Tuesday, April 29, 2008

മഞ്ഞുള്ള നാട്ടിലെ റോസാ ചെടികള്‍

മഞ്ഞിന്‍ കെടുതികള്‍ മാറി മെല്ലെ

കുഞ്ഞു പനിനീര്‍ ചെടികള്‍ മൊത്തം

കുഞ്ഞീ തളിരില പൊട്ടി വന്നു

മഞ്ഞിനെ തോല്‍പ്പിച്ച തൃപ്തിയോടെ

കൊച്ചു തളിരിപ്പോള്‍ ചോപ്പ് നിറം

പച്ചയായ് തീരാന്‍ കൊതിച്ചു നില്‍പ്പു

ഇച്ഛയാണങ്ങിനെ നോക്കി നില്ക്കാന്‍

കൊച്ചു കുഞ്ഞുങ്ങളെ എന്നപോലെ

മന്ദമായ് മാരുതന്‍ വീശിയപ്പോള്‍

മന്ദമായ് ചില്ലകള്‍ ചാഞ്ഞുലഞ്ഞു

സുന്ദരമായൊരു നൃത്തം പോലെ

വൃന്ദാവനത്തില്‍ കുരുത്തപോലെ

പാറി പറൊന്നൊരു കൊച്ചു പക്ഷി

കേറിയിരുന്നൊരു കൊച്ചു കൊമ്പില്‍

ഏറിയ ഭാരം കൊണ്ടായിരിക്കാം

ഏറെ കീഴോട്ടത് ചാഞ്ഞുലഞ്ഞു

ഇല്ലെനിക്കൊട്ടേറെ ശക്തിയിപ്പോള്‍

ചില്ലകള്‍ പച്ചയിലകള്‍ പൂക്കള്‍

നല്ലപോല്‍ വന്നു നിറഞ്ഞ ശേഷം

എല്ലാവരേയും ഞാന്‍ ആദരിക്കാം

ഉണ്ടായോരിത്തിരി ചില്ല മെല്ലെ

കണ്ടാലഴകുള്ള പുഷ്പമേറെ

തെണ്ടി രുചിച്ചു രസിച്ചു പാറും

വണ്ടുകള്‍ ചുംബിച്ചു തേന്‍ കുടിക്കും

ആരെന്റടുത്തു വന്നെത്തിയാലും

സൌരഭ്യം കൊണ്ടു മയക്കി നിര്‍ത്തും

ആരെങ്കിലും ചിലര്‍ നുള്ളിയെന്നെ

കോരിയെടുത്തങ്ങു നിശ്വസിക്കും

സന്തോഷ വേളക്ക് മാറ്റ് കൂട്ടാന്‍

ചന്തത്തില്‍ ബൊക്കെ ചമഞ്ഞെടുക്കും

സന്താപമാണേലും ചിന്ത വേണ്ട

ചന്തമായ് റീത്തു ചമഞ്ഞെടുക്കാം

ദേവന്റെ കണ്ഠത്തില്‍ മാല്യമാകാം

ദേവന്റെ പാദത്തില്‍ പൂജാപുഷ്പം

വീണ്ടുംഞാന്‍ മഞ്ഞില്‍ അകപ്പെടുമ്പോള്‍

ചാവാതെ രക്ഷിച്ചനുഗ്രഹിക്കു

Sunday, April 20, 2008

ഏതു ചായയാ കുടിക്ക്യാ

ചായ ചായ ചായ . ലോപിച്ച് ചാ ആയി മാറി . ഇതു ശീതളപാനീയമല്ല. ഉണര്‍വും ഉന്മേഷവും നല്കുന്ന ഒരു ചൂടു പാനീയം . ഉറക്കപ്പിച്ചു മാറ്റുന്ന മീഡിയം . ക്ഷീണം മാറ്റി ഉണര്‍വു നല്കുന്ന പാനീയം . ചിലര്‍ക്ക്‌ മലബന്ധം മാറ്റി ഉഷാറേകുന്ന ചൂടു ജലം . അധികം ചൂടില്ലാത്ത കട്ടന്‍ ചായയില്‍ ചെറുനാരങ്ങ നീര് ഒഴിച്ച് കുടിച്ചാല്‍ വയറിളക്കവും നിര്‍ത്താം . കൂടുതല്‍ ഒരേ ജോലി ചെയ്തു മടുക്കുമ്പോള്‍ പുനരാവേശം നല്കുന്ന കാണാന്‍ അഴകുള്ള ആവി പൊങ്ങുന്ന മനം കവരുന്ന മണമുള്ള ചൂടു പാനീയം ചായ . തണുപ്പും കുളിരും മാറ്റാനുള്ള ഒരു ഒറ്റ മൂലി. ഇതിന്റെ രുചി അറിയാത്തവര്‍ വളരെ വിരളമായിരിക്കും . സുപ്രഭാതത്തിന്‍െറ അലാറം . അതാണ് ചായ . കിഴക്ക് വെള്ള കീറുംപോള്‍ മിക്ക വീട്ടിലും അടുക്കളയുടെ ഉത്ഘാടന മഹാമഹം നടത്തുന്നത് ചായ ഉണ്ടാക്കാന്‍ തീ കത്തിച്ചല്ലേ . ക്ഷേത്രങ്ങളില്‍ പൂജാദികര്‍മങ്ങള്‍ക്കുമുന്‍പ് ഗണപതിഹോമത്തിന് വിളക്ക് കൊളുത്തുന്നത് പോലെ . ഉത്കൃഷ്ടം തന്നെയല്ലേ . സുപ്രഭാതത്തില്‍ ചുടുവാര്‍ത്തയോടെ പത്രം ഇടതുകയ്യില്‍ , ചൂടു ചായ ഗ്ലാസ്സോ കപ്പോ വലത്തു കയ്യില്‍ , കണ്ണ് പേപ്പറില്‍ , ആവി പൊങ്ങുന്ന ചായ ചുണ്ടില്‍ പലവട്ടം , ചായ തീര്‍ന്നു, പേപ്പറിലെ പ്രധാന വാര്‍ത്തയും . എന്തൊരു സുഖം. തുടക്കം മനോഹരം , മുഴുവന്‍ ദിവസവും ഉഗ്രന്‍ .
ചായയുടെ മഹിമ നോക്കു . ഗൃഹത്തില്‍ ആരെങ്ങിലും സുഹൃത്തോ വിരുന്നുകരോ ആഗമിച്ചാല്‍ ഒരു കപ്പു ചായ സത്കരിച്ചു വാര്‍ത്താവിനിമയം നടത്തുന്നു . ആഗതരെ ആദരിക്കുവാനും ചായ ഉത്തമം .
വിവാഹ ചടങ്ങിനോടൊപ്പം ടീ പാര്‍ട്ടി കേട്ടിട്ടില്ലേ. എത്ര വിഭവങ്ങള്‍ ഉണ്ടെങ്കിലും ചായയുടെ പേരിനല്ലേ പ്രാധാന്യം. എല്ലാ പ്രധാന മീറ്റിങ്ങുകളിലും ചായ സത്കാരം കാണും . കാലം മാറിയപ്പോള്‍ ശീതളപാനീയമായി എങ്കിലും , ചായയുടെ ഗമ കുറഞ്ഞിട്ടോന്നും ഇല്ല. ചായക്ക്‌ തീരുമാനങ്ങള്‍ എടുക്കുന്നതിനു ഉത്തേജനം നല്‍കാനും കഴിയും .സര്‍ക്കാര്‍ ലവലിലും രാജ്യങ്ങള്‍ തമ്മിലും എത്രയോ തീരുമാനങ്ങള്‍ ചായ സത്കാരത്തിലുടെ ഉടംബടിയിലെത്തിയിട്ടുണ്ട് . ഹോട്ടലില്‍ ലഘു ഭക്ഷണത്തിന്റെ വിരാമം ചായയല്ലേ . ചായയുടെ ഓര്‍ഡര്‍ എടുത്താല്‍ പിന്നെ ബില്ല് വരും . അത് തന്നെ . വേറൊന്നും വേണോ എന്ന് ചോദിക്കില്ല . പല കമ്പനികളിലും രാവിലെയും ഉച്ചക്കുശേഷവും ഓരോ ടീ ബ്രേക്ക് ഉണ്ട് . ടീ കുടിച്ചാലും ഇല്ലെന്‍കിലും . ചായ അഥവാ ടീ എന്ന പേരിനു ഒരു ക്രെഡിററ് ഉണ്ട് . എന്തൊരു പ്രാധാന്യം . പാലും മധുരവും ഇല്ലാത്ത ചായ ച്ചണ്ടി റോസിനു നല്ല വളമാണ് കെട്ടോ . ഊണിനെപോലെ രണ്ടുനേരം മാത്രം എന്ന് ശാഠ്യം പിടിക്കാതെ ഇടക്കിടെ സേവിക്കാവുന്ന ഒന്ന് . രുചി അറിയാത്തവര്‍ തികച്ചും രുചിക്കണം. ചായേ ചായ .

കേരളത്തിലുള്ളവര്‍ക്ക് സുപരിചിതമാണ് ചായക്കടയിലെ ചായ ഉണ്ടാക്കുന്ന രീതി . ഗ്ലാസ്സില്‍ ലേശം പാല്‍ ഒഴിക്കുന്നു, ഇത്തിരി പഞ്ചാര ഇടുന്നു . പിന്നിട് സഞ്ചിപോലെ തൂങ്ങി നില്‍ക്കുന്ന അരിപ്പയില്‍ ചായപ്പൊടിയിട്ടു ഗ്ലാസ്സിലേക്ക്‌ നീട്ടി ചൂടു വെള്ളം ഒഴിക്കുന്നു . അത് പിന്നീട് വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് ആറ്റുന്നു. ഒന്നിലേറെ ചായയുണ്ടെങ്കില്‍ ഗ്ലാസ്സിനു പകരം രണ്ടു വലിയ പാത്രം തന്നെ ഉപയോഗിക്കുന്നു . ആറ്റുന്ന രീതി വിചിത്രം തന്നെ . ഇടതു കൈ ഇടത്തു താഴേയും വലത്തു കൈ വലതു ഭാഗത്ത് ഏറ്റവും മുകളിലും . മുകളില്‍ നിന്നു താഴോട്ടു ആറ്റുംപോള്‍, മഴവില്ലിന്റെ പാതി ഇടതുവശം പോലെ വളഞ്ഞാണ് വീഴുക . ഇതു കേരളത്തില്‍ മാത്രം കാണുന്ന ഒരു കലയാണ് . കളരിപയറ്റുപോലെ. ഗ്ലാസ്സില്‍ മുക്കാല്‍ ഭാഗം ചായയും കാല്‍ ഭാഗം പതയും . ചായ റെഡി . ഇത്തരത്തിലുള്ള ചായയാണ് നമുക്കു സുപരിചിതം . പക്ഷെ അവിടംകൊണ്ട് അവസാനിക്കുന്നില്ല. വേറേയും ഉണ്ട് പലതരം . നമുക്കു നോക്കാം .
ഗ്രാമങ്ങളിലും ടൌണിലും ഉള്ള ചായക്കടയിലും ഹോട്ടലിലും ചായ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, പല പേരിലാണ് അവ അറിയപ്പെടുന്നത് . വിവിധ തരം ചായയും ഉണ്ട് . ഉദാഹരണമായി -ഒരു കാലി ചായ, അതായത് ചായ മാത്രം മതി , കടി (പലഹാരം) വേണ്ട . അല്ലാതെ കാലികള്‍ക്ക്‌ കൊടുക്കുന്ന ചായ എന്നല്ല അര്‍ഥം . ഒരു കട്ടന്‍ ചായ . ബ്ലാക്ക് ടീ എന്നര്‍ഥം . പാലിനെ ഒഴിവാക്കി . പിന്നെ ഒരു ചായ വിത്തൌട്ട് - പഞ്ചസാര ഔട്ട് എന്ന് സാരം . രസകരമായ മറ്റൊരു ചായയുണ്ട് വെള്ള ചായ അഥവാ പാല്‍ ചായ . പുകയിലയില്ലാതെ മുറുക്കുന്നതുപോലെ. ചായപൊടി ഇല്ലാത്ത ചായ . കിരീടം ഇല്ലാത്ത രാജാവ് . നോക്കു ചായ എന്ന പേരിന്റെ മഹിമ .

ഒരു നാലര ദശവര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌ ഞാന്‍ ഗുജറാത്തിലെ ബാറോഡാ നഗരത്തില്‍ എത്തിയത് . അപ്പോളാണ് ചായക്ക്‌ വേറേയും പേരുകളുണ്ട് എന്ന് മനസ്സിലായത് . അവിടെ ടീ ഷോപ്പില്‍ ചെന്നു ചായ ചോദിച്ചാല്‍ കപ്പില്‍ ഒഴിച്ച് തരും ഒരു സാധാരണ ചായ. പിന്നെ ഒരു സ്പെഷല്‍ ചായ, അതില്‍ ധാരാളം പാലും പഞ്ചസാരയും ചായപൊടിയും എലക്കയും എല്ലാം ഉണ്ടായിരിക്കും . ഇതിന് ബാദഷാ എന്നും പറയും . രാജാവിന്റെ സ്ഥാനമാണ്‌ . മറ്റൊരിനം - ലസ്കരി. ഇതില്‍ മേല്‍പറഞ്ഞ സാധനങ്ങള്‍ക്ക്‌ പുറമെ ഇഞ്ചിയും ചേര്‍ത്ത് നല്ലപോലെ വെട്ടി തിളപ്പിച്ച്‌ (പായസംപോലെ) ഊറ്റി എടുക്കുന്നു . നല്ല കാഠിന്യമുള്ള ഒരിനം . ചൂടു ഭജ്ജിയും കൂടെ ആയാല്‍ അത്യുഗ്രന്‍ ,അങ്ങിനെ പല സ്ഥലങ്ങളിലും പല തരം ചായകള്‍ കാണം .
മുമ്പൊക്കെ പൊടിച്ചായ, ഇലച്ചായ എന്നീ രണ്ടുതരം ചായയെപറ്റി മാത്രമെ അറിയൂ . പൊടിച്ചായക്ക് കളറും കൊഴുപ്പും , ഇലച്ചായക്ക് സ്വാദും കൂടും . ഹോട്ടലില്‍ രണ്ടും ചേര്‍ത്ത്‌ കാര്യം നേടുന്നു . വിരലില്‍ എണ്ണാവുന്നത്ര ബ്രാണ്ടുകളും. ഈയിടെ ഒരു സൂപ്പര്‍ മാളില്‍ പോയി ചായ വാങ്ങാന്‍ , അവിടെ ഒരു ഭാഗം നിറയെ ചായ . ടാറ്റാ, ബ്രൂക്ബോണ്ട്, ആസ്സാംവാലി, ലിപ്ടന്‍ തുടങ്ങി പലപല കമ്പനികളുടെ ചായ . ഏതാ വാങ്ങാ . ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അതിലും കഷ്ടം , ഓരോരോ കമ്പനികാര്‍ക്കും വേറെ വേറെ സ്വാദുള്ള ചായകള്‍ , ഗ്രീന്‍ , റെഡ് , നാച്ചുറല്‍, ഇലായ്ച്ചി(ഏലക്കായ) , ജിഞ്ചര്‍ (ഇഞ്ചി) ലെമണ്‍ (ചെറുനാരങ്ങ), മസാല , ജിഞ്ചര്‍ ഹണി(ഇഞ്ചി തേന്‍ ) എന്നിങ്ങനെ വിവിധ സ്വാദുകള്‍. എന്താ ചെയ്യാ . മാത്രമോ വിവിധ മണമുള്ളവ- റോസ് , മുല്ല തുടങ്ങിയവ . ഏതാ വാങ്ങാ . വയ്യേ വയ്യ . വീട്ടില്‍ തിരിച്ചുവന്നു . ബോറടിമാറാന്‍ ടീവി വച്ചു . വന്നു ടെലിമാര്‍ക്കററിങ്ങ്. നാനാവിധ അസുഖങ്ങള്‍ക്കും ചായ. പ്രെഷര്‍, പയല്‍സ്, ഹൃദ്രോഗം , അള്‍സര്‍ , തലവേദന മറ്റും മറ്റും . വിലയോ ഉഗ്രന്‍ . ഏത് ചായയാ ഇപ്പൊ കുടിക്ക്യാ . ചായ ഒരു ചെടിയല്ല - മരം തന്ന്യാ . വലിയ മരം കൊറേ ചില്ലകളുള്ള മരം . ഓരോ ചില്ലയിലും ഓരോ മോഡല്‍ ചായ . എന്റപ്പോ.

അങ്ങിനെ ചിന്താ കുഴപ്പത്തിലിരിക്കുംബോഴാണ് ഒരു ഔദ്യോദിക ടൂറ് . സ്ടാര്‍ ഹോട്ടലില്‍ താമസം .ഇനി നമുക്കു സ്റ്റാര്‍ ഹോട്ടലിലെ സ്ഥിതി നോക്കാം . അവിടുത്തെ മഹാന്മാര്‍ക്ക്‌ ഹോട്ടലില്‍ ഉണ്ടാക്കുന്ന റെഡി മെയ്ഡ് ചായ പദവിക്ക്‌ ചേരില്ല . അപ്പോള്‍ സെറ്റ് ചായ ഓര്‍ഡര്‍ ചെയ്യും . എന്താണീ സെറ്റ് ചായ . ഒരു ട്രെയില്‍ വെവ്വേറെ പാത്രത്തില്‍ ചൂടു വെള്ളം , പാല്‍, ടീ ബാഗ്‌ , പഞ്ചസാര എന്നിവ എത്തിക്കുന്നു . ആവശ്യാനുസരണം പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തു ചായ ഉണ്ടാക്കി കുടിക്കുന്നു . പകുതി കുടിച്ചു ബാക്കി വെക്കുന്നു . മുഴുവന്‍ കുടിക്കാന്‍ സ്റ്റാറ്റസ് അനുവദിക്കില്ല . പക്ഷെ ചാര്‍ജ് ഒട്ടേറെ കൊടുക്കണം . പിന്നെ ടിപ്പും . ഇവിടെ വേറൊരു ചായ കൂടി കിട്ടും , കോള്‍ഡ് ടീ , തണുത്ത ചായ , ഇതിന് പാലും വേണ്ട . പക്ഷെ അത് ശരിയാവില്ല. ഓര്‍ഡര്‍ ചെയ്താല്‍ വേറെ ചായ കിട്ടുമോ . എങ്കില്‍ ഏത് ചായായ കുടിക്ക്യാ , വിലയോ ,മണമോ, സ്വാദോ ആരോഗ്യമോ സൌന്ദര്യമോ, പദവിയോ ഏതാ നോക്കാ . ഏത് ചായായ കുടിക്ക്യാ

Tuesday, April 8, 2008

ഓണം

ഓണം വന്നോണം വന്നോണം വന്നേ
കാണം വിറ്റുണ്ണാനോരോണം വന്നേ
കാണവുമില്ല പണവുമില്ല
ഓണത്തിന്നില്ലൊരു മോടിയിപ്പോള്‍

അത്തം പത്തോണത്തിന്‍ പൂക്കളത്തി-
ന്നെത്തുന്നിടത്തോന്നും പൂക്കളില്ല
പത്തുനാള്‍ വാങ്ങുവാന്‍ കാശ് വേണ്ടേ
എത്തുന്നപോലെ പൂവിട്ടു പോരാം

വേണ്ടച്ഛാ, വാഷബിള്‍ പൂക്കള്‍ വാങ്ങാം
കണ്ടാലഴകും കളറും ഏറെ
ഉണ്ടാക്കാം വെവ്വേറെ പൂക്കളങ്ങള്‍
വേണ്ടല്ലോ കാശെല്ലാവര്‍ഷമപ്പോള്‍

തൃക്കാക്കരപ്പനും മണ്ണ് വേണ്ട
ഒക്കെ മരത്തിന്റെ ലഭ്യമല്ലെ
ഓര്‍ക്കാപുറത്തൊന്നു വര്‍ഷിച്ചാലും
വര്‍ക്കത്തിന്നില്ലാ കുഴപ്പമൊട്ടും

ഓണത്തിന്നോരോരോ കോടി വേണ്ടെ
കാണികള്‍ അല്ലെങ്ങില്‍ എന്ത് ചൊല്ലും
ആണുങ്ങള്‍ക്കൊരോരോ മുണ്ടില്‍ നിര്‍ത്താം
പെണ്ണുങ്ങള്‍ക്കാണേലോ സാരി ബ്ലൌസ്‌

വേണ്ടച്ഛാ സാരിയും ബ്ലൌസും ഒക്കെ
രണ്ടു പെണ്മക്കളും ചേര്‍ന്നു ചൊല്ലി
ഉണ്ടെങ്കില്‍ ഓരോരോ ഡ്രെസ്സ് വാങ്ങൂ
ഫണ്ടില്ലാ എങ്കിലോ ടോപ്പില്‍ നിര്‍ത്താം .

ആണ്മക്കള്‍ കൂടെയങ്ങേറ്റുചൊല്ലി
ആയ്കോട്ടേ ഓരോരോ പാന്റും ഷര്‍ട്ടും
ആവില്ല ഞങ്ങള്‍ക്കു മുണ്ടുടുക്കാന്‍
ബെര്‍മുഡയാണേലും ഖേദമില്ല

വേണം ഒരു സാരീ ഭാര്യ ചൊല്ലി
ഓണമായ് മാത്രം ലഭിപ്പതെല്ലേ
കാണമില്ലെങ്ങിലും ഓണമായാല്‍
നാണം കെടുത്താത്ത സദ്യ വേണ്ടെ .

ഓണമായ് ക്ഷേത്രത്തില്‍ കാഴ്ച്ചയെത്തും
ഓണവിഭവങ്ങള്‍തന്‍ സദ്യ കാണും
ഓണമായ് ഇത്തിരി ഭക്തിയാവാം
ഓണമായ് ക്ഷേത്രത്തില്‍ സദ്യ കൂടാം

ഷാപ്പിലും ഓണമായ് സ്റ്റോക്ക് കൂടും
ഷാപ്പില്‍ വിരുന്നുകാര്‍ ഏറെ എത്തും
കുപ്പി തുറന്നു നുരഞ്ഞു പൊന്തും
അപ്പോഴേ മാവേലി കണ്ണ് പോത്തും .

ഓണത്തെ പോന്നോണമാക്കും ചിലര്‍
ഓണമായ് പൊന്നുകള്‍ വില്‍ക്കും ചിലര്‍
മാവേലി വന്നങ്ങു നോക്കുന്നേരം
മാനുഷരില്ലാരും ഒന്നുപോലെ .

ഓണമായ് ടിവി തുറന്നു വെച്ചാല്‍
ഓണപ്പരിപാടി തള്ളി മാറ്റി
മാവേലിമന്നന്റെ പേരു ചേര്‍ത്തു
വില്‍പന കൂട്ടും പരസ്യമേറെ

ആദരിക്കേണ്ട മഹാന്റെ പേരില്‍
മാവേലി കൊമ്പത്തും പാരടിയും
നര്‍മ്മഭാവത്തിന്റെ നാമധേയാല്‍
കോമാളിയാക്കുന്നതെന്തു ന്യായം

കാല ഭ്രമണത്തിന്‍ മാറ്റം കാണ്‍കെ
മാവേലി മന്നന്റെ കണ്ണ് തള്ളും
നോവും ഹൃദയത്തില്‍ ഓര്‍ത്തുപോകും
വാമനാ പാദം ശിരസ്സില്‍ വെക്കു









































Friday, April 4, 2008

വിഷു

വിഷു . എത്ര മനോഹരമായ ഒരു പദം. ഓടക്കുഴലില്‍ നിന്നു ഉയരുന്ന സുന്ദരമായ ശബ്ദം പോലെ. ഒരു കൊല്ലം കാത്തിരുന്നതിനുശേഷം കൈ വരുന്ന ശുഭദിനം. എന്നാണ് ഈ സുദിനം . മേടമാസം ഒന്നാം തീയതി . ഈ ദിനം അറിയാതെ ഇങ്ങെത്തില്ല. ഒരാള്‍ സമയോചിതമായി വിളിച്ചറിയിക്കുന്നു . ഒന്നോര്‍ത്തുനോക്ക് ആരാ. കര്‍ണശ്രവണ മായ ആ ശബ്ദം ആരുടേയാ. വിഷുപക്ഷിയുടെതല്ലേ. ഇക്കാലത്തുമാത്രം കേള്‍ക്കാവുന്ന മധുരമാര്‍ന്ന ശബ്ദം . ആഘോഷിക്കാന്‍ ഒരുങ്ങിക്കോളൂ എന്ന മുന്നറിയിപ്പുപോലെ. ഇതു മാത്രമോ , ചുറ്റും നോക്കു . കണിക്കൊന്നയല്ലെ പൂത്തുനില്ക്കുന്നത് . കാലോചിതമായി പൂക്കുന്ന ഒരേ ഒരു വൃക്ഷം . അതിശയം തോന്നുന്നുണ്ടോ വേണ്ട . ഇതു ശ്രീകൃഷ്ണന്‍ കനിഞ്ഞരുളിയ ഒരു പൂജാ പുഷ്പമല്ലേ . അരഞ്ഞാണ്കിങ്ങിണി പോലെ കീഴോട്ടു തൂങ്ങി നില്‍ക്കുന്ന ആ പുഷ്പം എന്തൊരു ഭംഗി അല്ലെ. നമ്മള്‍ ആ പുഷ്പത്തെ സംഭോധന ചെയ്യുന്നത് തന്നെ കണികൊന്ന എന്നല്ലേ . എത്ര ഭക്തി ഭാവത്തോടെയാണ് നാം അതിനെ കാണുന്നത് . പ്രകൃതി ഒരുങ്ങിയാല്‍ പിന്നെ നാം എന്തിന് വൈകണം . വിഷു ആഘോഷിക്ക തന്നെ . പുതു വര്‍ഷ പിറവിയായി ആഘോഷിക്കുന്ന ഈ ദിനം വരാന്‍ പോകുന്ന ഒരു വര്‍ഷത്തെ നന്മയുടെ തുടക്കം കുറിക്കാനും കൂടിയല്ലേ . അപ്പോള്‍ ഭംഗിയില്‍ തന്നെ ആഘോഷിക്കാം അല്ലെ .

വിഷുവിന്നു പ്രധാനമായും ഒരു നല്ല കണി ഒരുക്ക്ണം . കണിയുടെ പ്രാധാന്യം അറിയാമല്ലോ . നമുക്കെന്തെങ്കിലും അപ്രിയമായോ അനിഷ്ടമായോ സംഭവിച്ചാല്‍ ആദ്യം ചോദിക്കുന്ന ഒരു ചോദ്യം എന്താ . ഇന്നു ആരെയാ കണി കണ്ടത് ?. നമ്മുടെ മറ്റു ആര്‍ക്കെങ്ങിലും എന്തെങ്കിലും വിഷമം നേരിട്ടാലും ഇതേ ചോദ്യം ആവത്തിക്കുന്നു. താനിന്നാരേയാ കണി കണ്ടത് ?. അപ്പോള്‍ പ്രാധാന്യം അറിയാമല്ലോ . നല്ല തുടക്കം ശുഭ പ്രതീക്ഷ നല്കുന്നു എന്ന് സാരം . പണ്ടു കാലത്തെ ആചാരം പോലെ തന്നെ ആവട്ടെ .
കണി നന്നായി തന്നെ ഒരുക്കണം . കണി മോശമായാല്‍ കെണിയാകും. ഒരു വര്‍ഷത്തെ ഫലമാ . എല്ലാം വേണം . ശ്രീകൃഷ്ണ ഭഗവാന്റെ മൂര്‍ത്തിയോ അല്ലെങ്കില്‍ ഫോട്ടോ , ഭദ്രദീപം , അഷ്ടമംഗല്യം , അരി ,കോടി , നാളികേരം , സ്വര്‍ണം, പൈസ , കണ്ണാടി, പഴം, മാമ്പഴം തുടങ്ങിയ പഴ വര്‍ഗങ്ങള്‍ , വെള്ളരിക്ക, കോഴക്ക , ചക്ക തുടങ്ങി പലവിധ പച്ചക്കറി വര്‍ഗങ്ങള്‍ മുതലായവ അവശ്യം വേണം . പിന്നെയോ കണി കൊന്ന തുടങ്ങിയ പൂജാ പുഷ്പങ്ങളും . വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഒരുക്കുന്നു, പക്ഷെ മേല്‍പറഞ്ഞവ പ്രാധാന്യം നേടുന്നു എന്നര്‍ത്ഥം. അപ്പോള്‍ കണിയുടെ പ്രാധാന്യം മനസ്സിലായോ . മനുഷ്യന്റെ നിത്യ ജീവിതത്തിന്‌ വേണ്ട എല്ലാം, രണ്ടു നേരവും പ്രാര്‍ത്ഥിക്കാന്‍ ദൈവം, കൊളുത്താന്‍ ദീപം, അരി , പച്ചക്കറി, പഴവര്‍ഗങ്ങള്‍ , ധനം , വസ്ത്രം , വിഘ്നം തീര്‍ക്കാന്‍ ഉടക്കുന്ന നാളികേരം, ഐശ്വര്യം നല്കുന്ന അഷ്ടമംഗല്യം എല്ലാം എല്ലാം അതിലുണ്ട് .

എല്ലാം തലേ ദിവസം തന്നെ ഒരുക്കുന്നു . വിഷു ദിവസം കാലത്ത് നേരെ ചെന്നു കാണാന്‍ പുറ്റുമോ. ഇല്ല്യല്ലോ . വീട്ടില്‍ തലമുതിര്‍ന്ന ഒരാള്‍ ആദ്യം എഴുന്നേറ്റു മറ്റുള്ളവരെ രാജകീയവും ദൈവീകവും ആയ രീതിയില്‍ തന്നെ കണി കാണിക്കുന്ന കര്‍മം നടത്തുന്നു. മറ്റുള്ളവരെ ഓരോരുത്തരെയായി കാരണവര്‍ വിളിച്ചു ഉണര്‍ത്തുന്നു . ഉണര്‍ന്നാലും കണ്ണതുറക്കുവാന്‍ അനുവാദമില്ല. അടച്ച കണ്ണുമായി പിടിച്ചു കൊണ്ടുപോയി കണിക്കുമുമ്പില്‍ ഇരുത്തുന്നു. സാവധാനത്തില്‍ കണ്ണ് തുറക്കാന്‍ പറയുന്നു .

കണ്ണ് തുറക്കുമ്പോള്‍ നയന മനോഹരമായ ഒരു കണി പ്രകാശ ജ്വലിതമായ ഭദ്രദീപത്തിനു മുന്‍പില്‍ . ദൈവമേ എത്ര മനോഹരം . വരും നാളുകള്‍ മനോഹരമായി തീരണേ. എന്താണ് ഇതിന്റെ ആത്മീയ വശം. ഇരുളില്‍ നിന്നു പ്രകാശ പൂരിതമായ സ്ഥലത്തേക്കുള്ള ഒരു ആനയിക്കല്‍. അജ്ഞാനത്തിന്റെ ഇരുളില്‍ നിന്നു ജ്ഞാനത്തിന്റെ പ്രകാശത്തിലെക്കുള്ള ഒരെതിരേല്‍പ്പല്ലേ. ഒന്നോര്‍ത്തുനോക്കു. പിന്നേയോ. ഭഗവല്‍ ദര്‍ശനത്തോടുകൂടിയുള്ള കണ്‍ കുളിരേകും ധന്യമായ ഒരു കാഴ്ച . വിഷു കണി . വര്‍ഷം മുഴുവനും ധന്യമാകാന്‍ മറ്റെന്തു വേണം . അകമഴിഞ്ഞ ഒരു പ്രാര്‍ത്ഥന കൂടിയായാല്‍ എല്ലാം ഓക്കേ. കണിയിലുള്ള എല്ലാം സമൃദ്ധമായാല്‍ ആ വര്‍ഷം പിന്നെ എന്തിനാ വേവലാതി . എല്ലാം ശുഭാപ്തി പ്രതീക്ഷക്കു വഴി ഒരുക്കുന്നു . പിന്നീട് ദുഷ്കര്‍മങ്ങള്‍ക്കും അറുതി വരുത്താനും, പ്രകൃതിയിലെ കീടങ്ങളെ നശിപ്പിക്കാനും, ദുഷ് വാര്‍ത്തകള്‍ കേട്ടു കൊട്ടിയടച്ച ചെവി തുറപ്പിക്കാനും എന്ന പോലെ പടക്കം പൊട്ടിക്കുന്നു . ജീവിതത്തിന്നു പ്രകാശം പകരാന്‍ പൂത്തിരി കമ്പിത്തിരി എന്നിവയും കത്തിക്കുന്നു . ഹാ ഹാ ഹാ .

തീര്‍ന്നില്ല . വയസ്സിനു മൂത്തവര്‍ മറ്റുള്ളവര്‍ക്ക്‌ കൈനീട്ടം നല്കുന്നു . പണ്ടൊക്കെ ഇതൊരു ടോക്കണ്‍ മണിയായിരുന്നു . ഇപ്പോള്‍ അതിലും വ്യത്യാസം വന്നു . സന്തോഷം. ഈ വരും വര്‍ഷം കൈ നിറയട്ടെ എന്ന് സാരം . കൈ നിറയാന്‍ നീ തന്നെ അദ്ധ്വാനിക്കണം , എനിക്ക് അനുഗ്രഹിക്കാനെ കഴിയു എന്നര്‍ത്ഥം .

അടുത്തതായി സ്നാനാം . പ്രഭാതത്തില്‍ സ്നാനം കഴിഞ്ഞു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു ഒരു ക്ഷേത്ര ദര്‍ശനം. നിറഞ്ഞ സന്തോഷത്തോടുള്ള ആ പുണ്യ ദര്‍ശനം ഒരു പ്രത്യേക സുഖമല്ലേ. സുഹൃത്തുക്കളേ കാണം . വിഷു ആശംസിക്കാം. അന്യോന്യം ആശയങ്ങള്‍ പങ്കുവെക്കാം. ബദ്ധം പുതുക്കാം . പലരുടേയും ആശംസകള്‍ കൊണ്ടു പുതു വര്‍ഷം ധന്യമാകട്ടെ . തുടര്‍ന്നു പുതു വര്‍ഷത്തിലെ ആദ്യത്തെ വിഭവ സമൃദ്ധമായ സദ്യ . എന്താ വിഷു കേമം ആയില്ലേ . എങ്കില്‍ വര്‍ഷം മുഴുവന്‍ കെങ്കേമം തന്നെ . ഇനി നമുക്കു കാത്തിരിക്കാം അടുത്ത വിഷു പക്ഷിനാദം കേള്‍കുന്നതുവരെ. കണികൊന്ന പൂക്കുന്നതുവരെ . നീണ്ട ഒരു വര്‍ഷം.