Sunday, March 30, 2008

ശ്രാദ്ധം - ഒരു നിരാശ

ശ്രാദ്ധം - വര്‍ഷത്തില്‍ ഒരിക്കല്‍ പരേതന്‍െറ ആത്മാവിനെ ഓര്‍ക്കാനും ആദരിക്കാനും സംപ്രീതിപ്പെടുത്താനും കിട്ടുന്ന അവസരം. ഭാഗ്യം തന്നെയല്ലേ . അന്തരിച്ച മാസവും നാളും നോക്കി കര്‍മ്മം നടത്തുന്നു . ചിലര്‍ തിഥി നോക്കിയും ചെയ്യുമത്രേ . ഉത്തര ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ശ്രാദ്ധത്തിനായി ഒരു പ്രത്യേക മാസം തന്നെയുണ്ട്‌ . ശ്രാദ്ധ മാസം . ഈ മാസത്തില്‍ അവര്‍ പരേതന്‍െറ ആത്മാവിനായി കര്‍മ്മങ്ങള്‍ നടത്തുന്നു . നമ്മള്‍ കേരളത്തില്‍ അത് നല്ല രീതിയില്‍ തന്നെ നടത്തുന്നു. ശ്രാദ്ധം ഊട്ടി ഒരു നാക്കിലയില്‍ ചോറുരുള മുറ്റത്ത്‌ ചാണകം മെഴുകി ശെരിയാക്കിയ സ്ഥലത്തു കൊണ്ടു വെക്കുന്നു. കൈകൊട്ടി അറിയിക്കുന്നു. കാക്ക വന്നു അത് ഭക്ഷിച്ചു എങ്കില്‍ പരേതന്‍െറ ആത്മാവിനു തൃപ്തിയായി എന്നതിന്‍റെ ലക്ഷണമായി കരുതുന്നു. ശ്രാദ്ധം ഊട്ടുന്ന ആളിനും സംതൃപ്തി നല്കുന്നു.ജീവിച്ചിരിക്കുമ്പോള്‍ അന്യോന്യം സ്നേഹമുണ്ടായിരുന്നെങ്കില്‍ മാത്രമേ ഈ അവസ്ഥ സഫലീകരിക്കയുള്ളൂ.

ഇപ്പോള്‍ കൂട്ടുകുടുംബത്തിന്‍റെ കാലമാണല്ലോ. എല്ലാവരും അതീവ തിരക്കിലും. അപ്പോള്‍ മുടങ്ങാതെ ശ്രാദ്ധം ഊട്ടുന്നതും പ്രയാസം. ബുദ്ധീമാന്മാരായ മനുഷ്യര്‍ അതിനും പരിഹാരം കണ്ടെത്തി. കാശിയിലോ തിരുനെല്ലിയിലോ പോയി എന്നെന്നേക്കുമായി സമര്‍പ്പിക്കുക . പിന്നെ എല്ലാ വര്‍ഷവും ഈ ദിനം ആച്ചരിക്കെണ്ട്തില്ല . വാഹനങ്ങള്‍ക്ക്‌ ലൈഫ് ടൈം നികുതി അടക്കുന്നതുപോലെ . ഒന്നിച്ചു ഭാരം തീര്‍ക്കുക . തെറ്റില്ല അല്ലെ .

പക്ഷെ രാമു ഇത്തരത്തിലുള്ള ആളായിരുന്നില്ല. അവന്‍ തന്‍റെ പിതാവിന്‍റെ ആദ്യ വര്‍ഷ ശ്രാദ്ധം തികച്ചും ആചാരപരമായിതന്നെ ഊട്ടുവാന്‍ തീരുമാനിച്ചു . പക്ഷെ അവന്‍റെ ടൌണ്‍ ജീവിതത്തില്‍ വേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല . എങ്കിലും ഉള്ള സൌകര്യാര്‍ത്ഥം വീട്ടില്‍ വച്ചു തന്നെ ശ്രാദ്ധ ചടങ്ങുകള്‍ നടത്തി . മുറ്റത്തിന്‍റെ അഭാവത്താല്‍ പിണ്‍ഡ ഉരുള ഒരു നാക്കിലയില്‍ ആക്കി ടെറസ്സില് കൊണ്ടു വച്ചു മാറിനിന്നു .അമ്മയും ഉണ്ടായിരുന്നു . അഞ്ചുമിനിട്ടായി . കാക്ക വന്നില്ല . രാമു കുറച്ചു മുന്നോട്ടു ചെന്നു തപ്പോട്ടി 'കാ കാ ' എന്നുവിളിച്ചു . അധികം താമസിയാതെ ഒരു കാക്ക മുകളില്‍ വട്ടമിട്ടു . പിന്നെ കൊത്താതെ അടുത്ത വീട്ടിലെ ടെറസ്സിന്‍റെ ചുമരില്‍ ഇരിപ്പായി . ചോറുരുള ഭക്ഷിക്കുന്ന മട്ടില്ല . രാമുവിന്നു വിഷമം കൂടി . അവന്‍ അമ്മയോട് പറഞ്ഞു . അമ്മ അകത്തോട്ടു ചെല്ല് . പണ്ടും അച്ഛന്‌ ആഹാരം കഴിക്കുമ്പോള്‍ അമ്മ നോക്കി നില്‍ക്കുന്നത്‌ ഇഷ്ടമായിരുന്നില്ല . അമ്മ മൌനാനുസരണം അകത്തേക്ക്‌ പോയി .

രാമു വീണ്ടും കൈകൊട്ടി വിളിച്ചു 'കാ കാ കാ ' കാക്ക മെല്ലെ മെല്ലെ ടെറസ്സിന്‍റെ മുറി ചുമരില്‍ ഇരുന്നു . ചുറ്റും നോക്കി . പിന്നെ മെല്ലെ ചോറുരുളക്കുമേല്‍ വട്ടമിട്ടു പറന്നു. ഉറ്റു നോക്കി . കൊത്തുമോ എന്ന് തോന്നി . പക്ഷെ പിന്‍മാറി. വീണ്ടും പറന്നുചെന്നു അടുത്ത വീടിന്‍റെ ചുമരില്‍ ഇരിപ്പുറപ്പിച്ചു.

ഇതെല്ലം വീക്ഷിച്ചിരുന്ന അടുത്ത വീട്ടിലെ ഒരു യുവാവ് ഒരു വലിയ വടിയുമായി പുറത്തിറങ്ങി . രാമു അറിയാതെ വിളിച്ചു പറഞ്ഞു .വേണ്ട അതെന്റെ അച്ഛനാണ് " ഉരുളക്കു ഉപ്പേരി പോലെ മറുവടി വന്നു .അറിയാം നിന്റെ തന്തെക്കെന്താ ഇവിടെ കാര്യം? ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ട് - രാമു ഓര്‍ത്തു . അച്ഛന്‍ ജീവനോടെ ഇരിക്കെ ഒരു ലേശം സ്നേഹത്തിനു വേണ്ടി, മഴ കാത്തിരിക്കുന്ന വേഴാംബലിനെപോലെ കേണപ്പൊള്‍ ഞാനും അമ്മയും അത് തീരെ ഗൌനിച്ചില്ല . എന്തിനെന്നും എന്തുകൊണ്ടെന്നും അവനറിയില്ല . സന്താപ നിര്‍ഭരമായ അവസരങ്ങളില്‍ അച്ഛന്‍ അടുത്ത വീട്ടില്‍ ചെല്ലും . കരുണാപുരിതമായ വാക്കുകളോടെ അച്ഛനെ അവര്‍ സ്വാന്തനപ്പെടുത്തും. ഈ രീതി തുടര്‍ന്നപ്പോള്‍ എനിക്കും അമ്മയ്ക്കും വാശി കൂടി . അച്ഛന്റെ അടിക്കടി ഉള്ള സന്ദര്‍ശനം
അവര്‍ക്കും പതിയെ മടുപ്പായി . അവരുടെ വാക്കുകളില്‍ സ്വാന്തനത്തിന്റെ സ്വരം കുറഞ്ഞു . വാക്കുകളില്‍ അതൃപ്തി പ്രകടമായി . പിന്നീട് സന്ദര്‍ശനം തന്നെ അവര്‍ക്ക് രസിക്കാതയി . അധികം താമസിയാതെ അത് സംഭവിച്ചു . ആകസ്മികമായി ആ വീട്ടിലെ ഒരു യുവാവിന്റെ വടി കൊണ്ടു തന്നെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു. കൃത്യം ഒരു വര്‍ഷം മുമ്പു ഇതേ ദിവസം .

പക്ഷെ ഇന്നു വടി പൊക്കും മുമ്പുതന്നെ കാക്ക രക്ഷപ്പെട്ടു . ആ ആത്മാവ് ഗതിയില്ലാതെ പറന്നു കൊണ്ടിരുന്നു . സ്നേഹ നിര്‍ഭരമായി ഉരുട്ടിയെടുത്ത ചോറുരുള അനാഥമായി . ഓര്‍ത്തപ്പോള്‍ രാമുവിന്റെ നയനങ്ങള്‍ നിറഞ്ഞു . ആ ചുടുബാഷ്പം കുടുകുടാ ഉരുണ്ട് ഇറങ്ങി . കണ്ടു നിന്ന അമ്മ അവനെ മാറോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു . സാരമില്ല . സ്വന്തം ഭര്‍ത്താവിന്റെ കണ്ണ് നീരോപ്പാത്ത ആ സ്ത്രീ തന്‍റെ സാരി തുമ്പ് കൊണ്ടു മകന്റെ കണ്ണീര്‍ ഒപ്പി . രാമുവിന്റെ നെറുകില്‍ രണ്ടു തുള്ളി ചുടുബാഷ്പം വീണു . അവന്‍ അമ്മയുടെ മുഖത്തേക്കു നോക്കി . ആ കണ്ണുകള്‍ നനഞ്ഞിരുന്നു . രാമു നിഷ്കളങ്കമായി മൊഴിഞ്ഞു . വൈകിപ്പോയി . വളരെ വളെരെ . തന്‍റെ കൈകൊണ്ടു അമ്മയുടെ കണ്ണീര്‍ തുടച്ചു മാറ്റി . അനര്‍ഹമെങ്കിലും തല്‍കാലം ആശ്വാസത്തിന്റെ ഒരു കാറ്റു വീശി . രാമു തീരുമാനിച്ചു . അടുത്ത ശ്രാദ്ധം തിരുനെല്ലിയില്‍ ആവാം .
























1 comment:

azeez said...

രാധാകൃഷ്ണന്‍ ശ്രാദ്ധം വായിച്ചു.കുറെ ചിരിച്ചു.അടുത്തിരുന്ന സായിപ്പു വല്ലാതെ നോക്കി. നല്ല നര്‍മം ഉണ്ട്
azeez from canada