല ജീവനോടച്ഛന്‍ ഇനി

വന്നു കേറുകയില്ലാ, ഞങ്ങളെ നയിക്കുവാന്‍










Monday, July 21, 2008

മുത്തശ്ശന്‍ - ഒരോര്‍മ്മക്കുറിപ്പു്

ഊം ...ഊം .......ഊം ........ഇതു മുത്തശ്ശന്റെ മൂളലാ . ദൂരെ നിന്നു തന്നെ കേള്‍ക്കാം. എന്റെ അമ്മയുടെ അച്ഛന്‍ . വെറുതെ മൂളികൊണ്ടിരിക്കും . സംഗീത ലയം പോലെ . ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍ എത്തുമ്പോള്‍ തന്നെ കേള്‍ക്കാം . പാലത്തോള്‍ ഒരു കൃഷ്ണ ക്ഷേത്രമുണ്ട് . അതിന്റെ തെക്കാണ് ഞങ്ങളുടെ വീട് . തെക്കേ പൊതുവാട്ടില്‍. ക്ഷേത്രത്തിന്റെ വടക്കു
മറ്റൊരു വീടുണ്ട് . വടക്കേ പൊതുവാട്ടില്‍. മുത്തശ്ശന്‍ വന്നാല്‍ അവിടെ തങ്ങും. തറവാട് ചെര്‍പ്പുളശ്ശേരീലാ . ഇടക്കൊക്കെ പാലത്തോള്‍ വരും . വന്നാല്‍ കുറച്ചകലെനിന്നു തന്നെ മൂളല്‍ കേള്‍ക്കാം .
ഊം ....ഊം ......ഊം ....മുത്തശ്ശന്‍ തന്നെ . സമയം കിട്ടുമ്പോഴൊക്കെ പേനകത്തിയുമായി ഇറങ്ങും . എന്തിനാണെന്നോ ?, കൊച്ചു കൊച്ചു പച്ച പുല്ലുകളരിയാന്‍. കുറെ ചെറിയ കെട്ടുകളാക്കി വീട്ടിലുള്ള പശുക്കള്‍ക്കും കുട്ടികള്‍ക്കും തീറ്റ കൊടുക്കാന്‍ . മുത്തശ്ശനെ കണ്ടാല്‍ അവ സ്നേഹം കാട്ടാന്‍ തുടങ്ങും ഇമ്പേ ..ഇമ്പേ ...ഇമ്പേ പുല്ലു കിട്ടുന്നതുവരെ തുടരും. കിട്ടിയാല്‍ തല കുലുക്കി കുലുക്കി തിന്നും. മുത്തശ്ശനും അവരെ വലിയ ഇഷ്ടമാ . ചെര്‍പ്പുളശ്ശേരി തറവാട്ടിലും പശുക്കളുണ്ട് . അവിടെയും മുത്തശ്ശന് ഇതു തന്നെയാണ് രീതി .

ഞാന്‍ മുത്തശ്ശനെ സ്കൂളില്‍ പഠിക്കുമ്പോഴാണ് അറിയുന്നത് . നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ . മുത്തശ്ശന് നല്ല ഉയരമുണ്ടായിരുന്നു ട്ട്വോ .ആറടി ഉണ്ടാകുംന്നാ തോന്നണ്. അപ്പോള്‍ തന്നെ തല നരച്ചിരുന്നു . മാറത്തെ നരച്ച രോമം കാണാന്‍ നല്ല ചന്തമായിരുന്നുട്ടോ. എപ്പോഴും ഒരു തോര്‍ത്ത്‌ ഇടത്തേ ചുമലില്‍ കാണാം . മുറുക്കുണ്ടായിരുന്നതിനാല്‍ ഒരു ചെല്ലപ്പെട്ടി മടിയിലും . അതിലെ പേനക്കത്തിയാ പുല്ലു മുറിക്കാന്‍ ഉപയോഗിക്ക്യാട്ട്വോ. ചൂണ്ടാണി വിരലിന്റെ തലപ്പത്ത് എപ്പോഴും വെളുത്ത നിറം . വലത്തേ കയ്യിന്റെ , എന്താണെന്നറിയോ? ചുണ്ണാംബിന്‍റെയാ. പുല്ലരിയുമ്പോള്‍ ശരിക്കും കാണാം .
ഊം ...ഊം......ഊം.... മുത്തശ്ശന്‍ തന്നെ. മുറുക്കിയിട്ടുണ്ടെങ്ങിള്‍ ശബ്ദം ഒന്നു കൂടി ഘനത്തിലാകും.
ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍നിന്നു പടിക്കിലേക്ക് ഒരു വരംബുണ്ട് . ഇടത്ത് ഭാഗത്ത് ഒന്നര ആള്‍ ഉയരത്തില്‍ ഒരു മണ്‍ത്തിട്ടും മുകളില്‍ വേലിയും . മണ്‍ത്തിട്ടു നിറയെ ചെറു പുല്ലു കാണാം . മുത്തശ്ശന്‍ അതെല്ലാം എത്തിവലിഞ്ഞു അരിയും. അവിടെയെല്ലാം ധാരാളം മാളങ്ങളുണ്ട്. ഇടക്കിടെ പാമ്പുകളും കാണാറുണ്ട് . മുത്തശ്ശന് എന്താ പേടിയൊന്നും ഇല്ലേ . വലിയ ആളല്ലേ . അതുകൊണ്ടാവാം . പാമ്പുകള്‍ക്ക് ചെവി കേള്‍ക്കുമ്പോള്‍ കണ്ണ് കാണില്ല എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ടാവാം മുത്തശ്ശന് പേടിയില്ലാത്തത് അല്ലെ .
മുത്തശ്ശന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പടിക്ക് പുറത്തിറങ്ങി നോക്കി നില്ക്കും . വേണ്ടത്ര പുല്‍ കിട്ടിയില്ലെങ്കില്‍ മുത്തശ്ശന്‍ ഞങ്ങളുടെ വീട്ടിലും വരും. എന്നെ കണ്ടാല്‍ രാധേ ....എന്ന് വിളിക്കും .എന്നോട് എന്ത് സ്നേഹമാണെന്നോ. അമ്മെ കണ്ടാല്‍ അമ്മുട്ട്യെ എന്നാണ് വിളിക്ക്യ . മുത്തശ്ശിയോടു മുത്തശ്ശന്‍ ഒന്നും പറയാറില്ല . എന്താ എന്നറിയില്ല . ഞങ്ങളുടെ വീട്ടില്‍ നിന്നു കുറെ പുല്ലരിയും . ചിലപ്പോള്‍ കുറച്ചുനേരം ഇരിക്കും . ഞാന്‍ ഒപ്പം നില്ക്കും . അത് എനിക്ക് നല്ല ഇഷ്ടാ .

മുത്തശ്ശന് സീല്‍ ഉണ്ടാക്കാനും അറിയും . മുരിക്കിന്റെ വലിയ മുള്ള് തട്ടിയെടുത്ത് , പരന്ന ഭാഗം മിനുസമാക്കി കൊടുത്താല്‍ മുത്തശ്ശന്‍ അതില്‍ കണ്ണാടി അക്ഷരങ്ങള്‍ കൊത്തി തരും . പേനകത്തി ഉപയോഗിച്ചുതന്നെ . പിന്നീട് ആ ഭാഗം മഷിപുരട്ടി പേപ്പറില്‍ അമര്‍ത്തിയാല്‍ പേരു ശരിക്കും വരും .
മുത്തശ്ശന് രണ്ടു ദിവസം താമസം ഉണ്ടെങ്കിലേ പറ്റു. എനിക്ക് കുറെ പ്രാവശ്യം തന്നിട്ടുണ്ട് .
മുത്തശ്ശന്‍ വല്ലപ്പോഴും എനിക്ക് ഒരണ(പണ്ടത്തെ നാണയം ) തരും . മിഠായി വാങ്ങിക്കാന്‍ . ഞാനെന്തു ചെയ്യുമെന്നോ ? ഒരു മുക്കാലിന് ഒരു മിഠായി വാങ്ങും . ബാക്കി മൂന്നു ഓട്ടമുക്കാല്‍ വാങ്ങി അരയിലെ ചരടില്‍ കെട്ടും . ഒരണക്ക് നാലുമുക്കാല്‍ ആണല്ലോ . അരയില്‍ കെട്ടിയില്ലെങ്ങില്‍ പോക്കാ . അന്നൊക്കെ ദാരിദ്രം ആഘോഷിക്കുന്ന കാലമല്ലേ ? എന്നാലും ചിലപ്പോള്‍ അമ്മ വാങ്ങിക്കും. അമ്മ ചോദിച്ചാല്‍ എങ്ങിനെയാ കൊടുക്കാണ്ടിരിക്കാ .
മുത്തശ്ശന് അത്യാവശം കൊട്ടാന്‍ അറിയാം. ആയതിനാല്‍ പല സ്ഥലത്തുംവെച്ചു കാണാം . ഏലംകുളം മന , മാട്ടയ്കുന്നു ക്ഷേത്രം, പാലത്തോള്‍ ക്ഷേത്രം അങ്ങിനെ പലേടത്തും . ഞങ്ങള്‍ കുട്ടികളും അവിടങ്ങളില്‍ കൊട്ടാന്‍ കൂടാറുണ്ട് . അപ്പൊ മുത്തശ്ശനെ കാണും. ഞാന്‍ കണ്ടാല്‍ ഓടി ചെല്ലും .
മുത്തശ്ശന് കൊട്ടിന്റെ പൈസ കിട്ടിയാല്‍ എനിക്ക് രണ്ടണ, നാലണ ഒക്കെ തരും . എന്റെ പൈസ അച്ഛനാണ് വാങ്ങാന്‍ . എനിക്കൊന്നും കിട്ടില്ല . അച്ഛന്‌ വീട്ടിലെ കാര്യം നോക്കേണ്ടേ . മുത്തശ്ശന്‍ തന്ന പൈസ ഞാന്‍ ഓട്ടമുക്കാലാക്കും, അരയില്‍ കെട്ടാന്‍. അല്ലെങ്കില്‍ പോക്കാ . ചിലപ്പോള്‍ മിഠായി വാങ്ങും , അല്ലെങ്കില്‍ ചില്ലറ കിട്ടില്ല .
ഏലംകുളം മനപോലെ ചില സ്ഥലങ്ങളില്‍ സദ്യ കാണും . അപ്പൊ ഞാന്‍ മുത്തശ്ശന്റെ കൂടെയാ ഇരിക്കാ . എന്തിനാന്നോ , മുത്തശ്ശന് കിട്ടുന്ന വറുത്ത ഉപ്പേരി എനിക്ക് തരും . അതും എന്റെയും കൂട്ടി ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ ഇടും . ചിലപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി എല്ലാവര്‍ക്കും കൊടുക്കും . ചിലപ്പോള്‍ ഞാന്‍ തന്നെ തിന്നോണ്ടിരിക്കും . ചിലപ്പോള്‍ പാട്ടിന്റെ കളംപൂജ കഴിങ്ങാല്‍ നെയ്യപ്പം കിട്ടും. മുത്തശ്ശന്റെ ഓഹരികൂടി എനിക്ക് തരും .

ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ തായമ്പകക്കു വട്ടം പിടിക്കാന്‍ കൂടും . ആദ്യം ഒക്കെ സുഖമാ . പിന്നീട് മുറുകുമ്പോള്‍ കയ്യെത്തില്ല . അപ്പോള്‍ മുത്തശ്ശന്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ എന്റെ കയ്യില്‍ നിന്നു ചെണ്ട വാങ്ങും . മുത്തശ്ശന് അറിയാം എന്റെ വിഷമം . പാലത്തോള്‍ നിന്നു ഏലംകുളം മനക്കിലേക്ക് പാടം വഴി നടന്നുവേണം പോകാന്‍ . മുത്തശ്ശന്‍ ചെണ്ടയും ചുമലില്‍ ഇട്ടു പോകുന്നത് ഞാന്‍ നോക്കി നില്ക്കും . ഇടത്തെ ചുമലിലെ ചെണ്ട മുതുകിലെക്കാക്കി ഒരു തോര്‍ത്ത്‌ രണ്ടു കൈകൊണ്ടും തലയ്ക്കു മേല്‍ പിടിക്കും . വെയില്‍ കൊള്ളതിരിക്കാനാ. അങ്ങ് കാണാതാവുന്നതുവരെ നോക്കി നില്ക്കും .നല്ല രസമാ

ഞാന്‍ വല്ലപ്പോഴും ചെര്‍പ്പുളശ്ശേരി പോകാറുണ്ടായിരുന്നു . അപ്പോള്‍ മുത്തശ്ശനെ കാണാന്‍ പോകാറും ഉണ്ട് . ഒരു ദിവസം വാദ്യക്കാര്‍ക്കിടയില്‍ ഒരു സംസാരം കേട്ടു. "രാവുണ്ണി പൊതുവാളുടേതു ഒരു സുഖ മരണമായിരുന്നു . ഉറക്കത്തിലാണത്രേ ഉണ്ടായത്. ഭാഗ്യവാനാ . മിണ്ടാപ്രാണിയായ നാല്കാലികള്‍ക്ക് കുറെ പുല്ലു കൊടുത്തതല്ലേ . അതിന്റെ ഗുണം കാണാതിരിക്കുമോ " . ഇതു കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് മുത്തശ്ശന്‍ ഞങ്ങളെ വിട്ടു പോയിന്നു . അമ്മയോ മുത്തശ്ശിയോ ഒന്നും പറഞ്ഞില്ല . അവര്‍ പോയോ എന്നും അറിയില്ല. മുത്തശ്ശന് വേറെ ഭാര്യയോ മക്കളോ ഉള്ളതായി കേട്ടിട്ടില്ലാ . അമ്മയും ഞാനും തന്നെ . എനിക്ക് കേട്ടപ്പോ ഒരുപാടു വിഷമം തോന്നി. ഞാനറിയാതെ എന്റെ അരയിലെ ചരടില്‍ ഒന്നു തലോടി . അപ്പോള്‍ ഓട്ടമുക്കാല്‍ ഉണ്ടായിരുന്നില്ല . കരയണമെന്നു തോന്നി .മരണ വാര്‍ത്ത‍ കെട്ട് അപ്പോള്‍ തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ തിര്‍ച്ചയായും കുറച്ചു നേരമെങ്കിലും പുല്ലു തിന്നു കാണില്ലാ . മുത്തശ്ശന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കില്ല. തിന്ന പുല്ലിനു നന്ദി കാണിക്കാതിരിക്കുമോ.