Wednesday, March 26, 2008

ഒരോര്‍മ്മ

മധുരിക്കും ഓര്‍മകള്‍ മെല്ലെ മെല്ലെ

ആധിയായ് മാറുവാന്‍ എന്ത് മൂലം

പ്രാരംഭ ജീവിത കൂരയിപ്പോല്‍

ആരാന്‍െറ കയ്യില്‍ ചെന്നെത്തിയില്ലേ

മണ്‍കൂരയാണെലും ഓലമേഞ്ഞു

വയ്ക്കോല്‍ വിതറിയാല്‍ ആനച്ചന്തം

അഷ്ടിക്കു കഷ്ടിയായ് കേഴുന്നേരം

കഷ്ടമാം വാര്‍ഷിക മേച്ചിലെന്നും

പെണ്ണുങ്ങള്‍ ചെപ്പുകുടവുമേന്തി

പാടത്തും ക്ഷേത്ര കിണറും തേടി

പാടുപെട്ടാണെലും മെല്ലെ മെല്ലെ

ഓടിട്ട വീടും കിണറും ആയി

ആമുഖം പശ്ചിമം നെല്‍വയലും

കോമള ദൃശ്യം അങ്ങ് ഓര്‍ത്ത്‌ പോകും

അങ്ങ് പടിഞ്ഞാറ് സന്ധ്യാ ദീപം

പാടില്ല എങ്കിലും കണ്ടുപോകും

സ്വസ്ഥമായ് പശ്ചിമേ കണ്ണ് നട്ടാല്‍

അസ്തമയത്തിന്‍െറ ഭംഗി കാണാം

പു‌മുഖ തിണ്ണയില്‍ വിശ്രമിക്കെ

പുണ്യ വയലിന്‍െറ കാറ്റു കൊള്ളാം

എത്ര മനോഹരം തൊട്ടടുത്ത

ക്ഷേത്രവും ക്ഷേത്ര കുളവും എല്ലാം

കാലത്തും സന്ധ്യക്കും ശംഖുനാദം

മാല നൈവേദ്യം ത്രികാല പൂജ

പൂജക്കിടക്കയും കൊട്ടും പാട്ടും

യോജിച്ച പാണി ശീവേലികൊട്ടും

കഞ്ഞിക്ക് പഞ്ഞമായ് കേഴുന്നേരം

വെള്ള നിവേദ്യത്തിന്‍ സ്വാദ് കൂടും

കര്‍ക്കിട കഞ്ഞി തിരുവോണ സദ്യ

ഓര്‍ക്കുവാന്‍ മാത്രമായ്‌ തീര്‍ന്നു കഷ്ടം

ഗോപുര മുറ്റത്ത് അമ്മാവന്‍ നട്ട

ആലില കാറ്റില്‍ വിറച്ചു തുള്ളി

മുറ്റത്തെ പുഷ്കര മുല്ല പൂത്താല്‍

ഒറ്റ കുടം വെള്ള പുഷ്പമേകും

മുറ്റത്തെ മൂവാണ്ടന്‍ പു‌ത്തുനിന്നാല്‍

ഉറ്റു നോക്കുന്നവര്‍ ഏറെ കാണും

വീട്ടു വളപ്പിലെ വാളന്‍ പുളി

ഒട്ടേറെ വീഴും ഇടവഴിയില്‍

കുട്ടികള്‍ ഞങ്ങള്‍ അങ്ങോടിയെത്തും

ഒട്ടേറെ കാലത്തെടുതുപോരും

വീട്ടു വളപ്പിലെ വൃക്ഷങ്ങളില്‍

ഒട്ടിപ്പിടിക്കും കുരുമുളകും

കാലങ്ങള്‍ക്ക് ഒത്തു ഫലങ്ങള്‍ നല്‍കും

ചേലൊത്ത മാവ് പിലാവ് തെങ്ങ്

മുക്കാലിക്കുള്ളില്‍ തിരി കയറ്റി

എണ്ണയില്‍ കത്തുന്ന ഗ്ലാസ് വിളക്ക്

വൈദ്യുതി ഇല്ലാത്ത കാല മല്ലേ

മണ്ണെണ്ണ കിട്ടിയാല്‍ റാന്തല്‍ കത്തും

വീട്ടില്‍ കിഴക്കീന്നു ചൂളം കേള്‍ക്കാം

തെക്ക് വടക്കോടും വണ്ടി തന്‍റെ

നോക്കുവാന്‍ മറ്റൊരു വാച്ചു വേണ്ട

കൃത്യമായ്‌ ഓടുന്ന വണ്ടി പോരെ

പ്രകൃതി സൌന്ദ്യര സമൃദ്ധി ഏറും

മാതൃ ഗൃഹത്തിന്നും കണ്ണ് തട്ടി

പാര്‍ക്കും ജനം ധനം കമ്മിയായി

മേല്‍കൂര മെല്ലെ പൊളിച്ചു മാറ്റി

വീടിന്‍റെ രക്ഷക സ്വര്‍ഗസ്തയായ്

കാടും പടലും ചിതലുമായി

രക്ഷിക്കാന്‍ ആരും വന്നെത്തിയില്ല

മാതൃഭവനം കൈവിട്ടുപോയി

സാഹചര്യങ്ങള്‍ വിപരീതമാകെ

സാഹസം കാട്ടീല സ്വന്തമാക്കാന്‍

എങ്ങിനെ തട്ടി ഞാന്‍ മാറ്റിയാലും

പൊങ്ങിവരും ഭൂതകാല ചിത്രം


1 comment:

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!