Monday, July 21, 2008

മുത്തശ്ശന്‍ - ഒരോര്‍മ്മക്കുറിപ്പു്

ഊം ...ഊം .......ഊം ........ഇതു മുത്തശ്ശന്റെ മൂളലാ . ദൂരെ നിന്നു തന്നെ കേള്‍ക്കാം. എന്റെ അമ്മയുടെ അച്ഛന്‍ . വെറുതെ മൂളികൊണ്ടിരിക്കും . സംഗീത ലയം പോലെ . ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍ എത്തുമ്പോള്‍ തന്നെ കേള്‍ക്കാം . പാലത്തോള്‍ ഒരു കൃഷ്ണ ക്ഷേത്രമുണ്ട് . അതിന്റെ തെക്കാണ് ഞങ്ങളുടെ വീട് . തെക്കേ പൊതുവാട്ടില്‍. ക്ഷേത്രത്തിന്റെ വടക്കു
മറ്റൊരു വീടുണ്ട് . വടക്കേ പൊതുവാട്ടില്‍. മുത്തശ്ശന്‍ വന്നാല്‍ അവിടെ തങ്ങും. തറവാട് ചെര്‍പ്പുളശ്ശേരീലാ . ഇടക്കൊക്കെ പാലത്തോള്‍ വരും . വന്നാല്‍ കുറച്ചകലെനിന്നു തന്നെ മൂളല്‍ കേള്‍ക്കാം .
ഊം ....ഊം ......ഊം ....മുത്തശ്ശന്‍ തന്നെ . സമയം കിട്ടുമ്പോഴൊക്കെ പേനകത്തിയുമായി ഇറങ്ങും . എന്തിനാണെന്നോ ?, കൊച്ചു കൊച്ചു പച്ച പുല്ലുകളരിയാന്‍. കുറെ ചെറിയ കെട്ടുകളാക്കി വീട്ടിലുള്ള പശുക്കള്‍ക്കും കുട്ടികള്‍ക്കും തീറ്റ കൊടുക്കാന്‍ . മുത്തശ്ശനെ കണ്ടാല്‍ അവ സ്നേഹം കാട്ടാന്‍ തുടങ്ങും ഇമ്പേ ..ഇമ്പേ ...ഇമ്പേ പുല്ലു കിട്ടുന്നതുവരെ തുടരും. കിട്ടിയാല്‍ തല കുലുക്കി കുലുക്കി തിന്നും. മുത്തശ്ശനും അവരെ വലിയ ഇഷ്ടമാ . ചെര്‍പ്പുളശ്ശേരി തറവാട്ടിലും പശുക്കളുണ്ട് . അവിടെയും മുത്തശ്ശന് ഇതു തന്നെയാണ് രീതി .

ഞാന്‍ മുത്തശ്ശനെ സ്കൂളില്‍ പഠിക്കുമ്പോഴാണ് അറിയുന്നത് . നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ . മുത്തശ്ശന് നല്ല ഉയരമുണ്ടായിരുന്നു ട്ട്വോ .ആറടി ഉണ്ടാകുംന്നാ തോന്നണ്. അപ്പോള്‍ തന്നെ തല നരച്ചിരുന്നു . മാറത്തെ നരച്ച രോമം കാണാന്‍ നല്ല ചന്തമായിരുന്നുട്ടോ. എപ്പോഴും ഒരു തോര്‍ത്ത്‌ ഇടത്തേ ചുമലില്‍ കാണാം . മുറുക്കുണ്ടായിരുന്നതിനാല്‍ ഒരു ചെല്ലപ്പെട്ടി മടിയിലും . അതിലെ പേനക്കത്തിയാ പുല്ലു മുറിക്കാന്‍ ഉപയോഗിക്ക്യാട്ട്വോ. ചൂണ്ടാണി വിരലിന്റെ തലപ്പത്ത് എപ്പോഴും വെളുത്ത നിറം . വലത്തേ കയ്യിന്റെ , എന്താണെന്നറിയോ? ചുണ്ണാംബിന്‍റെയാ. പുല്ലരിയുമ്പോള്‍ ശരിക്കും കാണാം .
ഊം ...ഊം......ഊം.... മുത്തശ്ശന്‍ തന്നെ. മുറുക്കിയിട്ടുണ്ടെങ്ങിള്‍ ശബ്ദം ഒന്നു കൂടി ഘനത്തിലാകും.
ഞങ്ങളുടെ വീടിന്റെ വടക്കു പടിഞ്ഞാറെ മൂലയില്‍നിന്നു പടിക്കിലേക്ക് ഒരു വരംബുണ്ട് . ഇടത്ത് ഭാഗത്ത് ഒന്നര ആള്‍ ഉയരത്തില്‍ ഒരു മണ്‍ത്തിട്ടും മുകളില്‍ വേലിയും . മണ്‍ത്തിട്ടു നിറയെ ചെറു പുല്ലു കാണാം . മുത്തശ്ശന്‍ അതെല്ലാം എത്തിവലിഞ്ഞു അരിയും. അവിടെയെല്ലാം ധാരാളം മാളങ്ങളുണ്ട്. ഇടക്കിടെ പാമ്പുകളും കാണാറുണ്ട് . മുത്തശ്ശന് എന്താ പേടിയൊന്നും ഇല്ലേ . വലിയ ആളല്ലേ . അതുകൊണ്ടാവാം . പാമ്പുകള്‍ക്ക് ചെവി കേള്‍ക്കുമ്പോള്‍ കണ്ണ് കാണില്ല എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ടാവാം മുത്തശ്ശന് പേടിയില്ലാത്തത് അല്ലെ .
മുത്തശ്ശന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പടിക്ക് പുറത്തിറങ്ങി നോക്കി നില്ക്കും . വേണ്ടത്ര പുല്‍ കിട്ടിയില്ലെങ്കില്‍ മുത്തശ്ശന്‍ ഞങ്ങളുടെ വീട്ടിലും വരും. എന്നെ കണ്ടാല്‍ രാധേ ....എന്ന് വിളിക്കും .എന്നോട് എന്ത് സ്നേഹമാണെന്നോ. അമ്മെ കണ്ടാല്‍ അമ്മുട്ട്യെ എന്നാണ് വിളിക്ക്യ . മുത്തശ്ശിയോടു മുത്തശ്ശന്‍ ഒന്നും പറയാറില്ല . എന്താ എന്നറിയില്ല . ഞങ്ങളുടെ വീട്ടില്‍ നിന്നു കുറെ പുല്ലരിയും . ചിലപ്പോള്‍ കുറച്ചുനേരം ഇരിക്കും . ഞാന്‍ ഒപ്പം നില്ക്കും . അത് എനിക്ക് നല്ല ഇഷ്ടാ .

മുത്തശ്ശന് സീല്‍ ഉണ്ടാക്കാനും അറിയും . മുരിക്കിന്റെ വലിയ മുള്ള് തട്ടിയെടുത്ത് , പരന്ന ഭാഗം മിനുസമാക്കി കൊടുത്താല്‍ മുത്തശ്ശന്‍ അതില്‍ കണ്ണാടി അക്ഷരങ്ങള്‍ കൊത്തി തരും . പേനകത്തി ഉപയോഗിച്ചുതന്നെ . പിന്നീട് ആ ഭാഗം മഷിപുരട്ടി പേപ്പറില്‍ അമര്‍ത്തിയാല്‍ പേരു ശരിക്കും വരും .
മുത്തശ്ശന് രണ്ടു ദിവസം താമസം ഉണ്ടെങ്കിലേ പറ്റു. എനിക്ക് കുറെ പ്രാവശ്യം തന്നിട്ടുണ്ട് .
മുത്തശ്ശന്‍ വല്ലപ്പോഴും എനിക്ക് ഒരണ(പണ്ടത്തെ നാണയം ) തരും . മിഠായി വാങ്ങിക്കാന്‍ . ഞാനെന്തു ചെയ്യുമെന്നോ ? ഒരു മുക്കാലിന് ഒരു മിഠായി വാങ്ങും . ബാക്കി മൂന്നു ഓട്ടമുക്കാല്‍ വാങ്ങി അരയിലെ ചരടില്‍ കെട്ടും . ഒരണക്ക് നാലുമുക്കാല്‍ ആണല്ലോ . അരയില്‍ കെട്ടിയില്ലെങ്ങില്‍ പോക്കാ . അന്നൊക്കെ ദാരിദ്രം ആഘോഷിക്കുന്ന കാലമല്ലേ ? എന്നാലും ചിലപ്പോള്‍ അമ്മ വാങ്ങിക്കും. അമ്മ ചോദിച്ചാല്‍ എങ്ങിനെയാ കൊടുക്കാണ്ടിരിക്കാ .
മുത്തശ്ശന് അത്യാവശം കൊട്ടാന്‍ അറിയാം. ആയതിനാല്‍ പല സ്ഥലത്തുംവെച്ചു കാണാം . ഏലംകുളം മന , മാട്ടയ്കുന്നു ക്ഷേത്രം, പാലത്തോള്‍ ക്ഷേത്രം അങ്ങിനെ പലേടത്തും . ഞങ്ങള്‍ കുട്ടികളും അവിടങ്ങളില്‍ കൊട്ടാന്‍ കൂടാറുണ്ട് . അപ്പൊ മുത്തശ്ശനെ കാണും. ഞാന്‍ കണ്ടാല്‍ ഓടി ചെല്ലും .
മുത്തശ്ശന് കൊട്ടിന്റെ പൈസ കിട്ടിയാല്‍ എനിക്ക് രണ്ടണ, നാലണ ഒക്കെ തരും . എന്റെ പൈസ അച്ഛനാണ് വാങ്ങാന്‍ . എനിക്കൊന്നും കിട്ടില്ല . അച്ഛന്‌ വീട്ടിലെ കാര്യം നോക്കേണ്ടേ . മുത്തശ്ശന്‍ തന്ന പൈസ ഞാന്‍ ഓട്ടമുക്കാലാക്കും, അരയില്‍ കെട്ടാന്‍. അല്ലെങ്കില്‍ പോക്കാ . ചിലപ്പോള്‍ മിഠായി വാങ്ങും , അല്ലെങ്കില്‍ ചില്ലറ കിട്ടില്ല .
ഏലംകുളം മനപോലെ ചില സ്ഥലങ്ങളില്‍ സദ്യ കാണും . അപ്പൊ ഞാന്‍ മുത്തശ്ശന്റെ കൂടെയാ ഇരിക്കാ . എന്തിനാന്നോ , മുത്തശ്ശന് കിട്ടുന്ന വറുത്ത ഉപ്പേരി എനിക്ക് തരും . അതും എന്റെയും കൂട്ടി ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ ഇടും . ചിലപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി എല്ലാവര്‍ക്കും കൊടുക്കും . ചിലപ്പോള്‍ ഞാന്‍ തന്നെ തിന്നോണ്ടിരിക്കും . ചിലപ്പോള്‍ പാട്ടിന്റെ കളംപൂജ കഴിങ്ങാല്‍ നെയ്യപ്പം കിട്ടും. മുത്തശ്ശന്റെ ഓഹരികൂടി എനിക്ക് തരും .

ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ തായമ്പകക്കു വട്ടം പിടിക്കാന്‍ കൂടും . ആദ്യം ഒക്കെ സുഖമാ . പിന്നീട് മുറുകുമ്പോള്‍ കയ്യെത്തില്ല . അപ്പോള്‍ മുത്തശ്ശന്‍ അടുത്തെങ്ങാനും ഉണ്ടെങ്കില്‍ എന്റെ കയ്യില്‍ നിന്നു ചെണ്ട വാങ്ങും . മുത്തശ്ശന് അറിയാം എന്റെ വിഷമം . പാലത്തോള്‍ നിന്നു ഏലംകുളം മനക്കിലേക്ക് പാടം വഴി നടന്നുവേണം പോകാന്‍ . മുത്തശ്ശന്‍ ചെണ്ടയും ചുമലില്‍ ഇട്ടു പോകുന്നത് ഞാന്‍ നോക്കി നില്ക്കും . ഇടത്തെ ചുമലിലെ ചെണ്ട മുതുകിലെക്കാക്കി ഒരു തോര്‍ത്ത്‌ രണ്ടു കൈകൊണ്ടും തലയ്ക്കു മേല്‍ പിടിക്കും . വെയില്‍ കൊള്ളതിരിക്കാനാ. അങ്ങ് കാണാതാവുന്നതുവരെ നോക്കി നില്ക്കും .നല്ല രസമാ

ഞാന്‍ വല്ലപ്പോഴും ചെര്‍പ്പുളശ്ശേരി പോകാറുണ്ടായിരുന്നു . അപ്പോള്‍ മുത്തശ്ശനെ കാണാന്‍ പോകാറും ഉണ്ട് . ഒരു ദിവസം വാദ്യക്കാര്‍ക്കിടയില്‍ ഒരു സംസാരം കേട്ടു. "രാവുണ്ണി പൊതുവാളുടേതു ഒരു സുഖ മരണമായിരുന്നു . ഉറക്കത്തിലാണത്രേ ഉണ്ടായത്. ഭാഗ്യവാനാ . മിണ്ടാപ്രാണിയായ നാല്കാലികള്‍ക്ക് കുറെ പുല്ലു കൊടുത്തതല്ലേ . അതിന്റെ ഗുണം കാണാതിരിക്കുമോ " . ഇതു കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത് മുത്തശ്ശന്‍ ഞങ്ങളെ വിട്ടു പോയിന്നു . അമ്മയോ മുത്തശ്ശിയോ ഒന്നും പറഞ്ഞില്ല . അവര്‍ പോയോ എന്നും അറിയില്ല. മുത്തശ്ശന് വേറെ ഭാര്യയോ മക്കളോ ഉള്ളതായി കേട്ടിട്ടില്ലാ . അമ്മയും ഞാനും തന്നെ . എനിക്ക് കേട്ടപ്പോ ഒരുപാടു വിഷമം തോന്നി. ഞാനറിയാതെ എന്റെ അരയിലെ ചരടില്‍ ഒന്നു തലോടി . അപ്പോള്‍ ഓട്ടമുക്കാല്‍ ഉണ്ടായിരുന്നില്ല . കരയണമെന്നു തോന്നി .മരണ വാര്‍ത്ത‍ കെട്ട് അപ്പോള്‍ തൊഴുത്തിലുണ്ടായിരുന്ന പശുക്കള്‍ തിര്‍ച്ചയായും കുറച്ചു നേരമെങ്കിലും പുല്ലു തിന്നു കാണില്ലാ . മുത്തശ്ശന് വേണ്ടി പ്രാര്‍ഥിക്കാതിരിക്കില്ല. തിന്ന പുല്ലിനു നന്ദി കാണിക്കാതിരിക്കുമോ.

No comments: