Sunday, August 19, 2012

കര്‍ക്കിടകം കര്‍ക്കശം

കര്‍ക്കിടം വരുന്നേരം സംക്രാന്തി ദിനം തന്നെ
വര്‍ക്കത്തായ്  വൃത്തിയാക്കി ചേട്ടകള്‍ കളയുന്നു
അര്‍ക്കനുദിച്ചങ്ങു കര്‍ക്കിടാരംഭം പൂണ്ടാല്‍
ഓര്‍ക്കുന്നു തരുണികള്‍ ദശപുഷ്പങ്ങള്‍ ചൂടാന്‍

പത്തുനാള്‍ അനുദിനം ഭക്ഷണ ക്രമത്തോടെ
പത്തില കറികളും ഭുജിപ്പൂ ജാഗ്രതയോടെ
മൊത്തത്തില്‍ ചിട്ടയായി  ആ ദരിച്ചീടുന്നേരം
ചിത്തത്തില്‍ ഭവ്യതയങ്ങൂറാതിരിക്കുമോ

രാമായണ മാസം നാമവും നല്‍കീ പിന്നെ
പാരായണം ചെയ്‌വൂ   നിത്യവും രാമായണം
ശ്രീരാമ നാമം ചൊല്ലി നാലമ്പലങ്ങള്‍ ചുറ്റി
വരുന്നൂ ഭക്തര്‍ ചിലര്‍ ചാരിതാര്‍ത്ഥ്യത്തോടെ

ഔഷധ കഞ്ഞിയും സൌഖ്യ ചികിത്സയുമാകാം
ഉഷാറാക്കാം ദേഹം ആരോഗ്യം ആര്‍ജിച്ചീടാം
ദോഷമില്ലതിനൊന്നും, കര്‍ക്കിടം അത്യുത്തമം
ദോഷചിന്തകളില്ലാ വേണ്ടാ മറ്റൊരു മാസം

ഔഷധ കഞ്ഞിയിപ്പോള്‍ കര്‍ക്കിട കഞ്ഞിയായി
ദോഷമില്ലാതെന്നും സേവിക്കാം എന്നാകിലും
 വര്‍ഷിക്കും പേമാരിയെ സ്വാഗതം ചെയ്യുന്നതും
ഔഷധം സേവിക്കുവാന്‍ അത്യുത്തമമത്രേ

ഗജവീരന്മാര്‍ക്കിപ്പോള്‍ വിശ്രമം നല്‍കുന്നേരം
ഊര്‍ജ്ജത്തെ നല്‍കും വണ്ണം ഔഷധമേകീടുന്നു
ആര്‍ജവത്തോടെ കാണും കര്‍ക്കിട മാസത്തിലെ
ഉജ്ജ്വലമാക്കീടുന്നീ പ്രക്രിയ മനോഹരം

ഓര്‍ക്കുന്നു പിതൃക്കളെ തര്‍പ്പണം ചെയ്തീടുന്നു
കര്‍ക്കിട മാസത്തിലെ കറുത്ത വാവതു വന്നാല്‍
ഓര്‍ക്കുന്നില്ലതു നേരം,  വേണ്ടാ  കര്‍ക്കിടമാസം
ഓര്‍ക്കുവാന്‍  പി തൃക്കളെ, നല്ല പ്രക്രിയയല്ലേ

കള്ള കര്‍ക്കിടകം എന്നോതുന്നു എന്നാകിലും
ഉള്ളത്തിലില്ലാ ഭയം നിറ പുത്തിരി ചെയ്യാന്‍
കൊള്ളത്തില്ലീ മാസം നല്ല കാര്യങ്ങള്‍ക്കെന്നു
പൊള്ളയായൊരു ചിന്തയല്ലെന്നു ചൊല്ലീടാമോ

വാദ്യക്കാര്‍ ചിലരവര്‍ വിശ്രമത്തോടൊപ്പം തന്നെ
ഹൃദ്യമായരോഗ്യത്തിന്‍  ചികിത്സകള്‍ തേടുന്നില്ലേ
വാദ്യക്കാര്‍ ചിലരവര്‍ സാതകം ചെയ്തീടുന്നു
 വാദ്യ  വിദ്യയെ തേടി ശിഷ്യന്മരെത്തീടുന്നു

പഞ്ഞമുള്ലോര്‍ക്കെന്നും പഞ്ഞമാണെന്നാങ്കിലും
പഞ്ഞമെന്നോതുന്നത്രെ കര്‍ക്കിട മാസത്തിനെ
പഞ്ഞമാം കഞ്ഞിക്കെങ്കില്‍ കര്‍ക്കിട ഭേദമുണ്ടോ
പഞ്ഞമായ് താണ്ടുന്നവര്‍ ദ്വാദശ മാസങ്ങളും

കര്‍ക്കിട മാസത്തിനെ കര്‍ക്കശമാക്കുന്നെന്തേ
ഓര്‍ക്കുമ്പോള്‍ ആശ്ചര്യവും ദുഃഖവും തോന്നുന്നില്ലേ
ആര്‍ക്കുമില്ലിഷ്ടം തെല്ലും ശുഭ കാര്യങ്ങള്‍ ചെയ്യാന്‍
കര്‍ക്കിട ശേഷമാകാം എന്നൊരു ചൊല്ലു മാത്രം

നന്മകളേകീടുന്ന  കര്‍ക്കിടക മാസത്തിന്നു
ജന്മദോഷം കൊണ്ടാവാം നാമ ദോഷവും വന്നു
കന്മഷ പൂര്‍വ്വം ജനം ക്ഷമിച്ചോണ്ടിരിക്കവേ
നന്മയേറും ചിങ്ങ മാസത്തിന്‍  പുലരിയായ്‌

പുതു വര്‍ഷപുലരിയില്‍ ആഹ്ലാദമുയരുന്നു
പുതിയ സംരഭങ്ങള്‍ നാമ്പിട്ടു തുടങ്ങുന്നു
പുതിയ പ്രത്രീക്ഷകള്‍ സാഫല്യമേകീടുന്നു
പുതിതായ്‌ പല പല മോഹങ്ങളൂറീ ടുന്നു

പൊന്നോണവും തുടര്‍ന്നായില്യവും വന്നു
പിന്നീടു നവരാത്രി തുടര്‍ന്നു ദീപാവലി
വന്നു മണ്ഡലകാലം വഴിയെ തിരുവാതിര
പിന്നീടു സംക്രാന്തിയും  ശിവരാത്രിയും  വിഷു

ഉത്സാഹത്തോടെ വരും വിശേഷ ദിനങ്ങളും
ഉത്സവങ്ങളും പിന്നെ ആഘോഷങ്ങളുമെല്ലാം
മത്സര രഹിതരായ്‌ ജനം  നീട്ടുന്നു വിശേഷങ്ങള്‍
വാത്സല്യത്തോടെ വീണ്ടും കര്‍ക്കിടം വരുന്നേരം














No comments: